സനലിന്റെ മരണത്തിലെ പൊലീസ് വീഴ്ച; റിപ്പോര്‍ട്ട് ഉടനെ വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനലിന്റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പ്രഥമ ദൃഷ്ട്യാ സംഭവത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് കമ്മീഷന് നിരീക്ഷിച്ചു. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ റിപ്പോര്ട്ടിലുണ്ടാവണമെന്ന് ഉത്തരവില്‍ പറയുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിന്റെ കാരണങ്ങളും റിപ്പോര്‍ട്ടിലുണ്ടാവണം. റിപ്പോര്‍ട്ട് നല്കാന് മൂന്നാഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഡിസംബര്‍ 4ന് കേസ് പരിഗണിക്കും.