Web Desk

ന്യൂഡല്‍ഹി

January 17, 2021, 2:27 pm

കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക: എൻഐഎക്കെതിരെ കര്‍ഷക സംഘടനകള്‍

Janayugom Online

കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷക നേതാക്കളെ ലക്ഷ്യമിട്ടുളള എൻഐഎ അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. അതേസമയം, ഭൂപീന്ദര്‍ സിങ് മൻ പിന്മാറിയ പശ്ചാത്തലത്തില്‍ വിദഗ്ധസമിതി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയകിസാൻ യൂണിയൻ ലോക്ശക്തി സുപ്രീംകോടതിയെ സമീപിച്ചു.

കർഷകരെ ഡൽഹി അതിർത്തിയിലെത്തിച്ച വാഹന ഉടമകൾ, കേബിൾ ടി വി ഓപ്പറേറ്റർമാർ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ, സർക്കാരിതര സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ 12 പേർക്കെതിരെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി നോട്ടീസ് നല്കി. ചോദ്യം ചെയ്യുന്നതിനുവേണ്ടി ഇന്നും നാളെയുമായി ദക്ഷിണ ഡൽഹിയില്‍ സിജിഒ കോംപ്ലക്സിലെ എൻഐഎ ഓഫീസിൽ ഹാജരാകുന്നതിനാണ് ഇവരോട് നിർദ്ദേശിച്ചിട്ടുള്ളത്. കാർഷിക നിയമങ്ങളെ കുറിച്ച് സർക്കാരുമായി നടന്ന ചർച്ചയിൽ പങ്കെടുത്ത ലോക് ബലായി ഇൻസാഫ് വെൽഫേർ സൊസൈറ്റി എന്ന കർഷക സംഘടനയുടെ പ്രസിഡന്റ് ബൽദേവ് സിങ്, സുരീന്ദർ സിങ് തിക്രിവാൾ, പൽവീന്ദർ സിങ്, പ്രദീപ് സിങ്, നോബൽജിത് സിങ്, കർണൗൽ സിങ് തുടങ്ങിയവരോടാണ് ഈ ദിവസങ്ങളിൽ ഹാജരാകുന്നതിന് നിർദ്ദേശിച്ചിട്ടുള്ളത്. അതിർത്തിയിലെ പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങളെ സഹായിച്ചവർക്കെതിരെയും പ്രക്ഷോഭകർക്ക് സംഭാവന നല്കുന്നവർക്കും നോട്ടീസുകൾ നല്കിയിട്ടുണ്ട്.

ടൂറിസ്റ്റ് ബസുടമ, സ്പെയർപാർട്സ് നിർമാതാവ്, കേബിൾ ടിവി ഓപ്പറേറ്റർ എന്നിവർക്കു ലഭിച്ച നോട്ടീസിന്റെ പകർപ്പ് ലഭിച്ചതായി ക്വിന്റ് വാർത്തയിലുണ്ട്.

ജനുവരി 15 ന് വിജ്ഞാൻഭവനിൽ നടന്ന ചർച്ചയിൽ കർഷകസംഘടനകൾ ഈ വിഷയം ഉന്നയിച്ചിരുന്നു. പ്രക്ഷോഭത്തെസഹായിക്കുന്നവരെ സമ്മർദത്തിലാക്കുന്നതിനുള്ള തന്ത്രമാണിതെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി.

കാർഷിക കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഖലിസ്ഥാൻ ഭീകരവാദികളുമായിബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് കേന്ദ്രസർക്കാരും സംഘപരിവാറും പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിലും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതിനുള്ള തെളിവുകൾ ഹാജരാക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:  NIA SHOULD STOP  HAUNT FARMERS

YOU MAY ALSO LIKE THIS VIDEO