അടുത്തവര്‍ഷം 50 നവ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കും: കൃഷി മന്ത്രി

Web Desk
Posted on December 30, 2018, 10:37 pm

തൃശൂര്‍: അടുത്തവര്‍ഷം 50 നവ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും വരും വര്‍ഷങ്ങളില്‍ വൈഗ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. വൈഗയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക ഉണര്‍വിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈഗ 2018 കാര്‍ഷിക സമുന്നതി മേളയുടെ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലത്തിന്റെയും മണ്ണിന്റെയും കാര്യക്ഷമമായ ഉപയോഗം, കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, ഉല്പന്നങ്ങളുടെ സംഭരണം, കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് കാര്യക്ഷമമായി ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. കര്‍ഷിക മേഖലയുടെ പുരോഗതിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ എകോപനം പ്രധാനമാണ്. വൈഗയിലൂടെ അന്താരാഷ്ട്രതലത്തിലെ സംരംഭങ്ങളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനായെന്നും മന്ത്രി പറഞ്ഞു.

സമാപന സമ്മേളനം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭാവി വികസനത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും പൊതുമേഖലയില്‍ തൊഴില്‍ അവസരം സൃഷ്ടിക്കുക എന്നത് പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ നവ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് പ്രധാനമാണ്. ഇതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തും. കൃഷി നിരവധി തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. പ്രളയാനന്തര നവകേരള സൃഷ്ടിയില്‍ കൃഷിക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പു തൊഴിലാളികളെയും കാര്‍ഷിക മേഖലയുടെ ഉല്പാദന വര്‍ദ്ധനവിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ചുമതലപ്പെടുത്തും. നിലവില്‍ സംസ്ഥാനത്തുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ 50 ശതമാനത്തിലധികവും കാര്‍ഷികവൃത്തിയില്‍ സജീവമായുണ്ട്. വകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ കൃഷിയുടെ അഭിവൃദ്ധിക്കായി നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ കൂട്ടായ്മയായ വൈഗയ്ക്ക് കേരളത്തിന്റെ കാര്‍ഷിക പുനരുജ്ജീവനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കര്‍ഷക അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.

സിഡിറ്റ് തയ്യാറാക്കിയ കൃഷിവകുപ്പിന്റെ പുതിയ വെബ്‌സൈറ്റിന്റെയും എന്‍ ഐ സി തയ്യാറാക്കിയ സോഫ്റ്റ്‌വെയറുകളുടെയും ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു ശേഷം കാര്‍ഷിക മേഖലയില്‍ കുതിച്ചുചാട്ടം സംഭവിച്ചുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പറഞ്ഞു. വൈഗ സംസഥാനത്തിന്റെ കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്നും കാര്‍ഷികമേഖലയില്‍ സ്വയംപര്യപ്തത കൈവരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.