സെയ്‌കോയുടെ പുതിയ വാച്ച് ശ്രേണി

Web Desk
Posted on August 13, 2019, 2:17 pm

ബെംഗളൂരു : ഘടികാര നിര്‍മാണരംഗത്ത് ഒരു നൂറ്റാണ്ടിലേറെയായ പാരമ്പര്യമുള്ള ജാപ്പനീസ് കമ്പനി സെയ്‌കോ (ടലശസീ) പുതിയ റിസ്റ്റ് വാച്ച് ശ്രേണിയെ അവതരിപ്പിച്ചു. സെയ്‌കോ ഫൈവ് സ്‌പോര്‍ട്‌സ് എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ സെപ്റ്റംബറില്‍ വില്‍പ്പനയ്‌ക്കെത്തും. ഏകദേശ വില 22,500 രൂപ മുതല്‍ 27,300 രൂപ വരെയാണ്.
1963 ല്‍ സെയ്‌കോ പുറത്തിറക്കിയ സ്‌പോര്‍ട്മാറ്റിക് എന്ന ജപ്പാനിലെ ആദ്യ ഓട്ടോമാറ്റിക് ഡേ ഡേറ്റ് വാച്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ബാഹ്യരൂപകല്‍പ്പനയാണ് ഫൈവ് സ്‌പോര്‍ട്‌സിന്.

ഓട്ടോമാറ്റിക് മൂവ്‌മെന്റ്, ഡയലില്‍ മൂന്ന് മണി രേഖപ്പെടുത്തിയിരിക്കുന്നതിനു സമീപമുള്ള ഡേ ഡേറ്റ് ഡിസ്‌പ്ലേ, വാട്ടര്‍ റസിസ്റ്റന്‍സ്, നാല് മണി സ്ഥാനത്തിനു അടുത്തായുള്ള സമയം ക്രമീകരിക്കാനുള്ള ഉപാധി, ഈടുറ്റ പുറംചട്ട എന്നീ അഞ്ച് സവിശേഷതകള്‍ സൂചിപ്പിക്കുന്നതാണ് റിസ്റ്റ് വാച്ചിന്റെ പേരിനോടൊപ്പമുള്ള ഫൈവ് എന്ന അക്കം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യത ഉറപ്പാക്കിയ മെക്കാനിക്കല്‍ വാച്ചിന് സ്‌പോര്‍ട്‌സ്, സ്യൂട്ട്‌സ്, സ്‌പെഷലിസ്റ്റ്, സ്ട്രീറ്റ്, സെന്‍സ് എന്നീ അഞ്ച് വകഭേദങ്ങളുണ്ട്.

1969 ല്‍ ലോകത്തിലെ ആദ്യ ക്വാട്‌സ് വാച്ചും 2012 ല്‍ ആദ്യ ജിപിഎസ് സോളാര്‍ വാച്ചും പുറത്തിറക്കിയ കമ്പനിയാണ് സെയ്‌കോ. ബെംഗളൂരു ആസ്ഥാനമായാണ് സെയ്‌കോയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. രാജ്യത്തെ പ്രീമിയം വാച്ച് വിപണിയില്‍ വന്‍ വില്‍പ്പന വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ് ഈ ജാപ്പനീസ് ബ്രാന്‍ഡ്.