Web Desk

കൊച്ചി

February 08, 2020, 12:45 pm

ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അടുത്ത ആഴ്ച ചോദ്യം ചെയ്യും

Janayugom Online

മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അടുത്ത ആഴ്ച ചോദ്യം ചെയ്യും. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് ഗവർണർ അനുമതിക്ക് നൽകിയതിന് പിന്നാലെയാണ് മുൻമന്ത്രിയും നിലവിൽ കളമശ്ശേരി എംഎൽഎയുമായ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. കേസിലെ സാക്ഷിയെന്ന നിലയിൽ നേരത്തെ ഒരു തവണ ഇബ്രാഹിംകുഞ്ഞിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിരുന്നു.

എന്നാൽ ക്രിമിനൽ ചട്ടം 41 എ പ്രകാരം നോട്ടീസ് നൽകി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്താനാണ് വിജിലൻസിൻറെ നീക്കം. നിലവിൽ നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഇതു പൂർത്തിയായ ശേഷമേ വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യല്ലിനായി വിളിച്ചു വരുത്തൂ. നിയമസഭാ സമ്മേളനത്തിനിടെ സഭാ അംഗങ്ങളെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യണമെങ്കിൽ സ‍്പീക്കറുടെ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. ഈ സാഹചര്യത്തിൽ ബുധനാഴ്ച സമ്മേളനം പൂർത്തിയായ ശേഷം മാത്രമേ വിജിലൻസ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞിന് കത്ത് നൽകൂ. അതേസമയം ഇബ്രാഹിംകുഞ്ഞിനെ കൂടാതെ മുൻ റോഡ്സ് ആൻഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെൻറ് കോർപ്പർഷേൻ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസിനേയും വിജിലൻസ് നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. റോഡ്‍സ് ആൻഡ് ബ്രിഡ്‍ജസ് കോർപറേഷൻ എംഡി എന്ന നിലയിൽ ഹനീഷിന് പാലം നിർമ്മാണത്തിൽ മേൽനോട്ട കുറവുണ്ടായി എന്നായിരുന്നു നേരത്തെയുള്ള വിജിലൻസിൻറെ നിഗമനം. എന്നാൽ ഹനീഷിനെതിരെ നിർണായകമായ ചില തെളിവുകളും രേഖകളും ഇപ്പോൾ വിജിലൻസിന് ലഭിച്ചുവെന്നാണ് സൂചന.

ഇതു കൂടാതെ കേസിൽ നേരത്തെ വിജിലൻസ് അറസ്റ്റ് ചെയ്ത റോഡ്സ് ആൻഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെൻറ് കോർപ്പർഷേൻ അസി. ജനറൽ മാനേജർ എംഡി തങ്കച്ചനെ സ്ഥാപനത്തിൽ നിയമിക്കാൻ ഇബ്രാഹിംകുഞ്ഞ് ഇടപെട്ടതായും വിജിലൻസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പോസ്റ്റിലേക്ക് ആളെ നിയമിക്കുന്നത് പത്രപരസ്യം നൽകിയും അഭിമുഖം നടത്തിയുമാണ്. എന്നാൽ തങ്കച്ചൻറെ കാര്യത്തിൽ ഇത്തരം ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന.

Eng­lish sum­ma­ry: next week Vig­i­lance will ques­tion Ibrahim’ kunj

you may also like this video