തിരുവനന്തപുരം: നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ വനിതാ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ‑വനിതാ ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക എന്നതാണ് ഈ പരിപാടിയുടെ ആദ്യത്തെ ലക്ഷ്യം. ചിലരെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ ശല്യപ്പെടുത്താനായി മുന്നോട്ടുവരുന്ന അവസ്ഥയുണ്ട്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍തന്നെ പോലീസിന് കൊടുക്കുകയും കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കും. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതുയിടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുമായാണ് പരിപാടി.
‘you may also like this video’