കനകമല കേസ്: ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി

Web Desk
Posted on November 27, 2019, 1:00 pm

കൊച്ചി: കനകമല കേസിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടു. പ്രതികളായ ആറു പേർക്ക് കോടതി തടവ് ശിക്ഷ നൽകി. ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും, രണ്ടാം പ്രതി ചേലക്കര സ്വദേശി ടി സ്വാലിഹിന് 10 വർഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വർഷം തടവും പിഴയും വിധിച്ചിരിക്കുന്നത്. ആദ്യ രണ്ട് പ്രതികൾക്ക് കേസിൽ നിർണായക പങ്കുണ്ടെന്നും കോടതി കണ്ടെത്തി.

അതേസമയം മറ്റു പ്രതികളായ മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലൻ, കാഞ്ഞങ്ങാട് സ്വദേശി പി. കെ. മൊയ്നൂദീൻ എന്നിവർക്ക് മൂന്നു വർഷമാണ് തടവ്. കൂടാതെ പിഴയുമുണ്ട്. തിരൂർ സ്വദേശി സഫ്വാന് എട്ട് വർഷം തടവും പിഴയുമാണ് ശിക്ഷ. എൻഎയുടെ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ ആറാം പ്രതിയായ ജാസിമിനെ വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേർക്കെതിരെ കോടതി യുഎപിഎ വകുപ്പും ചുമത്തി.

ആഗോള ഭീകരസംഘടനയായ ഐ. എസുമായി ബന്ധപ്പെട്ട് 2016 ഒക്ടോബറിൽ കണ്ണൂരിലെ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്.