സ്വര്‍ണക്കടത്ത് കേസ്; മുഖ്യ കണ്ണി കെ ടി റമീസെന്ന് എൻഐഎ

Web Desk

തിരുവനന്തപുരം

Posted on July 21, 2020, 5:14 pm

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന വെളിപ്പെടുത്തലുമായി എൻഐഎ. കേസിലെ മുഖ്യ കണ്ണി കെ ടി റമീസെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി എൻഐഎ അറിയിച്ചു. സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരേയും കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ എൻഐഎ വ്യക്തമാക്കിയത്.

ലോക്ഡൗണ്‍ സമയത്ത് കൂടുതല്‍ സ്വര്‍ണം കടത്താൻ റമീസ് നിര്‍ബന്ധിച്ചുവെന്ന് പ്രതികള്‍ മൊഴി നല്‍കി. റമീസിനോപ്പം വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും എൻഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


കേസിലെ മുഖ്യകണ്ണിയായി കരുതുന്ന റമീസിനെ കസ്റ്റംസ് ഇതിനോടകം തന്നെ പിടികൂടിയിട്ടുണ്ട്. റമീസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള ശ്രമത്തിലാണെന്ന് എൻഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രധാന ഗൂഢാലോചന നടന്നത് തിരുവനന്തപുരത്താണ്. സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് എൻഐഎയ്ക്ക്  ലഭിച്ചത്.

സ്വപ്നയില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്ടോപ്പും എൻഐഎ പിടിച്ചെടുത്തു. ഫോണ്‍ പരിശോധിച്ചപ്പോള്‍ പല ടെലിഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും മറ്റും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇവയെല്ലാം സിഡാക്കിന്റെ സഹായത്തോടെ തിരികെ ശേഖരിച്ചുവെന്നും എൻഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കളളക്കടത്തുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയത് ടെലിഗ്രാമിലൂടെയാണെന്നും എൻഐഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY: nia report on gold scam case

YOU MAY ALSO LIKE THIS VIDEO