വിരമിക്കല്‍ പ്രഖ്യാപിച്ച് ഗായിക നിക്കി മിനാജ്

Web Desk
Posted on September 06, 2019, 1:01 pm

ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ റാപ്പ് ഗായിക നിക്കി മിനാജ് സംഗീത ജീവിതത്തില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുടുംബ ജീവിതത്തിനായി കരിയറില്‍ നിന്നും വിരമിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി.

മരണം വരെ തന്നെ പിന്തുണക്കണമെന്ന് ആരാധകരോടും അവര്‍ ആവശ്യപ്പെട്ടു. സുഹൃത്ത് കെന്നത്ത് പെറ്റിയുമായി താരം ഉടന്‍ വിവാഹിതയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ആല്‍ബം ക്വീന്‍ പരാജയമായതും താരത്തെ വിരമിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സംഗീതപരിപാടികളും താരം ഉപേക്ഷിച്ചിരുന്നു.

2016ല്‍ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം പിടിച്ച വനിതാ പെണ്‍ റാപ്പറാണ് നിക്കി. ഇതുവരെ രണ്ട് കോടിയിലധികം ആല്‍ബങ്ങള്‍ ഇവരുടെതായി വിറ്റഴിച്ചിട്ടുണ്ട്.

36 കാരിയായ നിക്കി മിനാജ് 10 തവണ ഗ്രാമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ നിക്കിയുടെ ‘പിങ്ക് ഫ്രൈഡേ’ എന്ന ആദ്യ ആല്‍ബം ലോകശ്രദ്ധ നേടി. ഡേവിഡ് ഗുയേറ്റ, അരിയാന ഗ്രാന്‍ഡെ, കാന്യെ വെസ്റ്റ്, ജസ്റ്റിന്‍ ബീബര്‍, മഡോണ തുടങ്ങിയവരോടൊപ്പവും ഗാനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആറ് അമേരിക്കന്‍ സംഗീത പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ദ അദര്‍ വുമണ്‍, ഐസ് ഏജ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും പങ്കാളിയായി.