ആയിരം ജന്മത്തിന്‍ സാഫല്യം

Web Desk
Posted on July 28, 2019, 6:41 am

ഡോ. എം ഡി മനോജ്

പ്രണയാര്‍ദ്രമായ പാട്ടിന്റെ ഈരടികളില്‍ അനുഭൂതിപകര്‍ന്നവരുടെ കൂട്ടത്തില്‍ എക്കാലവും മുന്നിലായിരുന്നു ഒഎന്‍വി. പാട്ടിലുണരുന്ന ആര്‍ദ്രസ്മിതങ്ങള്‍ എക്കാലത്തും ശ്രദ്ധേയമായി. പ്രകൃതിയുടെ സംഗീതഭാഷയില്‍ പ്രണയത്തെ അനുഭവിപ്പിക്കുന്ന രീതികള്‍ അദ്ദേഹത്തിന് സ്വന്തമായിരുന്നു. സ്‌നേഹിച്ചു തീരായ്മയെക്കുറിച്ച് കവിതയിലെന്നപോലെ പാടിപ്പുകഴ്ത്തി. പൂവിട്ടു പുകഴ്പാടുന്ന പുലരിയും സന്ധ്യയും രാത്രിയുമെല്ലാം പാട്ടില്‍ ഒരുപോലെ സന്ധിച്ചു. ഒഎന്‍വിയുടെ പാട്ടില്‍ പ്രകൃതിയുടെ അഴകളവുകള്‍ അത്രയ്ക്കുമുണ്ടായിരുന്നു. പാട്ടിന്റെ രൂപഭാവതലങ്ങളില്‍ കൈവരുന്ന അസാധാരണ ദീപ്തികള്‍ ഒഎന്‍വിയില്‍ അധികമായിരുന്നു. പ്രപഞ്ചനാദത്തിന്റെ അപാരമായ സംലയനമുഴക്കം പാട്ടില്‍ നിറച്ചുവെക്കുന്ന രീതികള്‍ കവിയുടെ ഭാവഭൂമികയുടെ മൗലികതകൂടിയായിത്തീരുന്നു. സ്‌നേഹലാവണ്യങ്ങളുടെ ഒരു ഭൂഖണ്ഡം പാട്ടില്‍ നിര്‍മ്മിച്ചെടുക്കുവാന്‍ കവിയ്ക്ക് പ്രകൃതിയുടെ സംഗീതം മാത്രംമതിയായിരുന്നു. പ്രണയഗാനങ്ങളുടെ പദസ്വീകാര്യത്തില്‍ അദ്ദേഹം കാണിച്ച നിഷ്‌കര്‍ഷയും ജാഗ്രതയും അവയുടെ സൗന്ദര്യത്തെ കാലാതിവര്‍ത്തിയാക്കുന്നു. ഓരോ വാക്കിലും ആര്‍ദ്രതയെ നട്ടുപിടിപ്പിച്ച എത്രയോ ഗാനങ്ങള്‍ മലയാളികള്‍ക്ക് നല്‍കി അദ്ദേഹം. അവിടെ ഭൂമിയും സൂര്യനുമടക്കം പ്രകൃതിമുഴുവനും സഹനത്തിന്റെ പ്രതീകങ്ങളായി നിലകൊണ്ടു. ജേസി സംവിധാനം ചെയ്ത ‘നീയെത്രധന്യ’ എന്ന ചിത്രത്തിലെ ‘പുലരികള്‍ സന്ധ്യകള്‍’ എന്ന ഗാനം ഇത്തരമൊരു രീതിയുടെ മികച്ച സാഫല്യമായിത്തീരുന്നു. ഒഎന്‍വിയുടെ ഭാവഗീതപ്രതിഭ അതിന്റെ ഭാവനാകാന്തികള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരു പക്ഷേ, പ്രകൃതിയുടെ ലയഭരനിമിഷങ്ങളിലാണെന്ന് ഉറപ്പുവരുത്താന്‍ ഈ ഗാനം കേട്ടാല്‍ മതി.
‘പുലരികള്‍ സന്ധ്യകള്‍ പുളകിതരാവുകള്‍’ എന്ന പാട്ടില്‍ ദേവരാജസംഗീതം അതിന്റെ മികച്ച മുഹൂര്‍ത്തങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. ആടിത്തിമിര്‍ക്കുന്ന മൂന്നാഴികളുടെ സംഗമസ്ഥാനത്ത് കടലുകളേക്കാള്‍ ആസക്തിയോടെ ഒന്നാകാന്‍ വെമ്പുന്ന പ്രണയികളുടെ ആനന്ദമൂര്‍ച്ഛയെ കെട്ടിപ്പിണയുന്ന തളര്‍ച്ചയെയും ഉണര്‍ച്ചയെയുമൊക്കെ അനുഭവിപ്പിക്കുന്ന പാട്ടാണിത്. വാസ്തവത്തില്‍ ‘ആടിത്തിമിര്‍ത്തു നീരാഴികള്‍ മൂന്നും’ എന്നത് ഈ ഗാനത്തിന് അത്രയ്ക്കും അര്‍ത്ഥവത്താണെന്ന് തോന്നുന്നു. യേശുദാസ്, ഒഎന്‍വി, ദേവരാജന്‍ ത്രയങ്ങളുടെ സമാഗമത്തില്‍ വന്ന ഈ പാട്ടിലുണരുന്ന പ്രണയത്തിനുള്ള ആനന്ദമൂര്‍ച്ഛകള്‍ വലുതായിരുന്നു. കന്യാകുമാരിയിലെ ദേവിക്ഷേത്രത്തിലെ ശ്രീകോവില്‍നടയില്‍ വരണമാല്യമേന്തി നില്‍ക്കുന്ന കന്യകാരൂപം കാണുമ്പോള്‍ നമ്മുടെയുള്ളിലേക്ക് പാട്ടിന്റെ വരികള്‍ ഒഴുകിയെത്തുന്നു.

‘സനേഹിച്ച തെറ്റിനീയേകാന്തതയുടെ
വേദന താനേ വരിച്ച ദേവി’
സ്‌നേഹം വേദനയായി മാറുന്നതിന്റെ പൊരുളുകള്‍ കവിയുടെ മിക്ക പാട്ടിലും നാം കണ്ടതാണ്. വേദനയോടെ, വേപഥുവോടെ വേര്‍പിരഞ്ഞകന്നവര്‍ നമ്മള്‍, ‘സ്‌നേഹത്തിന്റെ മുഖങ്ങള്‍ മനസില്‍ വേദനയായുണരുന്നു എന്നുമൊക്കെ കവി പല പാട്ടുകളിലായി എഴുതി. ഏകാകിനിയായ ആ പെണ്‍മനസിന്റെ വരപ്രസാദമാണവിടുത്തെ പോക്കുവെയില്‍. അവിടെത്തെ സന്ധ്യ ആ മനസിന്റെ ആര്‍ദ്രസ്മിതവുമാകുന്നു. ഇങ്ങനെ പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടവരുടെ അനന്തമായ കാത്തിരിപ്പില്‍ പാട്ടിന്നകങ്ങള്‍ വിങ്ങുകയാണ്. പാടാനല്ലാതെ പരാവര്‍ത്തനം ചെയ്ത് വിശദമാക്കാന്‍ കഴിയാത്ത ഇമേജുകളുടെ സാന്ദ്രാവിഷ്‌കാരമായി മാറുകയാണ് ഈ ഗാനം. പുലരിയും സന്ധ്യയും രാത്രിയും ആഴിയും തീരവും തിരയുമെല്ലാം ജീവിതത്തിന്റെ അനശ്വരതയെയും ക്ഷണികതയെയും ഒരു പോലെ വരച്ചിടുന്നുണ്ട്. വാരിപ്പുണരുകയും കോരിത്തരിക്കുകയും പിന്‍വാങ്ങുകയും ചെയ്യുന്ന പ്രണയത്തിന്റെ തീക്ഷ്ണമായ ജീവിത സമയമാത്രകള്‍ പാട്ടില്‍ ഒരു വേള തിടംവെക്കുന്നു. ആയിരം ജന്മത്തിന്‍ സാഫല്യം ഒരു മാത്രയില്‍ സാന്ദ്രീകരിക്കപ്പെടുന്ന പ്രണയത്തിന്റെ വിനിമയം മുഴുവന്‍ ഈ പാട്ടില്‍ സര്‍ഗാത്മകമായി ആവിഷ്‌കരിക്കപ്പെടുകയാണ്. പ്രകൃതിഘടകങ്ങളായ പുലരി, സന്ധ്യ, രാത്രി, ആഴി, പൂവ്, സൂര്യന്‍ എന്നിങ്ങനെ പാട്ടില്‍ ഭാവസന്തുലനമുണ്ടാക്കുന്ന നിരവധി കല്‍പനകളുടെ അനന്യതകളുമായി ഈ പാട്ട് വേറിട്ടുനില്‍ക്കുന്നു. പാട്ടിലെ ബിംബങ്ങള്‍, പ്രത്യേകിച്ചും ദൃശ്യബിംബങ്ങള്‍ (സൂര്യന്‍, പൂവ്), സ്പര്‍ശബിംബം (വാരിപ്പുണര്‍ന്നു പിന്‍വാങ്ങും തിര)എന്നിങ്ങനെ പാട്ടിന്റെ വൈകാരികതയ്ക്ക് മാറ്റു കൂട്ടുവാന്‍ ഒരുങ്ങി നില്‍ക്കുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അനുഭവിച്ചറിയാവുന്നതും അതിനപ്പുറം അതീന്ദ്രിയാനുഭവമായി മാറുന്നതുമായ കാവ്യബിംബങ്ങള്‍ ഈ പാട്ടില്‍ അവിടവിടെയായി നിറഞ്ഞുകിടക്കുകയാണ്.
ശുദ്ധസാവേരി രാഗത്തിലാണ് ദേവരാജന്‍മാഷ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട പാട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ അദ്ദേഹം ചിലപ്പോഴെങ്കിലും ചെയ്യുന്ന ഹാര്‍മണൈസ്ഡ് രീതികള്‍ ഈ പാട്ടിലുമുണ്ട്. സ്ത്രീ-പുരുഷ ശബ്ദങ്ങളുടെ ‘ഠംീ ുമൃ േഒമൃാീി്യ’ പാട്ടില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. സിത്താറും ഗ്രൂപ്പ് വയലിനുകളുമെല്ലാം ചേര്‍ന്ന് അനുപല്ലവിയുടെയും ചരണത്തിന്റെയുമൊക്കെ ലിങ്കുകളില്‍ കൃത്യമായി ലയിപ്പിച്ചു ചേര്‍ക്കുന്ന ഓര്‍ക്കസ്‌ട്രേഷനാണ് മാഷ് ഈ പാട്ടില്‍ പ്രാധാന്യം നല്‍കിയത്. വാക്കുകള്‍ക്ക് അദ്ദേഹം നല്‍കുന്ന സംഗീതത്തിനാണ് മാറ്റ്. പാട്ടില്‍ പ്രധാനമായും മൂന്നിടങ്ങളില്‍ ആയിരിക്കണം അദ്ദേഹം കൂടുതല്‍ ശ്രദ്ധനല്‍കിയിട്ടുണ്ടാവുക. അതിലൊന്ന് പല്ലവിയിലെ ‘ആഴുന്നു’ എന്ന വാക്കിലായിരുന്നു. ‘ആനന്ദമൂര്‍ച്ചയിലാഴുന്നു’ എന്ന ഭാഗത്തും സംഗീതം ചെയ്തശേഷമായിരിക്കും ‘സൂര്യനെ സ്‌നേഹിച്ച പൂവിന്റെ മോഹവും’ എന്ന അനുപല്ലവി തീര്‍ത്തിട്ടുണ്ടാവുക. അനുപല്ലവിയില്‍ ‘ഏകാന്തത’ എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങളില്‍ സംഗീതം എങ്ങനെ ഉറപ്പിക്കാമെന്നതായിരുന്നു അടുത്ത ശ്രമം. ‘സ്‌നേഹിച്ച തെറ്റിനീ’ എന്ന വരിയിലെ സ്‌നേഹിച്ച എന്ന വാക്കില്‍ ‘സ’ എന്ന സ്വരത്തിലുറപ്പിച്ച് ‘മ’ എന്ന സ്വരത്തിലേക്കാണ് മാഷ് പാട്ടിനെ മാറ്റിസ്ഥാപിക്കുന്നത്. ‘ധപ’ എന്നീ സ്വരങ്ങളെ ഒഴിവാക്കുന്നു. ‘വാരിപ്പുണര്‍ന്നു’ എന്നു തുടങ്ങുന്ന ചരണത്തില്‍ ‘പിന്‍വാങ്ങും’ എന്ന ഭാഗത്തിന് ആദ്യം ഈണം ചെയ്തിട്ടാണ് മറ്റുള്ള വരികളിലേക്കുള്ള യാത്രകള്‍. പല്ലവിക്കും അനുപല്ലവിക്കും ചരണത്തിനും ഇടയില്‍ കൈകോര്‍ത്തു നില്‍ക്കുന്ന സ്വരങ്ങള്‍, തിരകളുടെ അലയടികള്‍ (ണമ്‌ല ഋളളലര)േ ഉണ്ടാക്കുവാനായി ദേവരാജന്‍മാഷ് ബോധപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കുന്നു. ഇങ്ങനെ വാക്കിന്റെ ആത്മാവിലേക്ക് പടര്‍ന്നിറങ്ങുന്ന സംഗീതമാണ് ദേവരാജന്‍മാഷ് ഈ പാട്ടിലും അവലംബിച്ചത്. മെലഡിക്, ഹാര്‍മണിക് എന്നിങ്ങനെയുള്ള രണ്ട് തരം രാഗസമ്പ്രദായങ്ങളും ദേവരാജന്‍മാഷ് ഈ പാട്ടില്‍ ഒരുമിച്ചുകൊണ്ടുവരുന്നു. സ്വരങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയില്‍ നിന്നുണ്ടാകുന്ന ഭംഗികള്‍ പാട്ടിനെ സാന്ദ്രമാക്കുന്നുണ്ട്. രാഗാധിഷ്ഠിതവും നിരവധി ശബ്ദങ്ങളുടെ സമ്മേളനമായ ഹാര്‍മണിയും ഈ പാട്ടില്‍ ഇടകലരുന്നു.
സ്ഥലകാലക്രമങ്ങളുടെ നൈരന്തര്യം ഈ പാട്ടിലും ഒഎന്‍വി സവിശേഷമായ രീതിയില്‍ വിന്യസിച്ചിരിക്കുന്നത് കാണാം. കന്യാകുമാരിദേവിയ്ക്കുള്ള സമൃദ്ധമായ ഒരാദരവ് തന്നെയായിമാറുന്നു, ഈ ഗാനം. കടല്‍തീരത്തു നിന്ന് അനന്തതയിലേക്ക് നീളുന്ന സ്വരസംഗീതം ഈ പാട്ടില്‍ തരംഗിതമായി നിലകൊള്ളുന്നു. പുലരികള്‍, സന്ധ്യകള്‍, രാവുകള്‍ എന്നിങ്ങനെ ദിനരാത്രങ്ങളുടെ മാത്രകള്‍ പ്രപഞ്ചത്തിന്റെ പ്രണയസ്വരമായും സംഗമവേളയായും പരിണമിക്കുന്നതിന്റെ ദീപ്തമുഖം ഈ പാട്ടില്‍ ദര്‍ശിക്കാനാകും. ഹാര്‍മണൈസ് ചെയ്ത ശബ്ദസ്വരലയത്തില്‍ പാട്ടിലൊരു പ്രപഞ്ചം സദാ ഉണര്‍ന്നിരിക്കുന്നു. പ്രണയസാഫല്യത്തിന്റെ മാത്രകള്‍ സാന്ദ്രമാകുന്നുണ്ട് പാട്ടിലുടനീളം. വാക്കുകളില്‍ നിന്നും ഈണങ്ങള്‍ നൂറ്റെടുക്കുന്ന ദേവരാജവൈഭവത്തിന് ഉത്തമോദാഹരണമാണ് ഈ ഗാനം. പ്രകൃതിയെ പാട്ടില്‍ തോറ്റിയുണര്‍ത്തുകയാണിവിടെ. പാട്ടില്‍ സാഹിത്യത്തെയും സംഗീതത്തെയും വീണ്ടെടുക്കുന്നത് എങ്ങനെയാണെന്ന് ദേവരാജന്‍ മാസ്റ്റര്‍ കാണിച്ചുതരുന്നു. ഗാനസാഹിത്യത്തില്‍ കവിതയും കവിതയില്‍ ഗാനാത്മകതയും വേണമെന്ന തിരിച്ചറിവിലായിരുന്നു ഈ പാട്ടിന്റെയും നിര്‍മ്മിതി. സാഗരതീരത്തുയര്‍ന്നു നില്‍ക്കുന്ന ഒരു ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുപോലയുള്ള വിശുദ്ധി ഈ പാട്ടിനെ വലയംചെയ്തു നിലകൊള്ളുന്നു. ആപാതമധുരവും ആലോചനാമൃതവുമായി മാറുകയാണ് ഒരു പാട്ടിന്റെ അകങ്ങള്‍. പാട്ടില്‍ ഒഎന്‍വി എഴുതിയ ഓരോ പദവും അര്‍ത്ഥധ്വനിയോടെ സംഗീതത്തില്‍ ആവിഷ്‌കരിക്കുകയായിരുന്നു ദേവരാജന്‍മാഷ്. ഭാവഗീതത്തിന്റെ സമ്പൂര്‍ണതയിലേക്ക് ഈ ഗാനത്തെ കൊണ്ടുപോകാന്‍ ദേവരാജന്‍മാഷിന് കഴിഞ്ഞതും വരികളില്‍ നിറഞ്ഞുകിടക്കുന്ന ആര്‍ദ്രതകൊണ്ടാവാം. അങ്ങനെ സാങ്കേതികവും ഭാവഗീതാത്മകവുമായ ഒരു സ്വയം സമ്പൂര്‍ണത മാഷ് ഈ ഗാനത്തിലും കൊണ്ടുവരികയാണ്. ഒതുക്കം, മിതത്വം, ഇഴയടുപ്പം എന്നിവയെല്ലാം ഉപകരണ സംഗീതത്തിന്റെ കാര്യത്തിലും അദ്ദേഹം ഈ പാട്ടില്‍ സൂക്ഷ്മമാക്കി. ഹാര്‍മണിയില്‍ ആവിഷ്‌കരിക്കപ്പെട്ട പാട്ടാണെങ്കില്‍ക്കൂടി അതില്‍ നിശബദ്തയുടെ നിറയല്‍ നാമനുഭവിക്കുന്നത് അതുകൊണ്ടാകാം. യേശുദാസിന്റെ ഭാവാലാപനം ഈ പാട്ടിനെ സമ്പൂര്‍ണാര്‍ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. സ്വതസിദ്ധമായ ശബ്ദത്തിന്റെ നേര്‍ത്ത വിഷാദച്ഛവിയും കാല്‍പനിക മാധുര്യവും ഈ പാട്ടിനെയും അനുഗ്രഹിച്ചു. ആയിരം ജന്മത്തിന്‍ സാഫല്യം പോലെ ഒഎന്‍വിയുടെ ഈ ഗാനം നമുക്കു തരുന്ന അനുഭൂതിയും ആത്മഹര്‍ഷവും വേറിട്ടു നില്‍ക്കയാണ്, അതിന്റെ മികവുറ്റ സാക്ഷാത്കാര ധന്യതയില്‍.