October 1, 2022 Saturday

Related news

September 28, 2022
July 19, 2022
June 16, 2022
January 20, 2022
January 18, 2022
October 30, 2021
July 29, 2021
July 22, 2021
June 14, 2021
April 30, 2021

നിധി വ്യവസ്ഥകള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി സംഘടന

Janayugom Webdesk
കൊച്ചി
September 29, 2020 3:06 pm

രാജ്യത്തെ നിധി കമ്പനികളുടെ 15%-ത്തിന്റേയും ആസ്ഥാനമായ കേരളത്തില്‍ നിധി കമ്പനികളുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ ചെറുക്കണമെന്ന് നിധി കമ്പനികളുടെ സംഘടനയായ ചേംബര്‍ ഓഫ് നിധി കമ്പനീസ്. ധനകാര്യ മേഖലയിലുണ്ടായ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുടെ പേരില്‍ എന്‍ബിഎഫ്‌സികള്‍, ബാങ്കുകള്‍, നിധി കമ്പനികള്‍, മണി ലെന്‍ഡേഴ്‌സ് ആക്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ എന്നിവരുള്‍പ്പെട്ടതും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയുമായ ഈ മേഖലയെ അപ്പാടെ പഴി ചാരുന്നത് കേരളത്തിന് പൊതുവില്‍ ദോഷകരമാകും.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട സംഘടിത മേഖല സംസ്ഥാനത്ത് ഒരു വര്‍ഷം 2 ലക്ഷം കോടി രൂപയ്ക്കടുത്ത് വായ്പകള്‍ നല്‍കുന്നുണ്ടെന്ന് സംസ്ഥാനത്തെ ചെറുതും വലുതുമായ 900-ഓളം നിധി കമ്പനികളുള്ളതില്‍ 10-ലധികം ശാഖകളുള്ള 150-ഓളം നിധി കമ്പനികളുടെ സംഘടനയായ ചേംബര്‍ ഓഫ് നിധി കമ്പനീസ് പ്രസിഡന്റ് ഡോ. ആഷ്‌ലി ജേക്കബ് മുളമൂട്ടില്‍ പറഞ്ഞു. നിധി കമ്പനികള്‍ മാത്രം സംസ്ഥാനത്ത് ഏതാണ്ട് 18,0000 കോടിയുടെ വായ്പകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

റിസര്‍വ് ബാങ്കിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന എന്‍ബിഎഫ്‌സികളില്‍ ഒരു വിഭാഗത്തിന് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാമെങ്കില്‍ ഈ അനുമതിയ്ക്ക് അപേക്ഷിക്കാത്ത മറ്റൊരു കൂട്ടം എന്‍ബിഎഫ്‌സികള്‍ക്ക് ഡിബെഞ്ചറുകള്‍, ബോണ്ടുകള്‍ എന്നിവ വഴിയ്ക്കാണ് ധനസമാഹരണം നടത്താനാവുക. അതേ സമയം കേരളാ മണി ലെന്‍ഡേഴ്‌സ് ആക്റ്റനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിച്ചു കൂടാ. എന്നാല്‍ നിധി കമ്പനികള്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍, റിക്കറിംഗ് നിക്ഷേപങ്ങള്‍, സേവിംഗ് സ് നിക്ഷേപങ്ങള്‍ എന്നിവ സ്വീകരിക്കാനാവുമെന്ന് ഡോ. ആഷ്‌ലി ജേക്കബ് മുളമൂട്ടില്‍ ചൂണ്ടിക്കാണിച്ചു. നിധി റൂള്‍സ് 2014 അനുസരിച്ച് കമ്പനിയുടെ ആസ്തിയുടെ 20 മടങ്ങ് നിക്ഷേപങ്ങള്‍ നിധി കമ്പനികള്‍ക്ക് സ്വീകരിക്കാനാവും. നിധി കമ്പനികള്‍ക്ക് കാലാവധി നിക്ഷേപങ്ങളിന്മേല്‍ നല്‍കാവുന്ന പരമാവധി കാലപരിധി 5 വര്‍ഷമായും പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവധി നിക്ഷേപങ്ങളുടെ 10% തുക കണക്കില്‍ക്കവിഞ്ഞ നിക്ഷേപമായി (അണ്‍എന്‍കംബേഡ്) സൂക്ഷിക്കാനും നിധി കമ്പനികള്‍ക്ക് ബാധ്യതയുണ്ട്.

ബാങ്കിംഗ് സേവനങ്ങള്‍ ഏറെ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയില്‍ അവ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി നിയമത്തിന്റെ 406(1)-ാം വകുപ്പ് പ്രകാരം നിധി കമ്പനികള്‍ സ്ഥാപിക്കപ്പെട്ടതും അവയ്ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയതുമെന്ന് ഡോ. മുളമൂട്ടില്‍ ചൂണ്ടിക്കാണിച്ചു. ഉപഭോക്താക്കളെ അംഗങ്ങളാക്കിയാണ് ഇത്തരം സേവനങ്ങള്‍ നല്‍കുന്നത്. നിധി കമ്പനിയുടെ പേരിലും നിധി ലിമിറ്റഡ് എന്നുണ്ടായിരിക്കണം. സ്വര്‍ണം, വസ്തു ഈടിന്മേല്‍ നല്‍കുന്ന വായ്പകളാണ് നിധി കമ്പനികളുടെ പ്രധാന ബിസിനസ്. ഈടില്ലാത്ത വായ്പകള്‍ നല്‍കാനും ചിട്ടി നടത്താനും ഇവര്‍ക്ക് അനുമതിയില്ല.

എന്നാല്‍ എന്‍ബിഎഫ്‌സി എന്ന വിഭാഗത്തിനു കീഴില്‍ കണക്കാക്കപ്പെടുമെങ്കിലും നിധി കമ്പനികളുടെ പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി വേണ്ട. കോര്‍പ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായാണ് നിധി കമ്പനികള്‍ സ്ഥാപിക്കപ്പെടുന്നത്. നിധി റൂള്‍സ് 2014‑ന്റെ കര്‍ശന പരിധിക്കുള്ളിലാണ് നിധി കമ്പനികളുടെ പ്രവര്‍ത്തനമെന്നും ചേംബര്‍ ഓഫ് നിധി കമ്പനീസ് ഭാരവാഹികള്‍ പറഞ്ഞു. ഇതനുസരിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മാസം തോറും അര്‍ധവാര്‍ഷികമായും വാര്‍ഷികമായും കംപ്ലയന്‍സ് ഫയലിംഗ് നടത്തണം. മൂന്നു വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നിധി കമ്പനികള്‍ക്കേ ശാഖകള്‍ തുറക്കാനും അവകാശമുള്ളു.

സ്ഥിര, റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് പരമാവധി 12.5% പലിശ മാത്രമേ നിധി കമ്പനികള്‍ക്ക് നല്‍കാനാകൂ എന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കാകട്ടെ ദേശസല്‍കൃത ബാങ്കുകളുടെ നിരക്കില്‍ നിന്ന് പരമാവധി 2% അധികം പലിശ മാത്രമേ നല്‍കാനാവൂ. ഇതിനു പുറമെ മറ്റു കമ്പനികളിലേയ്ക്ക് ഫണ്ട് കൈമാറ്റം ചെയ്യാനും സ്വീകരിയ്ക്കാനും നിധി കമ്പനികള്‍ക്ക് സാധിക്കില്ല.

ഈ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നിധി കമ്പനികള്‍ക്കെതിരെയുള്ള ദുഷ്പ്രചാരണങ്ങള്‍ പൊതുജനങ്ങള്‍ തള്ളിക്കളയണമെന്നും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ചേംബര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ചേബംറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ENGLISH SUMMARY;nidhi com­pa­nies are said to be oper­at­ing in com­pli­ance with fund­ing conditions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.