ഇടുക്കിയില്‍ നവജാതശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍

Web Desk
Posted on October 16, 2019, 12:21 pm

ഇടുക്കി : ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ നവജാതശിശുവിന്റെ മൃതദേഹം വീട്ടില്‍ ബാഗിനുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് ഇതെന്നാണ് സൂചന.  അവശനിലയിലായിരുന്ന കുട്ടിയുടെ മാതാവ് വെട്ടത്തുചിറയില്‍ ചഞ്ചലിനെ വിദഗ്ദ്ധ ചിക്തയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. കട്ടപ്പന ഐച്ച്ആര്‍ഡി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ചഞ്ചല്‍. മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുന്‍പ് ചഞ്ചല്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ വിവാഹ ബന്ധം വേര്‍പെടുകയും ചെയ്തതോടെ രണ്ട് മാസങ്ങള്‍ക്ക്
മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.

ഈ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായതായാണ്
സൂചന. എന്നാല്‍ ഈ വിവരം കുട്ടി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചു വച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ചഞ്ചല്‍ വീട്ടിലെ ബാത്റൂമില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ചു. പിന്നീട് കുട്ടിയെ
ഉപേക്ഷിയ്ക്കുന്നതിന് സഹായം ചെയ്യണമെന്നാവശ്യപെട്ട് സുഹൃത്തിനെ ഫോണില്‍
ബന്ധപെടുകയായിരുന്നു. സംഭവം വിശ്വസിയ്ക്കാതിരുന്ന സുഹൃത്ത് ഫോട്ടോ ആവശ്യപെടുകയും പെണ്‍കുട്ടി ചിത്രം പകര്‍ത്തി വാട്സ് ആപില്‍ അയച്ച് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്ത് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ പോലിസ് പ്ലാസ്റ്റിക് കവറിനുള്ളില്‍ നിന്നും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയ്ക്ക്
ജനിച്ച സമയത്ത് ജീവനില്ലായിരുന്നു എന്നാണ് പെണ്‍കുട്ടി അറിയിച്ചത്.

പ്രസവ ശേഷം ശാരീരിക അസ്ഥതകള്‍ അനുഭവപെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. ചഞ്ചല്‍ ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. ഷാള്‍ ഉപയോഗിച്ച് വയര്‍ മുറുക്കി കെട്ടി ഗര്‍ഭിണിയാണെന്ന വിവരം മറച്ചു  വെയ്ക്കുകയിരുന്നു എന്നാണ് സൂചന. മുരിക്കാശ്ശേരി പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.