ഇരുപതു തവണയായി 88.5 കിലോ സ്വർണം കടത്തി: എൻഐഎ കോടതിയിൽ

Web Desk

കൊച്ചി:

Posted on September 19, 2020, 4:21 pm

നയതന്ത്ര ചാനൽ വഴി 88.5 കിലോഗ്രാം സ്വർണം കടത്തിയതായി, കള്ളക്കടത്തു കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി സമ്മതിച്ചതായി ദേശീയ അന്വേഷണ ഏജൻസി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുപതു തവണ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയതിൽ തനിക്കു പങ്കുണ്ടെന്ന്, മലപ്പുറം സ്വദേശിയായ ഷാഫി സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. യുഎഇയിൽനിന്ന് 88.5 കിലോഗ്രാം സ്വർണം ഇത്തരത്തിൽ കടത്തി. ഇതിൽ 47.5 സ്വർണം അയച്ചത് താനും കൂട്ടാളികളുമാണെന്നും ഷാഫി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഈ സ്വർണം നയതന്ത്ര ബാഗേജിൽ ഒളിപ്പിക്കുന്നതിലും താൻ പങ്കാളിയായിട്ടുണ്ടെന്ന് ഷാഫി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയിലും കേരളത്തിൽ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലുമായാണ് സ്വർണക്കടത്തിന് ഗൂഢാലോചന നടന്നതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കേസിലെ 30 പ്രതികളിൽ 15 പേർ പലപ്പോഴായി യുഎഇയിൽ എത്തി. യുഎഇയിൽ എവിടെയൊക്കെ വച്ചാണ് ആസൂത്രണം നടന്നതെന്ന് ചോദ്യം ചെയ്യലിൽ ഏഴാം പ്രതി വിശദീകരിച്ചിട്ടുണ്ട്.

കടത്താനുള്ള സ്വർണം സംഭരിക്കുന്നതും നയതന്ത്ര ബാഗേജിൽ ഒളിപ്പിക്കുന്നതും സംബന്ധിച്ച ആസൂത്രണമാണ് അവിടെ വച്ചു നടന്നത്. നയതന്ത്ര ബാഗേജ് വഴി വരുന്ന സ്വർണം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് ഗൂഢാലോചന നടന്നതെന്ന എൻഐഎ പറയുന്നു.

ENGLISH SUMMARY: nia report in court on gold scam

YOU MAY ALSO LIKE THIS VIDEO