വാർത്തകൾ വായിക്കാൻ രാമചന്ദ്രൻ വീണ്ടും വരുമോ…

ടി കെ അനിൽകുമാർ

ആലപ്പുഴ

Posted on August 01, 2020, 10:17 pm

‘ആകാശവാണി.. വാർത്തകൾ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രൻ’… ഡൽഹി ആകാശവാണി നിലയത്തിൽ നിന്നും ഉയർന്ന ആ സ്വരഗാംഭീര്യം മലയാളികളെ വാർത്താവതരണത്തിന്റെ പുതിയ ലോകത്തേയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്.

മലയാള വാർത്താവതാരകനും സിനിമാ നിരൂപകനും ചലച്ചിത്ര പ്രേമിയുമായിരുന്ന മാവേലിക്കര രാമചന്ദ്രന്‍ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. തിരോധാനത്തിന്റെ എട്ടാം വർഷത്തിലും ദുരൂഹത തുടരുന്നു. 2012 സെപ്റ്റംബർ 29ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മുംബൈയിലേയ്ക്ക് വണ്ടികയറിയ എഴുപതുകാരനായ ഈ ബഹുമുഖ പ്രതിഭയെ പിന്നീടാരും കണ്ടിട്ടില്ല.

തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കേസ് ഏറ്റെടുത്തു. എന്നാൽ യാതൊരു തുമ്പും ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് കേസ് ഡയറി മടക്കി.

രാമചന്ദ്രൻ ജനിച്ച് ഒരു മാസം തികയും മുമ്പേ അമ്മ ഗൗരി മരിച്ചു. ഇതോടെ സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ പിതാവ് കേശവപിള്ളയും രാമചന്ദ്രനും കുടുംബവീടായ മാവേലിക്കര പഞ്ചവടിയിലേയ്ക്ക് താമസം മാറ്റി.

ഡൽഹി ആകാശവാണിയിൽ ലഭിച്ച ജോലി രാമചന്ദ്രന്റെ ജീവിതത്തെ മാറ്റിമറിച്ചു. താമസസ്ഥലമായ മയൂർവിഹാറിലെ ആകാശ് ഭാരതി അപ്പാർട്ട്മെന്റ് നിരവധി കലാസാംസ്ക്കാരിക പ്രവർത്തകരുടെ സംഗമ കേന്ദ്രമായി. രാമു കാര്യാട്ട്, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ, ഷാജി എൻ കരുൺ, പി വി ചന്ദ്രൻ തുടങ്ങിയവരുമായുള്ള സൗഹൃദം രാമചന്ദ്രന്റെ സിനിമാ മോഹത്തെ തീപിടിപ്പിച്ചു. മലയാളം കണ്ട മികച്ച ക്ലാസിക്കൽ സിനിമകളായിരുന്ന കഥാപുരുഷൻ, വിധേയൻ, എലിപ്പത്തായം, ഇന്നലെ, കുട്ടിസ്രാങ്ക് അടക്കം നിരവധി സിനിമകളിൽ അദ്ദേഹം മുഖം കാണിച്ചിട്ടുമുണ്ട്.

മികച്ച സിനിമാ നിരൂപകൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ രചനകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വിശ്വസാഹിത്യകാരൻ തകഴിയുമായുള്ള സൗഹൃദവും രാമചന്ദ്രന്റെ ജീവിതത്തെ സ്വാധീനിച്ചു. കേന്ദ്ര ഫിലിം സെൻസർബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ചികിത്സാ പിഴവുമൂലം കഴുത്തിനേറ്റ ഒടിവും ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടമായതും രാമചന്ദ്രന്റെ ശരീരത്തിനെ മാത്രമല്ല, മനസ്സിനേയും തളർത്തി. അവിവാഹിതനായ അദ്ദേഹം പിന്നീട് ശംഖുമുഖത്തുള്ള വീട്ടിലേയ്ക്ക് താമസം മാറ്റുകയായിരുന്നു.

രാമചന്ദ്രന്റെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുഹൃത്തുക്കൾ പലതവണ രംഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല. ചില സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജൂഡീഷ്യൽ അംഗം പി മോഹൻദാസ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Sub: news read­er-ramachan­dran

You may like this video also