Tuesday
19 Mar 2019

പശ്ചിമഘട്ടത്തില്‍ നിന്ന് രണ്ട് പുതിയ ചെടികള്‍

By: Web Desk | Friday 15 March 2019 10:31 PM IST


മലപ്പുറം: സസ്യകുടുംബത്തിലേക്ക് ദക്ഷിണ പശ്ചിമഘട്ട മേഖലയില്‍ നിന്ന് രണ്ട് പുതിയ ചെടികള്‍ കൂടി. ഇടുക്കി ജില്ലയിലെ മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തില്‍ നിന്നാണ് പുതിയ ചെടികളുടെ കടന്നുവരവ്. പുഷ്പിത സസ്യങ്ങളെക്കുറിച്ചു പഠനം നടത്തിവരുന്ന കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം മേധാവി പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകന്‍ ഓച്ചിറ സ്വദേശി എസ് ശ്യാംരാധ് എന്നിവരാണ് പുതിയ രണ്ട് സസ്യങ്ങളെ കണ്ടെത്തിയത്. കുരുമുളക്, വെറ്റില, തിപ്പലി എന്നിവയുള്‍പ്പെടുന്ന സസ്യകുടുംബത്തിലെ (പൈപ്പറേസിയെ) പെപ്പറോമിയ ജനുസ്സിലുള്‍പ്പെട്ടതാണാദ്യത്തെ സസ്യം.

ഇതിന് പെപ്പറോമിയ ഏകകേസര എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഈ ജനുസില്‍പ്പെട്ട മറ്റുചെടികളില്‍ നിന്നും വ്യത്യസ്തമായി ഒരു കേസരം മാത്രമാണുള്ളത്. ഈ സവിശേഷതയാണ് ഏകകേസര എന്ന പേരിനു കാരണം.

മലാസ്റ്റമറ്റസിയെ സസ്യകുടുംബത്തില്‍പ്പെട്ട കായാമ്പൂവിന്റെ ജനുസ്സിലുള്‍പ്പെടുന്നതാണ് (മെമിസിലോണ്‍) രണ്ടാമത്തെ ചെടി. കേരളത്തില്‍ ഈ ജനുസ്സില്‍ കാണുന്ന മറ്റു ചെടികളില്‍ നിന്നും വ്യത്യസ്തമായി വെള്ളനിറമുള്ള തണ്ടില്ലാത്ത മനോഹരമായ പൂങ്കുലകളാണ് ഉള്ളത്. ഈ സസ്യത്തിന് മെമിസിലോണ്‍ ഇടുക്കിയാനം എന്നാണ് പേരുകൊടുത്തിരിക്കുന്നത്. പെപ്പറോമിയ ഏകകേസരയുടെ പഠനഫലം ന്യൂസിലന്‍ഡില്‍നിന്നും പ്രസിദ്ധീകരിക്കുന്ന സസ്യ വര്‍ഗ്ഗീകരണ ജേണലായ ഫൈടോടാക്സ്സയുടെ ഓഗസ്റ്റ് ലക്കത്തിലും മെമിസിലോണ്‍ ഇടുക്കിയാനത്തിനെക്കുറിച്ചുള്ളത് ഇംഗ്ലണ്ടിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ക്യൂ ബുള്ളറ്റിന്റെ പുതിയ ലക്കത്തിലും ഇടം നേടിയിട്ടുണ്ട്.