Web Desk

കാഞ്ഞങ്ങാട്

July 10, 2021, 7:15 pm

ഒരു ഞാറ്റുവേല കാലം കൂടി .. നാട്ടിപ്പാട്ടിന്റെ ഓര്‍മ്മയില്‍ കമ്മാടത്തുഅമ്മ

Janayugom Online

ഞാറ്റുവേല കാലത്തും നാട്ടിപ്പാട്ടിന്റെ ഈണം തെറ്റാതെ കമ്മാടത്തു അമ്മ. ഇത്തവണ മഴയില്ലാതെ ഞാറ്റടികള്‍ കരിഞ്ഞുണങ്ങുമ്പോഴും പഴയ കാല കാര്‍ഷിക തിരുശേഷിപ്പുകള്‍ അയവിറക്കി വെള്ളിക്കോത്ത് കാരക്കുഴിയിലെ ആലക്കാലെ കമ്മാടത്തുവമ്മ. ഞാറ്റുവേല കാലമായിട്ടും ഇത്തവണ നാട്ടിപ്പണിയേ ഇല്ല. തൊഴിലുറപ്പാണ് നെല്‍കൃഷി ഇല്ലാതാക്കിയതെന്നാണ് അമ്മയുടെ വാദം. മഴയ്ക്ക് മുമ്പേ വിതച്ച ഞാറ്റടികള്‍ കരിഞ്ഞുണങ്ങുന്നു . വയലുകള്‍ മിക്കതും തരിശ്ശായി കിടക്കുന്നു. ഇത്തവണത്തെ ഞാറ്റുവേല കാലം തെറ്റിരിയിരിക്കുന്നു എന്നും കമ്മാട്ടത്തുവമ്മ പറഞ്ഞു. തിരിമുറിയാതെ പെയ്യുന്ന മഴയും മാറി വരുന്ന വെയിലും കണ്ടത്തില്‍ കുനിഞ്ഞ് നിന്ന് നീട്ടിപ്പാടിയ നാട്ടിപ്പാട്ടും ഇനിയില്ല . തിരിച്ചറിവുള്ള കാലം മുതലേ കമ്മാടത്തു അമ്മ നാട്ടിപ്പണിക്ക് പോയി തുടങ്ങി. ചപ്പിലേട്ടിയും, പാറുവും ‚കാരിച്ചിയും നന്ദിനിയേട്ടിയും കൂടപ്പിറപ്പുകള്‍ പോലെ ഒപ്പം നടന്നവര്‍. ഇവര്‍ ഇന്ന് ഇല്ല. അവര്‍ നീട്ടി പാടിയ നാട്ടിപ്പാട്ടിന്റെ ഈരടികള്‍ കമ്മാടത്തുവമ്മക്കും നല്ല വഴക്കം . പഴയനാട്ടി കാലത്തിന്റെ ഓര്‍മ്മക്കള്‍ അയവിറക്കുന്ന കമ്മാടത്തുവമ്മയുടെ പാട്ട് വടക്കന്‍ പാട്ടിന്റെ വീരനായകന്മാരുടെ പടപ്പാട്ടുകൂടിയായിരുന്നു. ആരോമലും, ഒതേനനും ഉണ്ണിയാര്‍ച്ചയും ഇതില്‍ കഥാപാത്രങ്ങളാകുന്നു. പഴയ കാര്‍ഷിക സംസ്‌കൃതിയുടെ തിരശ്ശേഷിപ്പുകള്‍ കൂടിയാണ് നാട്ടിപ്പാട്ടുകള്‍. അറ്റുപോയ കാര്‍ഷിക സംസ്‌കൃതിയുടെ അവസാനത്തെ കണ്ണിയായി 84 വയസ്സിലും കമ്മടത്തുവമ്മയ്ക്ക് ഒരങ്കത്തിന് ബാല്യമുണ്ട്. നാട്ടിപ്പാട്ടിന്റെ വാമൊഴിവഴക്കും ഇന്നും അറ്റുപോകാതെ നില്‍ക്കുന്നു.