Wednesday
20 Feb 2019

നെയ്യാറ്റിന്‍കര കൊലപാതകം: അന്വേഷണം ഊര്‍ജിതമാക്കി

By: Web Desk | Saturday 10 November 2018 10:42 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കീഴടങ്ങണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമാണ് അന്വേഷണസംഘം ആവശ്യമുന്നയിച്ചത്. അതേസമയം കൊലപാതകത്തില്‍ എസ് ഐ സന്തോഷ് കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തി. ഡിവൈഎസ്പി ഓഫീസില്‍ വച്ചാണ് മൊഴിയെടുത്തത്.

എസ്‌ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ നെയ്യാറ്റിന്‍കര എസ്‌ഐ ഫലപ്രദമായി ഇടപെട്ടില്ലെന്നും സനലിന്റെ ജീവന്‍ രക്ഷിക്കാന്‍ സമയോചിത നടപടി എടുത്തില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സാക്ഷിയായ ഹോട്ടല്‍ ഉടമ മാഹീന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഹരികുമാറിന്റെ സഹോദരനോടും രക്ഷപ്പെടാന്‍ സഹായിച്ച ജ്വല്ലറി ഉടമ ബിനുവിന്റെ മകനോടും ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കി. ഹരികുമാറിന്റെ ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്തി.

ഹരികുമാര്‍, തമിഴ്‌നാട്ടിലെ അരുമന, ചിത്തിരംകോട് പ്രദേശത്ത് ഒളിവിലാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന. നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്‌നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനെ ഒളിവില്‍ പോകാനും താമസിക്കാനും സഹായിച്ചതെന്നുമാണ് സൂചന. ഇവരുടെ തന്നെ ദുബായിലുള്ള ബന്ധുവിന്റെ അടുത്തേക്ക് ബംഗളൂരു വഴി പോകുവാന്‍ തീരുമാനിച്ചെങ്കിലും പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള ഐജിയുടെ തീരുമാനത്തോടെ ഇത് പാളുകയായിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്.

അതേസമയം സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴേക്കും പ്രതിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവില്‍പോയതെന്നും വിവരമുണ്ട്. ബിനുവിന്റെ വീട്ടിലും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പി കെ എം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിവൈഎസ്പി ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 14 നാണ് പരിഗണിക്കുക.

Related News