പത്തര മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറിനെ വിട്ടയച്ചു

Web Desk

കൊച്ചി

Posted on July 28, 2020, 9:08 pm

സ്വന്തം ലേഖകൻ കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രണ്ടു ദിവസത്തെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആരായേണ്ട സന്ദർഭത്തിൽ വീണ്ടും വിളിപ്പിക്കുമെന്ന സൂചനയാണ് എൻഐഎ നൽകുന്നത്.

ഇടപാടിനെപ്പറ്റി ശിവശങ്കറിനു പ്രതികളിൽനിന്നു വിവരം ലഭിച്ചെങ്കിലും ഗൂഢാലോചനയിലോ ഇടപാടിലോ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ശിവശങ്കറിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവാതിരുന്നത്. സാക്ഷിയാക്കുന്നതും പരിഗണിക്കുന്നുണ്ട്. രാത്രി 8.30 ഓടെയാണ് ചോദ്യം ചെയ്യലിന് ശേഷം എൻഐഎ ഓഫീസിൽ നിന്നും ശിവശങ്കർ പുറത്തിറങ്ങിയത്. സിആർപിസി 160 അനുസരിച്ചാണ് മൊഴിഎടുക്കുന്നതിന് ഹാജരാകാനായി ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകിയത്. ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ ശിവശങ്കറും സ്വപ്നയും താമസിച്ചതിന്റെ പേരിൽ ഗൂഢാലോചന തെളിയിക്കാൻ കഴിയില്ല.

ഗൂഢാലോചനയ്ക്കു ശേഷമാണു സ്വർണക്കടത്ത് നടന്നതെന്നു തെളിഞ്ഞാൽ ശിവശങ്കറും പ്രതിയായേക്കും. ഹെതർ ഫ്ലാറ്റ്, സ്വപ്നയുടെ ഫ്ലാറ്റ്, വാടകവീട് എന്നിവിടങ്ങളിൽ ഗൂഢാലോചന നടന്നോയെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് നീക്കം. സർക്കാർ പരിപാടികളിൽ സ്വപ്നയും സരിത്തും വലിയ സഹായികളായിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങൾ പലതും പ്രതികൾക്കു കൃത്യമായി അറിയാമായിരുന്നു- ശിവശങ്കർ വെളിപ്പെടുത്തി. ഏതെങ്കിലും അഴിമതിയിൽ ശിവശങ്കറിന്റെ പങ്ക് കണ്ടെത്തിയാൽ എൻഐഎ അക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. അങ്ങനെയെങ്കിൽ അത് സിബിഐ അന്വേഷിക്കും. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച ശിവശങ്കർ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്.

പത്തുമണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു നിന്നു. തിങ്കളാഴ്ച കൊച്ചിയിൽ താമസിച്ച ശിവശങ്കർ ഇന്നലെ രാവിലെ വീണ്ടും മൊഴി നൽകുന്നതിനായി ഹാജരായി. പ്രത്യേക സംഘമാണ് മൊഴി എടുത്തത്. എൻഐഎ ദക്ഷിണേന്ത്യൻ മേധാവി കെ ബി വന്ദന ഓൺലൈനിലിലും, ബംഗളൂരു, ഡൽഹി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ഏജൻസിയുടെ സ്പെഷ്യൽ പ്രോസികൂട്ടർ എന്നിവർ നേരിട്ടും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. You may like this video also