Saturday
23 Mar 2019

മറ്റൊരു കപടനാടകം

By: Web Desk | Saturday 10 February 2018 10:06 PM IST


എല്ലാ ജനങ്ങളേയും എല്ലാക്കാലത്തും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന കാര്യം സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാരിന് മനസിലായിട്ടില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ബജറ്റാണ് ഇപ്പോഴവതരിപ്പിക്കുന്നതെന്ന യുക്തിരഹിതമായ പ്രചരണങ്ങള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ നടന്നു. എന്നാല്‍ ഇതൊക്കെ തെറ്റാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കേവലം രാഷ്ട്രീയ തന്ത്രങ്ങള്‍ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്നും വ്യക്തമാകുന്നു.
ഈ വര്‍ഷത്തെ ബജറ്റ് കേവലം ഒരു തമാശയാണ്. ഇതിന് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സാധാരണക്കാരന്റെ മേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്. തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, ഇടത്തരക്കാര്‍ എന്നിവരുടെ മേല്‍ കൂടുതല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിച്ചു. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടിയുള്ള ബജറ്റാണ് ഇതെന്ന പ്രചരണം നടത്താന്‍ സര്‍ക്കാര്‍ ആവുന്നത്ര ശ്രമിച്ചു. ഈ മൂന്ന് കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം. ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദിഷ്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ സംരംഭമായാണ് അരുണ്‍ ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. ചികില്‍സാ ചെലവ് താങ്ങാന്‍ കഴിയാത്ത പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരാശ്വാസമാകും പുതിയ പ്രഖ്യാപനം. അഞ്ച് ലക്ഷം രൂപ വീതം രാജ്യത്ത് 50 കോടി ജനങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും പ്രഖ്യാപിച്ചു. അതായത് ശതകോടികള്‍ ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവിടുമെന്നാണ് ധാരണ. എന്നാല്‍ പദ്ധതിക്കായി കേവലം രണ്ടായിരം കോടി രൂപ മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. അതായത് ഒരു വ്യക്തിക്ക് ഒരു വര്‍ഷം 40 രൂപ. ഇങ്ങനെയുള്ള പദ്ധതികളൊക്കെ ആദ്യമായല്ല അവതരിപ്പിക്കുന്നത്. രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഒരു വര്‍ഷം 30,000 രൂപ വരെ ചികില്‍സാ ആനുകൂല്യം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഇപ്പോള്‍ തന്നെ നിലവിലുണ്ട്. കൂടാതെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയുമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നും ബജറ്റിലുണ്ട്. അതുകൊണ്ടുതന്നെ പണമെല്ലാം ഇരുവരും ചേര്‍ന്ന് കൊള്ളയടിക്കുന്ന സ്ഥിതി സംജാതമാകും. കര്‍ഷക ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ലക്ഷക്കണക്കിന് രൂപ കൃഷിനാശം വന്ന കര്‍ഷകര്‍ക്ക് നൂറ് രൂപ പോലും നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാണ്.
കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിനെക്കാള്‍ 50 ശതമാനം വര്‍ധനവ് വരുത്തി താങ്ങുവില ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കിയെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാലിങ്ങനെ വില കിട്ടിയതായി ഒരു കര്‍ഷകനും പറയുന്നുമില്ല. കൂടാതെ ഇക്കുറി കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവ് പോലും കിട്ടാത്തതിനാല്‍ റോഡുകളില്‍ വലിച്ചെറിഞ്ഞു. ഉരുളക്കിഴങ്ങും തക്കാളിയും റോഡുകളില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ബജറ്റില്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 190 കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ രാജ്യത്ത് ആയിരം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
മുതിര്‍ന്ന പൗരന്മാര്‍ പ്രതേ്യകിച്ചും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം തികച്ചും വഞ്ചിക്കപ്പെട്ട അവസ്ഥയിലാണ്. അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിച്ചപ്പോള്‍ ലഭിക്കുമായിരുന്ന പലിശ വെട്ടിക്കുറച്ചു. ഇത് അവരുടെ വരുമാന മാര്‍ഗത്തെയാണ് ഇല്ലാതാക്കിയത്. പണം നിക്ഷേപിക്കുന്ന സമയത്ത് ലഭിച്ചിരുന്ന പലിശ പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മുതിര്‍ന്ന പൗരന്മാരോട് ചെയ്യുന്ന ഈ അനീതി ശ്രദ്ധിക്കാന്‍ പോലും മോഡി സര്‍ക്കാര്‍ തയാറല്ല.
ഈ സാമ്പത്തികവര്‍ഷം 70 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഈ തമാശ ഇപ്പോള്‍ പ്രചുരപ്രചാരത്തിലാണ്. പക്കാവടയോ ചായയോ വിറ്റ് വരുമാനം കണ്ടെത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും ആവശ്യപ്പെടുന്നത്. ജോലി ഇല്ലാതിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ഇതെന്ന വാദമാണ് ഇരുവരും മുന്നോട്ടുവയ്ക്കുന്നത്. ഓരോ വര്‍ഷവും ഒരുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോഡി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല നിലവിലുള്ളവ പോലും ഇല്ലാതായി. അഭ്യസ്തവിദ്യരായ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയടിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള വിഹിതം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.4 ശതമാനമായി കുറഞ്ഞു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇതിന്റെ ഇരട്ടിയായിരുന്നു വിദ്യാഭ്യാസ മേഖലയ്ക്കായി അനുവദിച്ചിരുന്നത്.
അവശ്യസാധനങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള യാതൊരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അവശ്യസാധനങ്ങളുടെ വില ഓരോ ദിവസവും കുതിച്ചുയരുന്നു. പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന മുന്നറിയിപ്പാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്റര്‍ ഒന്നിന് രണ്ട് രൂപ കുറച്ചുവെന്നാണ് മോഡി സര്‍ക്കാര്‍ പറയുന്നത്. അതേ ബജറ്റ് പ്രസംഗത്തില്‍ തന്നെ പെട്രോളിന് ലിറ്റര്‍ ഒന്നിന് നാല് രൂപ വീതം ഹൈവേ സെസായി ഈടാക്കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. അതായത് രണ്ട് രൂപ നല്‍കി നാല് രൂപ എടുക്കുന്ന അവസ്ഥ. ഇതാണ് കേന്ദ്ര ബജറ്റിന്റെ യാഥാര്‍ഥ്യം.