തിരക്കനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നല്‍ സംവിധാനം

26 കോടിയുടെ പദ്ധതിയുമായി കെൽട്രോൺ
Web Desk

തിരുവനന്തപുരം

Posted on September 21, 2020, 10:15 pm

കൊച്ചി നഗരത്തില്‍ തിരക്കനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനം ഒരുക്കി കെല്‍ട്രോണ്‍. സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ടെക്നോളജി ബേയ്സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) കെല്‍ട്രോണ്‍ ഒരുക്കിയത്. അഞ്ച് വര്‍ഷത്തെ പരിപാലനവും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനമുള്‍പ്പെടെ 26 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കിയത്. ട്രാഫിക്ക് സിഗ്നല്‍ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎംഎസ് സഹായിക്കും. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമാണ് ഐടിഎംഎസ്.

റോഡിലെ വാഹനത്തിരക്ക് കണക്കാക്കി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍, കാല്‍നടക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്മെന്റ്, നിരീക്ഷണ കാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സജ്ജമാക്കിയത്. വാഹനങ്ങള്‍ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ഥ പരിഗണന നല്‍കിയാണ് വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുക. റഡാര്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നല്‍ സമയം ക്രമീകരിക്കും. കൊച്ചി നഗരസഭാ പരിധിയിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നലുകള്‍ സ്ഥാപിച്ചത്.

സെന്‍ട്രല്‍ കണ്‍ട്രോള്‍ സിസ്റ്റം വഴി ഐടിഎംഎസ് സ്ഥാപിച്ച ജംഗ്ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തില്‍ നിന്ന് നടത്താനാകും. മുഴുവന്‍ കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ കാണാനും ആവശ്യമായ പരിഷ്കരണങ്ങള്‍ നടത്താനും ഇതിലൂടെ കഴിയും. വിഐപി സന്ദര്‍ശന വേളകളിലും മറ്റും പൊലീസിനെ വിന്യസിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥിതിക്ക് ഇതോടെ പരിഹാരമാകും. ഗതാഗത നിയമ ലംഘകരെ കണ്ടെത്താനും റെഡ് ലൈറ്റ് ലംഘകരെ പിടിക്കാനും നഗരത്തിലെ 35 കേന്ദ്രങ്ങളില്‍ നവീന കാമറകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്കാകും. റവന്യൂ ടവറില്‍ ഒരുക്കുന്ന കണ്‍ട്രോള്‍ സെന്ററില്‍ ഗതാഗതം നിരീക്ഷിക്കും. നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സൗകര്യമുണ്ട്.

Eng­lish summary;new traf­fic sys­tem

You may also like this video;