ഷുഹൈബിന്റെ ജീവനെടുത്തത് ഈ ആയുധമോ? വെട്ടിയാൽ അസ്ഥികൾ തകരും; തുന്നിക്കെട്ടാൻ സാധ്യമാകാത്ത മുറിവേൽക്കും

Web Desk
Posted on February 22, 2018, 10:33 am

ഇരിട്ടി (കണ്ണൂർ): മാമ്പറത്തുനിന്ന് അ‍ഞ്ചുദിവസം മുൻപു ബോംബിനൊപ്പം കണ്ടെത്തിയ പ്രത്യേകതരം ആയുധം അതിമാരകമെന്നു പൊലീസ്. ഇരയ്ക്ക് മാരകമായ മുറിവുകള്‍ ഉറപ്പാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ആയുധങ്ങളുടെ നിര്‍മാണം. പുത്തന്‍ ആയുധങ്ങളുടെ വരവോടെ വടിവാളുകള്‍ കളം വിട്ടെന്നാണ് സൂചനകള്‍. വെട്ടിയാൽ ഗുരുതരമായി മുറിവേൽക്കുകയും അസ്ഥികൾ തകരുകയും ചെയ്യും. തുന്നിക്കെട്ടാൻ പോലും സാധ്യമാകാത്ത വിധത്തിലായിരിക്കും ഈ ആയുധം കൊണ്ട് മുറിവേറ്റ ഇരയുടെ അവസ്ഥ.

ബൈക്കിന്റെ ചെയിൻ സോക്കറ്റിന്റെ ഭാഗമായുള്ള പൽചക്രം പകുതി മുറിച്ചു സ്റ്റീൽ പൈപ്പിൽ വിളക്കി പിടിപ്പിച്ച നിലയിലുള്ളതാണ് പുതിയ തരം ആയുധങ്ങൾ. ഇത്തരം ആയുധങ്ങളുടെ നിര്‍മാണത്തിനായുള്ള വസ്തുക്കള്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴികൊടുക്കാതെ എത്തിക്കാന്‍ പറ്റുമെന്നതും അക്രമികളെ ആയുധങ്ങളുടെ കാര്യത്തില്‍ പുത്തന്‍ ഗവേഷണത്തിന് പ്രേരിപ്പിക്കുന്നതായാണ് സൂചനകള്‍. ഇവ നിര്‍മിക്കാനും ഏറെ ചെലവില്ലെന്നതും അക്രമികളെ ഇത്തരം ആയുധങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്നു.

കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഷുഹൈബിനെ വെട്ടിയതും ഇതേപോലെയുള്ള ആയുധം ആകാമെന്നും സംശയമുണ്ട്. പിന്നോട്ട് വളഞ്ഞ വാളുകള്‍ കൊണ്ടാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടതെന്ന് ഷുഹൈബിനൊപ്പം ആക്രമിക്കുപ്പെട്ട നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.