24 April 2024, Wednesday

Related news

February 5, 2024
October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023

പുതിയ സംരംഭങ്ങൾ, ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി എൻ വാസവൻ

Janayugom Webdesk
തിരുവനന്തപുരം
August 19, 2021 4:35 pm

ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് സഹകരണം രജിസ്ട്രേഷൻ മന്ത്രി വി. എൻ. വാസവൻ. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി തീരുമാനിച്ച വനിതാ സംരംഭകത്വം സഹകരണ ബാങ്കുകളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്ത് സഹകരണ സംഘങ്ങൾക്കായി പുതിയ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ കൈമാറുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള പുതിയ സംരംഭകത്വങ്ങളാണ് പത്ത് വനിതാ സഹകരണ സംഘങ്ങളിൽ ആരംഭിച്ചത്. ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തിൽ നടന്ന ചടങ്ങ് മന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് സംരംഭക മേഖലയിൽ മികച്ച മുന്നേറ്റമാണ് വനിതകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം ലാഭവിഹിതത്തിൽ നിന്നും നിന്നും നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വായ്പകൾ തിരിച്ചടയ്ക്കുന്നതിനും പ്രവർത്തനങ്ങൾക്കായി നൽകുന്ന പണം കൃത്യമായി വിനിയോഗിക്കുന്നതിലും വനിതകൾ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ സഹകരണ സംഘങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിതരണം ചെയ്തതോടെയാണ് പൊതു വിപണിയിൽ ഇവയുടെ വില കുറഞ്ഞത്. സഹകരണ മേഖലയും പൊതുമേഖലയും നടത്തുന്ന ഇടപെടലാണ് സാധാരണക്കാർക്ക് സഹായമാകമാകുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ പൾസ് ഓക്സിമീറ്ററിന് 3000 രൂപയായിരുന്നു സ്വകാര്യ കമ്പനികൾ ഈടാക്കിയിരുന്നത്. സഹകരണ സംഘങ്ങൾ ആദ്യം 1200 രൂപയ്ക്കും പിന്നീട് 500 രൂപയ്ക്കും നൽകി. ഇതോടെ പൊതുവിപണിയിലും വിലകുറഞ്ഞു. 1200 രൂപ ഈടാക്കിയിരുന്ന പിപിഇ കിറ്റുകൾ ഇപ്പോൾ 200 രൂപയ്ക്കു ലഭിക്കും. ഇതും സഹകരണ മേഖലയിലെ സംരംഭകത്വങ്ങളുടെ ഇടപെടലുകളെ തുടർന്നാണ്.

സംസ്ഥാനത്തെ വിവിധ മേഖലകളിൽ സഹകരണ മേഖലയുടെ ഇടപെടലുകൾ വ്യാപിക്കുകയാണ്. സമൂഹത്തിലെ സാധാരണക്കാരന്റെ ഉന്നമനം ലക്ഷ്യം വച്ചുള്ള ഈ ഇടപെടലുകൾ വലിയ നേട്ടങ്ങൾ സൃഷ്ടിക്കും. വരും ദിവസങ്ങളിൽ യുവാക്കളുടെ സഹകരണ സംഘങ്ങൾ ഉദ്ഘാടനം ചെയ്യും. അവരുടെ ഇടപെടലുകൾ പുത്തൻ ദിശാബോധം നൽകും. നെൽകർഷകരുടെ സഹകരണ സംഘങ്ങൾ സംഭരണവും വിതരണവും കൂടി വ്യാപമാക്കുന്നതോടെ ഈ മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്നും മന്തി പറഞ്ഞു. ടി. പി. രാമകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷനായ ചടങ്ങിൽ വിവിധ സഹകരണ സംഘം ഭാരവാഹികൾ, സഹകാരികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

തിരുവനനന്തപുരം ജില്ലയിൽ ബാലരാമപുരം വനിതാ സഹകരണ സംഘം (മാസ്ക് നിർമ്മാണ യൂണിറ്റ്), പത്തനംതിട്ട തുവയൂർ നോർത്ത് വനിതാ സഹകരണ സംഘം (മാസ്ക്, ക്യാരിബാഗ്), കോട്ടയം ചങ്ങനാശേരി മുൻസിപ്പൽ വനിതാ സഹകരണ സംഘം (ക്യാരി ബാഗ്, മാസ്ക്), എറണാകുളം കോതമംഗലം വനിതാ സഹകരണ സംഘം (മാസ്ക്, ക്യാരി ബാഗ്, സാനിറ്റൈസർ), തൃശ്ശൂർ മുണ്ടത്തിക്കോട് വനിതാ സഹകരണ സംഘം (പിപിഇ കിറ്റ്, സാനിറ്റൈസർ), പാലക്കാട് തൃക്കടീരി പഞ്ചായത്ത് വനിതാ സഹകരണ സംഘം (മാസ്ക്, പിപിഇ കിറ്റ്, ടെയ്ലറിംഗ് യൂണിറ്റ്), മലപ്പുറം പത്തപ്പിരിയം വനിതാ സഹകരണ സംഘം (സാനിറ്റൈസർ, ഹാൻഡ് വാഷ്) കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സർവീസ് സഹകരണ സംഘം (സാനിറ്റൈസർ, മാസ്ക്), കണ്ണൂർ പരിയാരം വനിതാ സർവീസ് സഹകരണ സംഘം (മാസ്ക്, ഹാൻഡ് വാഷ്, ക്യാരിബാഗ്, പിപിഇ കിറ്റ്) കാസർഗോഡ് മടിക്കൈ വനിതാ സർവീസ് സഹകരണ സംഘം (സാനിറ്റൈസർ, മാസ്ക്) തുടങ്ങിയ സംഘങ്ങൾക്കാണ് ഇന്നലെ ധനസഹായം നൽകുന്നത്.

Eng­lish Sum­ma­ry: New ven­tures, gifts for women dur­ing Onam: Min­is­ter VN Vasavan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.