സ്വർണക്കടത്ത്സ്വർണം കൊണ്ടുവരുന്നതിന് പിന്നിൽ ആഫ്രിക്കൻ ലഹരി മരുന്ന് സംഘമെന്ന് സംശയമെന്ന് എൻഐഎ

Web Desk

കൊച്ചി

Posted on August 06, 2020, 6:34 pm

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്ന സുരേഷും വിവാഹം കഴിക്കാൻ ആലോചിച്ചിരുന്നതായി എൻഐഎ കോടതിയെ അറിയിച്ചു. ഇതിനിടെ, പ്രതിഭാഗം അഭിഭാഷകൻ സ്വപ്നയുടെ വിവാഹ ഫോട്ടോ കോടതിയിൽ ഹാജരാക്കി. ഇതിൽ അഞ്ചുകിലോ സ്വർണമാണ് സ്വപ്ന ധരിച്ചിരിക്കുന്നത്.

സ്വപ്നയുടെ ലോക്കറിൽ നിന്ന് രണ്ട് കിലോ സ്വർണം കണ്ടെടുത്തുവെന്ന വാദത്തെ മറികടക്കാനാണ് സ്വപ്നയുടെ അഭിഭാഷകൻ ഫോട്ടോ ഹാജരാക്കിയത്. എന്നാൽ ചിത്രം കണ്ട് സ്വർണത്തിന്റെ അളവ് കണ്ടെത്താനാവില്ലെന്നായിരുന്നു എൻ ഐ എ അഭിഭാഷകന്റെ വാദം. സ്വർണം വാങ്ങിയത് സംബന്ധിച്ച തെളിവുകൾ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യുഎഇയിലേക്ക് സ്വർണം കൊണ്ടുവരുന്നതിന് പിന്നിൽ ആഫ്രിക്കൻ ലഹരി മരുന്ന് സംഘം ആണെന്ന് സംശയമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് പിടിയിലായ റമീസ് ടാൻസാനിയയിൽ പോയിരുന്നതായും അവിടെനിന്ന് ചില സാധനങ്ങൾ ഇറക്കുമതി ചെയ്തതായും എൻഐഎ കോടതിയിൽ അറിയിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി വാദ പ്രതിവാദങ്ങളാണ് നിലവിൽ എൻഐഎ കോടതിയിൽ നടക്കുന്നത്. എൻഐഎയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ കോടതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇപ്രകാരമാണ്. കള്ളക്കടത്തിനെപ്പറ്റി സ്വപ്നയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായിട്ടും സ്വപ്നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്ന പ്രതിഫലം പറ്റിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്പെയ്സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയത്.

you may also like this video