August 9, 2022 Tuesday

അസമിലെ തടങ്കൽ പാളയങ്ങൾ ഓർമ്മിപ്പിക്കുന്നത് കോൺസെൻട്രേഷൻ ക്യാമ്പുകളെ

സ്വന്തം ലേഖകൻ
December 12, 2019 10:24 pm

 ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലുമായി മോഡി സർക്കാർ മുന്നോട്ടുപോകുമ്പോൾ അസമിലെ തടങ്കൽ പാളയങ്ങളിലെ ( ഡിറ്റൻഷൻ ക്യാമ്പുകൾ) ജീവിതം ഓർമ്മിപ്പിക്കുന്നത് ജൂതൻമാർക്കായി നാസികൾ തയ്യാറാക്കിയ കോൺസെൻട്രേഷൻ ക്യാമ്പുകളിലെ കഥകളാണ്. ഭരണാധികാരികൾക്ക് അമിതമായ അധികാര മത്ത് പിടിക്കുമ്പോൾ അവർ അപരിഷ്കൃതരായി മാറുന്നുവെന്നാണ് ദി ഐ ഓഫ് നെഡൽ എന്ന പുസ്തകത്തിൽ കെൻ ഫൊള്ളറ്റ് പറയുന്നത്. ഇത് അക്ഷാർഥത്തിൽ ശരിവയ്ക്കുന്നതാണ് മോഡിയും അമിത്ഷായും അടുത്തിടെ സ്വീകരിച്ച തീരുമാനങ്ങൾ.

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ റദ്ദാക്കി. ഇപ്പോൾ ദേശീയ പൗരത്വ ഭേദഗതി ബില്ലും. ഇതിലൂടെ മുസ്ലിം ജനവിഭാഗങ്ങളെ പാർശ്വവൽക്കരിക്കുന്ന സമീപനമാണ് ഇരു നേതാക്കളും സ്വീകരിക്കുന്നത്. നാസി തടവറകളെ പോലും പേടിപ്പിക്കുന്ന വിധത്തിലുള്ള പീഡനങ്ങളാണ് അസമിലെ തടവറകളിലും തുടരുന്നത്. അസമിലെ തടവറകൾ, വിദേശികളെന്ന് മുദ്രകുത്തി തടവറകളിൽ അടയ്ക്കപ്പെട്ടവരുടെ ജീവിതം വരച്ചുകാട്ടുന്ന ഡയറീസ് ഫ്രം എ ഡിറ്റൻഷൻ ക്യാമ്പ് ഡോക്യുമെന്ററി ലോക മനസാക്ഷിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.

ഗോൽപ്പാറ തടങ്കൽ പാളയത്തിൽ മരിച്ച സുബ്രതാ ദെയുടെ മരണം ഉൾക്കൊള്ളാൻ മകളായ സ്വേതയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തന്റെ അച്ഛൻ തിരികെ വരുമെന്ന പ്രതീക്ഷയോടെ നിരാംലബയായി അവൾ കാത്തിരിക്കുന്നു. എന്നാൽ തന്റെ അവസ്ഥ ഹെർമ്മൻ ഹെസെയുടെ സിദ്ധാർഥ എന്ന നോവലിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട സിദ്ധാർഥന്റെ അവസ്ഥയാണെന്ന് അവൾ അറിയുന്നില്ല. എത്രയോ സ്വേതമാർ ഇപ്പോഴും തടങ്കൽ പാളയത്തിൽ മരിച്ച രക്ഷിതാക്കളെ കാത്ത് കഴിയുന്നു. ഒരു സംസ്ഥാനത്തെ അവസ്ഥ ഇതാണെങ്കിൽ ദേശീയതലത്തിൽ പൗരത്വ രജിസ്റ്റർ സംവിധാനം നടപ്പാക്കുന്നതോടെ ദശലക്ഷക്കണക്കിന് പേർ തടവറകളിലാകും.

you may also like this video

അവരുടെ മക്കൾ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കാത്ത അവസ്ഥയിലെത്തും. ഇതൊന്നും ചിന്തിക്കാൻ അധികാരത്തിന്റെ മത്ത് പിടിച്ച ബിജെപി നേതൃത്വത്തിലുള്ള മോഡി സർക്കാരിന് കഴിയുന്നില്ല. 2019 നവംബർ 28 ലെ കണക്കുകൾ പ്രകാരം അസമിലെ തടങ്കൽ പാളയങ്ങളിൽ 28 പേർ മരിച്ചുവെന്നാണ് സർക്കാർ ലോക്‌സഭയെ അറിയിച്ചത്. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി പൊലീസ് കസ്റ്റഡിയിൽ എത്രപേർ മരിച്ചുവെന്നതിന് വ്യക്തമായ കണക്കുകളില്ല. തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് അവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്നും ഒരു ലക്ഷം രൂപവീതമുള്ള രണ്ട് ജാമ്യം നൽകിയാൽ മോചിപ്പിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാൻ സർക്കാർ തയ്യാറായല്ല. ജാമ്യ തുക നൽകിയിട്ടും അതാബ് അലിക്കും സഹോദരൻ ഹബീബൂർ റഹ്മാനും ഇനിയും മോചനമില്ല. ജാമ്യ തുക കെട്ടിവച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം വേണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നതെന്ന് അതാബ് അലിയുടെ മരുമകൾ അസിഫ ബീഗം പറയുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം ആയിരത്തോളം പേരാണ് അസമിലെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നത്. ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനം നടപ്പാക്കുന്നതോടെ ഇത് 19 ലക്ഷമായി ഉയരും. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തിയവരെ പൗരത്വം നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് പകരം കൂടുതൽ പേരെ ഉൾക്കൊള്ളുന്ന തടവറകൾ പണിയുകയാണ് മോഡി സർക്കാർ. അസമിലെ മതിയയിൽ പുതുതായി പണിത ക്യാമ്പിൽ 3000 പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന വീമ്പ് മുഴുക്കുകയാണ് മോഡി സർക്കാർ. ഇതു കേട്ടാൽ നാസികൾ പോലും അമ്പരന്നുപോകുമെന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.