Web Desk

തിരുവനന്തപുരം

April 20, 2021, 8:12 am

കേരളത്തിൽ ഇന്നുമുതല്‍ രാത്രി കർഫ്യു

Janayugom Online

ഇന്നുമുതല്‍ കേരളത്തിൽ രാത്രി കർഫ്യു നിലവിൽ വരും. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് മണി വരെ ചരക്ക്, പൊതു ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തും. ജനങ്ങൾ പുറത്തിറങ്ങുന്നതും, കൂട്ടംകൂടുന്നതും ഒഴിവാക്കുകയാണ് രാത്രികാല നിയന്ത്രണത്തിന്റെ ലക്ഷ്യം. അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കും.

ഇന്നുമുതൽ കേരളത്തിലുടനീളം ശക്തമായ എൻഫോഴ്സ്മെന്റ് ക്യാമ്പയിൻ നടപ്പിലാക്കാൻ ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതോടെ രണ്ടാഴ്ചത്തേക്കാണ് കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കിയത്.

മാളുകളും മൾട്ടിപ്ളക്സുകളും തിയേറ്ററുകളും വൈകുന്നേരം 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ യോഗങ്ങളും, പരിശീലന പരിപാടികളും മറ്റ് ഒത്തുചേരലുകളും ഓൺലൈനായി മാത്രമേ നടത്താവൂ. ട്യൂഷൻ സെന്ററുകൾ പൂർണമായും അടച്ചിടണം. സാധ്യമായ എല്ലാ മേഖലകളിലും വർക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കണം. ടാക്സികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കാനാണ് നിർദ്ദേശം. ആരാധനാലയങ്ങളിൽ ആരാധനകൾ ഓൺലൈൻ സംവിധാനത്തിലൂടെ നടത്തേണ്ടതാണെന്നും യോഗം നിർദ്ദേശിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടുന്ന സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കണ്ടെത്തിയാൽ അവ നിശ്ചിത ദിവസങ്ങൾ അടച്ചിടാൻ പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും നടപടിയെടുക്കേണ്ടതാണ്.

കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കോവിഡുമായി ബന്ധപ്പെട്ട അവശ്യ ജോലികൾക്ക് കളക്ടർമാർക്ക് നിയോഗിക്കാവുന്നതാണ്. ജില്ലാതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ജില്ലാ, നഗര അതിർത്തികളിൽ പ്രവേശനത്തിനായി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടാൻ പാടുള്ളതല്ല.

നിലവിലെ സാഹചര്യത്തിൽ രണ്ടു തവണ വാക്സിനേഷൻ സ്വീകരിച്ചവരിലും വൈറസ് പടരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വേഗത്തിൽ പടരുന്ന ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് കേരളത്തിൽ വ്യാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിക്കണം.

നാളെയും മറ്റാന്നാളുമായി മൂന്ന് ലക്ഷം ആളുകളെ കോവിഡ് ടെസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ട് രണ്ടാമത്തെ കൂട്ട പരിശോധന നടത്തുവാനും തീരുമാനിച്ചതായി ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നു.

Eng­lish sum­ma­ry: Night cur­few in Kerala

You may also like this video: