ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ; ബുംമ്ര മാജിക്കില്‍ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം

Web Desk
Posted on July 09, 2019, 3:25 pm

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിപോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് നഷ്ടമായത്. ഒരു റണ്‍ എടുത്ത ഗുപ്റ്റിലിനെ ജസ്പ്രീത് ബുംമ്രയുടെ ബോളില്‍ വിരാത് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറുകളില്‍ മെയ്ഡന്‍ ചേര്‍ത്ത ന്യൂസിലാന്‍ഡിന് മൂന്നാം ഓവറിലാണ് വിക്കറ്റ് നഷ്ടമായത്. ഓപ്പണര്‍ ഹെന്‍റി നിക്കോളാസും നായകന്‍ കേന്‍ വില്ല്യംസണുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

പ്രാഥമിക റൗണ്ടില്‍ ഇരുവരും തമ്മിലുളള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ഇത്തവണത്തെ ലോകകപ്പില്‍ ആദ്യമായാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. കിവീസ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റാണ് സെമിയില്‍ ഇന്ത്യയെ നേരിടാന്‍ എത്തുന്നത്. പക്ഷേ ഒരിക്കലും എഴുതി തള്ളാന്‍ പറ്റാത്ത ടീമാണ് അവര്‍. ഓപ്പണിംഗ് ക്ലിക്കായാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും ഭയക്കേണ്ട ടീമും കിവീസാണ്. ഇന്ത്യയെ സന്നാഹ മത്സരത്തില്‍ പരാജയപ്പെടുത്തിയതിന്റെ കരുത്തും അവര്‍ക്കുണ്ട്. മികച്ച ബൗളിംഗ് നിരയില്‍ വലിയ പ്രതീക്ഷയുണ്ട് ന്യൂസിലന്റിന്. ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് അവര്‍ വെല്ലുവിളിയാകും. ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍ ഏറ്റുമുട്ടുന്നത്.

ലോകകപ്പില്‍ വ്യക്തമായ ആധിപത്യം തുടരുന്ന ഇന്ത്യക്ക് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ വ്യക്തമായ മേല്‍കൈ ഉണ്ട്. ലോകകപ്പില്‍ ഇന്ത്യ ഒരിക്കല്‍ മാത്രമാണ് പരാജയമറിഞ്ഞത്, ആതിഥേയരായ ഇംഗ്ലണ്ടിനോട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തു ന്ന ഇന്ത്യ തന്നെയാണ് കിരീട സാധ്യതകളില്‍ ഇപ്പോഴും മുന്നില്‍.

ഇന്ത്യക്ക് ടോപ് ഓര്‍ഡര്‍ ശക്തമായ ബാറ്റിംഗ് നിരയാണ് ഉള്ളത്. രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇവര്‍ കിവീസിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ പരാജയമായിരുന്നു. അതിനുള്ള സാധ്യത സെമിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവര്‍ ഫോം തുടര്‍ന്നാല്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടും. മധ്യനിര ഇന്ത്യയുടേത് തീര്‍ത്തും ദുര്‍ബലമാണ്. മഹേന്ദ്ര സിംഗ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ ഇതുവരെ തിളങ്ങിയിട്ടില്ല. വലിയ സ്‌കോര്‍ അതുകൊണ്ട് ഇന്ത്യ നേടുക അസാധ്യമായിരിക്കും.

മറുവശത്ത് ന്യൂസിലന്‍ഡാകട്ടെ ഈ ലോകകപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന മേധാവിത്വം അവസാന ഘട്ടത്തില്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിന്റെ പ്രധാന വെല്ലുവിളി. നായകന്‍ കെയ്ന്‍ വില്ല്യംസണൊഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ട്രെന്റ് ബോള്‍ട്ട് നയിക്കുന്ന ബോളിങ് നിര ശക്തമാണ്. ഇതുവരെ ഏഴ് തവണ സെമിഫൈനലില്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമാണ് ഫൈനലില്‍ പ്രവേശിച്ചതും. അതും സ്വന്തം നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍. ഇതുവരെ ലോകകപ്പില്‍ കിരീടം സ്വന്തമാക്കാനും കിവീസിന് സാധിച്ചില്ല.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നാല് തവണ ഇന്ത്യയും മൂന്ന് തവണ ന്യൂസിലന്‍ഡും വിജയിച്ചിട്ടുണ്ട്. പക്ഷേ 2015ന് ശേഷം ന്യൂസിലന്‍ഡ് കരുത്തുറ്റ നിരയാണ്. അവരെ പരാജയപ്പെടുത്തുക എളുപ്പമല്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. പക്ഷേ കിവീസിനെ ഇന്ത്യ വിലകുറച്ച് കണ്ടാല്‍ തോറ്റ് മടങ്ങേണ്ടി വരും.