ഭീമ കൊറേഗാവ് കേസില്‍ എൻഐഎ അറസ്റ്റ് ചെയ്ത വൈദികനും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എൻഐഎ കോടതി തള്ളി. പ്രായം, അനാരോഗ്യം കോവിഡ് ഭീതി എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
സ്വാമി പാര്‍ക്കിൻസണ്‍സ് രോഗത്തിന് ചികിത്സയിലാണെന്നും അടുത്തിടെയാണ് പ്രോസ്റ്റേറ്റ് ശസ്തക്രിയ നടത്തിയതെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാല്‍ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പഴയതാണെന്നും സ്റ്റാൻ സ്വാമിയുടെ ഇപ്പോഴത്തെ ആരോഗ്യ നിലയുമായി ഇതിനെ ബന്ധപ്പെടുത്താൻ കഴിയില്ലെന്നും എൻഐഎ കോടതിയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ സാഹചര്യം ദുരുപയോഗപ്പെടുത്തി ജയിലില്‍ നിന്ന് പുറത്തുവരാനാണ് സ്വാമിയുടെ ശ്രമമെന്ന് എൻഐഎ കൂട്ടിച്ചേര്‍ത്തു. മവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തിയതിന് സ്റ്റാൻ സ്വാമിക്കെതിരെ ഒട്ടേറെ തെളിവുകളുണ്ടെന്നും കേസിന്റെ ഗൗരവം പരിഗണിച്ച് ജാമ്യാപേക്ഷ തള്ളണമെന്നും എൻഐഎ കോടതിയെ ബോധിപ്പിച്ചു.
ഒക്റ്റോബര്‍ എട്ടിന് അറസ്റ്റിലായ സ്റ്റാൻ സ്വാമിയെ മുംബൈ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നില്ല. തുടര്‍ന്ന് നവിമുംബൈ തലോജയിലെ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അദ്ദേഹം.
ENGLISH SUMMARY: NIA COURT REJECTS STAN SWAMY’S PLEA
YOU MAY ALSO LIKE THIS VIDEO