Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
ജയശ്ചന്ദ്രൻ കല്ലിംഗൽ

(ജനറല്‍ സെക്രട്ടറി, ജോയിന്റ് കൗണ്‍സില്‍)

July 21, 2021, 4:09 am

ഭരണ നിർവഹണത്തിന്റെ പുതുവഴി

Janayugom Online

ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച ശ്രദ്ധേയമായ ചില ഇടപെടലുകളിലൂടെ പുതുചരിത്രം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളുമാണ് ഭരണതുടർച്ചയ്ക്ക് കാരണമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനങ്ങളും മികച്ച ഏകോപനവുമാണ് മാതൃകാഭരണം കാഴ്ചവയ്ക്കുവാൻ കരുത്തായത്. കൃത്യമായ അവലോകന യോഗങ്ങളിലൂടെ ഉദ്യോഗസ്ഥരുടെ കഴിവിനെയും അറിവിനെയും ക്രിയാത്മകമായി ഉപയോഗിച്ചതുകൊണ്ടു കൂടി ഉണ്ടായ നേട്ടമായിരുന്നു അത്. അതിന്റെ തുടർച്ച ആരംഭത്തിൽ തന്നെ രണ്ടാം ഇടതുപക്ഷ സർക്കാരിലും കാണാനാകുന്നു.

ഭരണനിർവഹണത്തിൽ ഏകോപനത്തിന് ഏറെ പ്രാധാന്യമുണ്ട്. വകുപ്പുകളുടെ ഏകോപനം മാത്രമല്ല ഓരോ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും വിലയേറിയതാണ്. അത് കേവലമായ എഴുത്തുകുത്തുകളിലൂടെ ഫലപ്രാപ്തിയിലെത്തില്ല. സാധ്യമായ സമയങ്ങളിൽ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്. ഇത്തരം ചർച്ചകളിലൂടെ മാത്രമേ സാർത്ഥകമായ ഭരണനിർവഹണം സാധ്യമാകൂ എന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. സംവാദങ്ങളിലൂടെ സൃഷ്ടിക്കുന്ന സുതാര്യതയാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് എന്നതും പ്രസക്തമാണ്. റവന്യു സെക്രട്ടേറിയറ്റ് എന്ന ആശയത്തിലൂടെ ഭരണനിർവഹണത്തിൽ ഏകോപനവും സംവാദവും സൃഷ്ടിക്കുന്ന അറിവുകളെ സ്വാംശീകരിക്കുകയാണ് റവന്യു- ഭവന നിർമ്മാണ വകുപ്പുമന്ത്രി അഡ്വ. കെ രാജൻ. ഇത് ഭരണനിർവഹണത്തിന്റെ പുതുവഴിയായി ചരിത്രം രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

റവന്യുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ആഴ്ചയിൽ ഓരോ ദിവസവും ഒന്നിച്ചിരുത്തി വകുപ്പ് കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് രൂപീകരിച്ചതാണ് റവന്യു സെക്രട്ടേറിയറ്റ്. ജനാധിപത്യ ഭരണസംവിധാനത്തിൽ മന്ത്രിസഭാ യോഗങ്ങളിലെ ചർച്ചയും തീരുമാനങ്ങളും വരുത്തിയിട്ടുളള സ്വാധീനം ചെറുതല്ല. ഭരണനിർവഹണത്തിന്റെ എല്ലാതലങ്ങളിലും സർക്കാരിന്റെ കാഴ്ചപ്പാടുകളും നയങ്ങളും അവതരിപ്പിച്ച് അംഗീകരിക്കുകയും നടപ്പിലാക്കുവാൻ നിർദ്ദേശം നൽകുകയുമാണ് മന്ത്രിസഭായോഗങ്ങൾ ചെയ്യുന്നത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഫലപ്രദമായി കൃത്യമായ ഇടപെടലുകളിലൂടെ സമയബന്ധിതമായി നടപ്പിൽ വരുത്തേണ്ടത് വകുപ്പുകളുടെ ചുമതലയാണ്. ശക്തമായ ഏകോപനമില്ലായ്മ കൊണ്ടുമാത്രം സർക്കാർ ഇച്ഛിക്കുന്ന തരത്തിലും വേഗതയിലും പല പദ്ധതികളും നയങ്ങളും ഫലപ്രാപ്തിയിലെത്താറില്ല എന്നത് കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്നും ബോധ്യപ്പെടുന്നുമുണ്ട്. ഇവിടെയാണ് റവന്യു സെക്രട്ടേറിയറ്റ് എന്ന ആശയത്തിന്റെ പ്രസക്തി. മൂന്ന് മാസത്തിലൊരിക്കൽ റവന്യു സെക്രട്ടറി മുതൽ വില്ലേജ് ഓഫീസർമാർ വരെയുള്ളവരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള തീരുമാനവും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.

മറ്റെല്ലാ വകുപ്പുകളിൽ നിന്നും വ്യത്യസ്തമാണ് റവന്യുവകുപ്പ്. സർക്കാരിന്റെ പൊതുഭരണം ജനങ്ങൾക്കിടയിൽ സാധ്യമാക്കുന്നത് റവന്യു ഭരണസംവിധാനം മുഖേനയാണ്. എക്സിക്യൂട്ടീവ് അധികാരത്തിന്റെ ഫലപ്രദമായ വിനിയോഗവും റവന്യുവകുപ്പ് മുഖേനയാണ് നിർവഹിക്കപ്പെടുന്നത്. ഭൂമിയെ സംബന്ധിച്ച് മാത്രമല്ല പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണവും പ്രകൃതി സമ്പത്തിന്റെ ഉപഭോഗത്തിൽ കൃത്യതയും കണിശതയും വരുത്തേണ്ട കടമയും റവന്യു വകുപ്പിനാണ്. ജനസാന്ദ്രത ഏറിയതും ഭൂമിലഭ്യത കുറഞ്ഞതുമായ സംസ്ഥാനത്ത് ഭൂവിനിയോഗത്തിൽ കർശനവും മൂല്യവത്തായതുമായ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ വികസന പ്രവർത്തനങ്ങൾക്ക് മാത്രമല്ല സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്കും ഭൂമി ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കും. സമഗ്രമായി പരിശോധിച്ചാൽ ജനതയുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ഫലപ്രദമായി ഇടപെടുവാൻ കഴിയുന്ന ഒരു ഭരണനിർവഹണമാണ് റവന്യുവകുപ്പിന് ആവശ്യം. മെച്ചപ്പെട്ട റവന്യു ഭരണസംവിധാനം നിലനിൽക്കേണ്ടത് ജനാധിപത്യപരമായ പൗരന്റെ അവകാശ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.

കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയായി ധാരാളം വികസനപ്രവർത്തനങ്ങളാണ് സർക്കാർ കൂടുതൽ വേഗതയോടെ മുന്നോട്ട് കൊണ്ടുപോകുന്നത്. പുതുതായി പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളുടെയും പ്രാരംഭ ചർച്ചകളും നടന്നുകഴിഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. സർക്കാർ പദ്ധതികൾക്ക് പുതിയ ഭൂമി ഏറ്റെടുക്കുന്നതിന് ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കേന്ദ്രനിയമം സങ്കീർണമാണ്. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനും പുനരധിവാസത്തിനുമെല്ലാം നീണ്ട നടപടിക്രമങ്ങൾ പാലിക്കേണ്ടതായി വരുന്നു. ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നം ലഘുവായി കാണേണ്ടതുമല്ല. വികസനപ്രവർത്തനങ്ങൾക്ക് സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നൽകുക എന്ന വെല്ലുവിളി വലിയ വേഗത്തിൽ പൂർത്തിയാക്കുവാൻ റവന്യു സെക്രട്ടേറിയേറ്റ് എന്ന പുതു ആശയത്തിലൂടെ സാധ്യമാക്കുവാൻ കഴിയുമെന്ന് കരുതുന്നു.

സാങ്കേതികമായ നിയമപ്രശ്നങ്ങളിൽ കുരുങ്ങി ചട്ടങ്ങൾ യഥാവിധി പരിഷ്ക്കരിക്കാൻ സാധിക്കാത്തതിനാൽ ഭൂരേഖ ലഭ്യമാകാത്ത കൈവശക്കാർ നിരവധിയാണ്. സർക്കാർ പുറമ്പോക്കുകളിലെ പട്ടയപ്രശ്നം ഒരു പരിധിവരെ പരിഹരിച്ചുവെങ്കിലും ജോയിന്റ് വെരിഫിക്കേഷൻ ഉൾപ്പെടെ പൂർത്തിയാക്കി വനഭൂമിയുമായി ബന്ധപ്പെട്ട് പട്ടയം അനുവദിക്കുന്നതിലും കേരള ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് കൈവശക്കാർക്ക് ഭൂരേഖ അനുവദിക്കുന്നതിലും സക്രിയമായ ഇടപെടൽ ആവശ്യമാണ്. പലപ്പോഴും വകുപ്പിനകത്ത് തന്നെയുള്ള ഏകോപനമില്ലായ്മയും മേൽനോട്ടമില്ലായ്മയും ഈ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടാക്കുന്നതിന് വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫീൽഡ് തലത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ യഥാവിധി നയിക്കുന്നതിനും നയപരമായും നിയമപരമായുമുളള അവരുടെ സംശയങ്ങൾക്ക് കൃത്യമായ സ്പഷ്ടീകരണം നൽകുന്നതിനും റവന്യു സെക്രട്ടേറിയറ്റിന്റെ ചർച്ചയും തീരുമാനങ്ങളും ഉപകാരപ്രദമാവും.

റീ സർവേ പൂർത്തിയാകാത്തതും പൂർത്തിയായ വില്ലേജുകളിലുണ്ടായ അഭൂതപൂർവമായ പരാതികളും വകുപ്പിന്റെ പ്രവർത്തനത്തെ എല്ലാകാലങ്ങളിലും പുറകോട്ടടിപ്പിച്ചിട്ടുണ്ട്. റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഏകോപനത്തോടെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് റീസർവേ പൂർത്തിയാക്കുക എന്നത് റവന്യു വകുപ്പിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭൂപരിഷ്ക്കരണ നിയമം നടപ്പിലായി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മലബാർ മേഖലയിൽ കൈവശക്കാരുടെ ഉടമസ്ഥാവകാശം നിർണയിച്ചു നൽകാത്ത ലക്ഷക്കണക്കിന് കേസുകളുണ്ട്. ഭൂമിയുടെ ജന്മാവകാശത്തെ സംബന്ധിച്ച് തീർപ്പുണ്ടാകാത്ത കാലത്തോളം റീസർവേ പൂർത്തിയാക്കുന്നതിന് സാധ്യവുമല്ല. ഇതിനെ ഫലപ്രദമായി അഭിസംബോധന ചെയ്യുവാൻ പുതിയ റവന്യു ഭരണനേതൃത്വത്തിന് കഴിയുമെന്ന് മന്ത്രിയുടെ പ്രഖ്യാപനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ബോധ്യപ്പെടുന്നു. റവന്യു സെക്രട്ടേറിയറ്റ് സംവിധാനത്തിന് ഭുപ്രശ്നങ്ങളിലെ ഭരണപരമായ നടപടികൾ ഫലപ്രദമായി മേൽനോട്ടം വഹിച്ച് വിജയത്തിലെത്തിക്കുവാൻ കഴിയുമെന്ന് കരുതുന്നു.

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജോലിഭാരമുളള ഓഫീസുകൾ ഏതെന്ന് ചോദിച്ചാൽ വില്ലേജ് ഓഫീസുകളും റവന്യു ഡിവിഷണൽ ഓഫീസുകളുമാണെന്ന് പറയുന്നതിന് പ്രത്യേക ഗവേഷണം നടത്തേണ്ട കാര്യമില്ല. മതിയായ മാനുഷിക വിഭവ ശേഷിയില്ലാത്തതുകൊണ്ട് സംസ്ഥാനത്തെ 27 റവന്യു ഡിവിഷണൽ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് ഫയലുകളാണ്. നെൽവയൽ തണ്ണീർതട സംരക്ഷണ നിയമത്തിന്റെ ഭേദഗതി പ്രകാരം ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകൾ ഒരു വശത്ത് കുന്നുകൂടുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച വയോജന സംരക്ഷണ നിയമം നടപ്പിലാക്കേണ്ട മെയിന്റനൻസ് ട്രിബ്യൂണലും റവന്യു ഡിവിഷണൽ ഓഫീസർമാരാണ്. മുൻകാലങ്ങളിൽ ജോലിഭാരം കുറഞ്ഞ ഓഫീസുകളിൽ നിന്നും ജോലി ക്രമീകരണത്തിൽ ഉദ്യോഗസ്ഥരെ റവന്യു ഡിവിഷണലുകളിലേക്ക് വിന്യസിച്ചിരുന്നുവെങ്കിൽ ഇന്ന് വകുപ്പിലെ എല്ലാ ഓഫീസുകളിലും ജോലിഭാരം ഏറിയതിനാൽ അതിനും സാധ്യതയില്ലാതായിരിക്കുന്നു. വില്ലേജ് ഓഫീസുകളുടെ ജോലിഭാരത്തെ സംബന്ധിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനെ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടന്നിട്ടുള്ളതാണ്. ഈ വിഷയങ്ങളെല്ലാം റവന്യു സെക്രട്ടേറിയറ്റ് പരിഗണിക്കുന്നു എന്നത് ആശാവഹമാണ്. വില്ലേജ് ഓഫീസ് ജീവനക്കാരുടെ യാത്രാസൗകര്യത്തിനായി വാഹനം അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാരിലേക്ക് ശുപാർശ ചെയ്തതും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പ്രാദേശിക നിർവഹണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്നതിനുള്ള സമീപകാല സർക്കാർ തീരുമാന പ്രകാരം കുറെയധികം ചുമതലകൾ വിഭജിക്കപ്പെട്ടുവെങ്കിലും പല ജോലികളും വില്ലേജ് ഉദ്യോഗസ്ഥന്മാരുടെ ചുമതലയിലാണ് ഇപ്പോഴും നടന്നുവരുന്നത്. ദുരന്തനിവാരണ നിയമ നിർവഹണം ജില്ലാ കളക്ടർമാരിൽ നിക്ഷിപ്തമായതിനാൽ വില്ലേജ് ഉദ്യോഗസ്ഥർക്ക് ഇതിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുമാകില്ല. ദുരന്തസമയങ്ങളിലെല്ലാം റവന്യു ഭരണം നിശ്ചലമാകുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. ഇതിനിടയിലും തനതായ ജോലികൾ പൂർത്തിയാക്കുന്നതിന് റവന്യു ഉദ്യോഗസ്ഥർ ശ്രമിക്കാറുമുണ്ട്. ഇവിടെയെല്ലാം റവന്യു സെക്രട്ടേറിയറ്റിന്റെ നിരീക്ഷണവും ഇടപെടലും ഗുണപ്രദമാകും.

പുതുതായി നിയമിക്കപ്പെട്ട ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണർമാർ റവന്യു വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല എങ്കിലും അവരുടെ മേൽനോട്ടം ജില്ലാ കളക്ടർമാരിൽ എത്തുമ്പോൾ അതിന്റെ അവലോകനവും റവന്യു സെക്രട്ടേറിയറ്റിന്റെ ചുമതലയിലാകും. ഫലത്തിൽ ജില്ലാ കളക്ടർമാരും ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണർമാരും സബ്കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും ഉൾപ്പെടെ ഇരുന്നൂറിൽപ്പരം ഉന്നതരായ ഉദ്യോഗസ്ഥരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുവാൻ റവന്യു സെക്രട്ടേറിയറ്റിന്റെ ആഴ്ചതോറുമുള്ള യോഗം സഹായിക്കും. റവന്യു വകുപ്പിനെ കൂടുതൽ ജനക്ഷേമവും അഴിമതിരഹിതവും സുതാര്യവുമാക്കി മാറ്റുന്നതിന് റവന്യു വകുപ്പുമന്ത്രിയുടെ പുതിയ ഇടപെടലിലൂടെ കഴിയുമെന്നാശിക്കുന്നു. ഇത്തരം ആശയങ്ങൾ മറ്റ് വകുപ്പുകൾക്കും മാതൃകയാകുകയാണ്.