സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഗൺമാനെ എൻഐഎ ചോദ്യം ചെയ്തു. യുഎഇ കോൺസുലേറ്റിനെ മറയാക്കി കേരളത്തിലേക്ക് കടത്തിയ കോടികളുടെ സ്വർണക്കടത്തിന് യുഎഇ കോൺസുലേറ്റിന്റെ വാഹനവും ഉപയോഗിച്ചിരുന്നതായും നയതന്ത്ര പരിരക്ഷയുള്ള ബാഗേജിൽ സ്വർണമാണ് ഉണ്ടായിരുന്നതെന്നറിയില്ലായിരുന്നുവെന്നും ഗൺമാൻ ജയഘോഷ് മൊഴി നൽകിയെന്നാണ് വിവരം. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷിനെ ആശുപത്രിയിലെത്തിയാണ് എൻഐഎ സംഘം ചോദ്യം ചെയ്തത്.
വിമാനത്താവളത്തിലെ ഇയാളുടെ മുൻ പരിചയം സ്വപ്നയും സരിത്തും ഉപയോഗപ്പെടുത്തിയിരുന്നു. ഇവർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ലെന്നും ആറ് മാസം മുമ്പും സ്വപ്നയുടെ നിർദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങിയിരുന്നുവെന്നുമാണ് ജയഘോഷിന്റെ മൊഴിയെന്നാണ് വിവരം. പലപ്പോഴും താൻ കോൺസുലേറ്റിലേക്ക് വിമാനത്താവളത്തിൽ നിന്ന് ബാഗേജുകൾ എത്തിച്ചിരുന്നു. അപ്പോഴെല്ലാം കോൺസുലേറ്റ് വാഹനത്തിൽ സരിത്തിനൊപ്പമാണ് താൻ വിമാനത്താവളത്തിൽ പോയിരുന്നത്. എന്നാൽ ഇതിൽ സ്വർണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് ജയഘോഷ് നൽകിയിരിക്കുന്ന മൊഴി.
എന്നാൽ വാർത്ത പുറത്തുവന്ന ശേഷവും ജയഘോഷ് പല തവണ സരിത്തിനെയും സ്വപ്നയെയും വിളിച്ചിട്ടുണ്ടെന്ന കോൾരേഖകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ബാഗിൽ സ്വർണമായിരുന്നെന്ന വാർത്തകൾ പുറത്തുവന്നത് കണ്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനാണ് താൻ സ്വപ്നയെ വിളിച്ചതെന്നായിരുന്നു ജയഘോഷിന്റെ വിശദീകരണം. ജയഘോഷിന്റെ മൊഴി എൻഐഎയും കസ്റ്റംസും പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ സ്വർണമടങ്ങിയ ബാഗ് പല തവണ കൊണ്ടുപോയ ജയഘോഷിലേക്ക് കൂടി അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് സൂചന. ജയഘോഷ് പറഞ്ഞ പല മൊഴികളിലും തിയതികളിലും പൊരുത്തക്കേടുകളുണ്ട്.
കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇയാളെ സിസ്ചാർജ് ചെയ്ത ശേഷം വിശദമായി ചോദ്യം ചെയ്യും. മുമ്പ് നടന്ന സ്വർണക്കടത്തുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ജയഘോഷിൽ നിന്നും അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിമാനത്താവളത്തിലും ഇപ്പോൾ മൂന്ന് വർഷമായി കോൺസുലേറ്റിലുമായാണ് ജയഘോഷ് ജോലി ചെയ്തുതുവരുന്നത്. ഇയാളുടെ സാമ്പത്തിക വളർച്ചയും പരിശോധിക്കും.
ENGLISH SUMMARY: NIA QUESTIONED GUNMAN
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.