ആരാണ് ഈ മിടുക്കി? സോഷ്യൽ മീഡിയ അന്വേഷിക്കുന്ന ഈ ചുണക്കുട്ടിയെ അറിഞ്ഞോളൂ

സന്ദീപ് ശശികുമാർ

22-11-2019

Posted on November 22, 2019, 12:58 pm

വയനാട്: ബത്തേരി സർവജന സ്‌കൂൾ വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ കഴിഞ്ഞ ദിവസം സ്‌കൂളിൽ വച്ച് പാമ്പുകടിയേറ്റതിനെത്തുടർന്ന് മരണപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും ഇതുവരെയും കേരളം മുക്തി നേടിയിട്ടില്ല. കൃത്യ സമയത്ത് ചികിത്സ നല്കാത്തതിനെത്തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അങ്ങേയറ്റം ഖേദകരമായ സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക പ്രതിഷേധവും ഉയരുകയാണ്.

ഇതിനിടയിൽ ഒരു മിടുക്കി സ്‌കൂൾ അധികൃതരുടെ നടപടിയ്‌ക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ആ കുട്ടിയുടെ ഒരു സമരമുഖത്തെ ചിത്രവും ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സർവജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ നിദ ഫാത്തിമയാണ് ആ മിടുക്കി. സഹപാഠിയുടെ വിയോഗത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തതാണ് മുന്നിൽ നിന്ന നിദ പോയ മാസം ബത്തേരി — മൈസൂർ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നാളെയുടെ പ്രതീക്ഷ എന്ന തലക്കെട്ടിൽ നിരവധി പേരാണ് ചിത്രം പങ്കു വയ്ക്കുന്നത്.

ഒക്ടോബർ 6 ന് പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജോൺസൺ പട്ടുവയൽ പകർത്തിയ ചിത്രമാണ് അത്. യാത്രാ നിരോധനത്തിനെതിരെ വിവിധ സ്‌കൂളിലെ കുട്ടികൾ പങ്കെടുത്ത സമരത്തിൽ വളരെ ചുറുചുറുക്കോടെ പങ്കെടുത്ത ആ മിടുക്കി മറ്റുള്ള വരിൽ നിന്നും വേറിട്ട് നിന്നതായി ഫോട്ടോഗ്രാഫർ ജോൺസൺ വ്യക്തമാക്കുന്നു. നിദയുടെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനൊപ്പം ആ ഫോട്ടോയും ഇപ്പോൾ പ്രചരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ജോൺസൺ ജനയുഗം ഓൺലൈനോട് പറഞ്ഞു.