സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഭരണാധികാരങ്ങളോടു കൂടിയ ബിഷപ്പിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കും; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Web Desk
Posted on July 12, 2019, 9:21 pm

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഭരണാധികാരങ്ങളോടു കൂടിയ ബിഷപ്പിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഞായറാഴ്ച കുര്‍ബാനക്കിടെ അതിരൂപതയ്ക്കു കീഴിലെ പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് കര്‍ദിനാള്‍ നിലപാട് അറിയിച്ചത്.ഭൂമിയിടപാട് വിവാദങ്ങളെത്തുടര്‍ന്ന് അതിരൂപതയുടെ ഭരണച്ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്ന കര്‍ദിനാള്‍ ആലഞ്ചേരിക്ക് ചുമതല തിരികെ നല്‍കിയതിലും സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതിലും വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് കര്‍ദിനാളിന്റെ സര്‍ക്കുലര്‍.

സഹായമെത്രാന്‍മാര്‍ക്ക് ചുമതല തിരികെ നല്‍കണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് വേണമെന്നുമാണ് കര്‍ദിനാള്‍ വിരുദ്ധപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങള്‍. ആഗസ്തില്‍ ചേരുന്ന സിനഡില്‍ പുതിയ ബിഷപ്പിന്റെ നിയമനവും ചര്‍ച്ചയാകും.സഹായമെത്രാന്‍മാരെ സസ്‌പെന്‍ഡ് ചെയ്തത് മാര്‍പ്പാപ്പയുടെ തീരുമാനമാണെന്ന് സര്‍ക്കുലറില്‍ കര്‍ദിനാള്‍ വിശദീകരിക്കുന്നു. അതിനുപിന്നിലെ കാരണങ്ങള്‍ അറിയിച്ചിട്ടില്ല. അതിരൂപതയിലെ പ്രശ്‌നങ്ങളെയും വിഭാഗീയതകളെയുംകുറിച്ച് വിവിധ തലങ്ങളിലും സ്രോതസുകളിലും നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്‍ നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് മനസിലാക്കുന്നത്. മാര്‍പ്പാപ്പയുടെ തീരുമാനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ വിഭാഗീയതയിലേക്ക് നയിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഈ വിഭാഗീയതകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. വൈദികര്‍ െ്രെകസ്തവമാര്‍ഗത്തില്‍ ജീവിക്കേണ്ടവരാണെന്നും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അവയ്ക്ക് നേതൃത്വം നല്‍കുകയോ ചെയ്യരുതെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പുണ്ട്.

അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആ്ഗസ്തില്‍ ചേരുന്ന സിനഡ് ചര്‍ച്ചചെയ്യും. അതിരൂപതയ്ക്ക് നന്മയായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ഥിരം സിനഡുമായി ആലോചിച്ച് ഭരണം നടത്താന്‍ ആരംഭിച്ചു.അതിരൂപതയുടെ ഭൂമിവില്‍പനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകള്‍ പ്രചരിച്ചിട്ടുണ്ട്. ഭൂമിയിടപാടില്‍ അതിരൂപതയുടെ പൊതുനന്മയല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭൂമിവില്‍പനയുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് നിയോഗിച്ച ഇഞ്ചോടി കമീഷന്റെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം കമീഷനോട് തുറന്നുപറഞ്ഞിട്ടുണ്ട്. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ആഗസ്തിലെ സിനഡില്‍ ചര്‍ച്ചചെയ്യുമെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ വിവരിക്കുന്നു.
ജൂലൈ ഏഴിന് പള്ളികളില്‍ വായിക്കത്തക്ക രീതിയില്‍ തയ്യാറാക്കിയതാണ് സര്‍ക്കുലര്‍. അതിനുമുന്നോടിയായിവിളിച്ചുചേര്‍ത്ത ഫൊറോന വികാരിമാരുടെ യോഗത്തില്‍ സര്‍ക്കുലറിന്റെ കാര്യം കര്‍ദിനാള്‍ സൂചിപ്പിച്ചെങ്കിലും ഭൂരിഭാഗവും എതിര്‍ത്തതോടെ അന്ന് മാറ്റിവയ്ക്കുകയായിരുന്നു. കര്‍ദിനാള്‍ തിരികെ ചുമതലയേറ്റതിനു പിന്നാലെ ഒരുവിഭാഗം വൈദികര്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. ഭൂമിയിടപാടില്‍ അന്വേഷണം നേരിടുന്ന കര്‍ദിനാളിന് ചുമതല തിരികെ നല്‍കിയതിലും സഹായമെത്രാന്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിലുമുള്ള പ്രതിഷേധം പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.