Web Desk

വെല്ലിംഗ്ടണ്‍, ന്യൂസിലന്‍ഡ്

June 08, 2020, 9:34 am

ന്യൂസിലന്‍ഡില്‍ അവസാന കോവിഡ് രോഗിയും രോഗമുക്തനായി

Janayugom Online

രാജ്യത്തെ അവസാന രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസിലന്‍ഡ് സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി.

ഈ നാഴികക്കല്ല് യഥാര്‍ത്ഥത്തില്‍ നല്ല വാര്‍ത്തയാണെന്നും ഇതിന് വേണ്ടി അക്ഷീണം യത്‌നിച്ച രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ന്യൂസിലന്‍ഡിലെ മുഴുവന്‍ ജനതയും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നുവെന്നും ആരോഗ്യവകുപ്പ് മേധാവി ആഷ്‌ലി ബ്ലൂംബെര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി 28ന് ശേഷം സജീവ രോഗികളില്ലാത്ത ആദ്യ ദിനമാണിത്. ഇത് തീര്‍ച്ചയായും നല്ലൊരു നേട്ടമാണിത്. അതേസമയം നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൊറോണ കൈകാര്യം ചെയ്യലിന് ആഗോള അഭിനന്ദനം ലഭിച്ചിരുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏഴാഴ്ചയോളം രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തിയിരുന്നു.

അന്‍പത് ലക്ഷം ജനങ്ങളുള്ള ഈ ദക്ഷിണ പസഫിക് രാജ്യത്ത് 1,154 പേര്‍ക്ക് മാത്രമാണ് രോഗബാധയുണ്ടായത്. 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ പതിനേഴ് ദിവസമായി പുതുതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റ സജീവ രോഗിമാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.

അവസാനത്തെ കോവിഡ് രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അതേസമയം അന്‍പതുകാരിയായ ഒരു സ്ത്രീയായിരുന്നു ഇതെന്ന റിപ്പോര്‍്ട്ടുണ്ട്. മറ്റുള്ള രോഗികളില്‍ 48 മണിക്കുറിനിടെ രോഗത്തിന്റെ യാതൊരു സൂചനകളുമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ഇന്ന് തന്നെ ജാഗ്രതാ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം രാജ്യാന്തര അതിര്‍ത്തികളില്‍ നിയന്ത്രണം തുടരുമെന്നാണ് സൂചന. അതോടൊപ്പം സാമൂഹ്യ അകലം പാലിക്കല്‍ പോലുള്ള നിയന്ത്രണങ്ങളില്‍ യാതൊരു ഇളവും ഉണ്ടാകില്ല.

eng­lish sum­ma­ry: New Zealand Clears Its Last Coro­n­avirus Case

you may also like this video: