പ്ളാസ്റ്റിക് ബാഗിൽ പൊതിഞ്ഞു പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ

Web Desk
Posted on June 22, 2018, 1:21 pm

വ്യാഴാഴ്ച പുലർച്ചെ നാലുമണിക്ക്,ബെംഗളുരുയിലെ രാമയ്യ ലേഔട്ട് താമസക്കാരിയായ സുധ വാസൻ ഉണരുന്നത് ഒരു കരച്ചിൽ കേട്ടുകൊണ്ടാണ്. ആദ്യം കരുതിയത് പൂച്ചകുഞ്ഞാകും എന്ന്. വീണ്ടും അവർ ഉറങ്ങാൻ കിടന്നു. എന്നാൽ ഒരിക്കൽ കൂടി അവർ ആ നിലവിളിശബ്ദം കേട്ട് എണീറ്റു. എന്നാൽ അവർക്ക് അപ്പോൾ ബോധ്യമായി അത് ഒരു മനുഷ്യകുഞ്ഞിന്റെ നിലവിളയാണെന്ന്. ജനിച്ചു മണിക്കൂറുകൾ തികയും മുൻപേ പ്ലാസ്റ്റിക് ബാഗിൽ വിശന്നു വലഞ്ഞ കുഞ്ഞിന്റെ നിലവിളി ആണെന്ന്. ഉടൻ തന്നെ സുധ തന്റെ മകനെ വിളിച്ചുണർത്തി  കരച്ചിൽ കേട്ട ഭാഗത്തേക്ക് പാഞ്ഞെത്തി.

“തെരുവ് വിളക്കുകൾ ഒന്നും  ഉണ്ടായിരുന്നില്ല, കുറ്റാകൂരിരുട്ട് ആയിരുന്നു, എമെർജെൻസി ലാമ്പിന്റെ വെളിച്ചത്തിൽ ആണ് ഞങ്ങൾ അവളെ കാണുന്നത്. കാണുമ്പോൾ പ്ലാസ്റ്റിക് കവറിലും ടൗവലിലും പൊതിഞ്ഞ അവസ്ഥയിലായിരുന്നു അവൾ. ഉടൻ തന്നെ ഞാൻ അയൽപക്കകാരേയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പ്ളാസ്റ്റിക് ബാഗിൽ നിന്ന് കുഞ്ഞിനെ ഞാൻ പുറത്തെടുത്തു. മറുപിള്ളയോടൊപ്പം തന്നെയായിരുന്നു അവളെ ഉപേക്ഷിച്ചത്.  അമ്മയുടെ വയറ്റിൽ നിന്നും വന്ന അതെ അവസ്ഥയിൽ. ശരീരം ഒന്ന് തുടച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല. ഞാൻ എന്റെ ഉടുതുണ്ടികൊണ്ട് അവളെ പൊതിഞ്ഞു ശരീരത്തോട് ചേർത്ത് പിടിച്ചു. പിന്നീട ഹോസ്പ്പിറ്റലിലേക്ക് കൊണ്ടോടി” സുധ പറഞ്ഞു നിർത്തി.

കുട്ടി ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ചവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.