മികച്ച താരമായി തിരഞ്ഞെടുത്ത നിഖില്‍ അനില്‍കുമാറും പരിശീലകന് സൈജു ചെറിയാനും
സുനിൽ കെ കുമാരൻ
നെടുങ്കണ്ടം : സംസ്ഥാന സബ് ജൂണിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കായികതാരമായി നിഖില്‍ അനില്‍കുമാറിനെ തിരഞ്ഞെടുത്തത് ഇടുക്കി ജില്ലയ്ക്ക് അഭിമാനമായി. തൃശൂരില്‍ വെള്ളിയാഴ്ച നടന്ന സംസ്ഥാന സബ് ജൂണിയര്‍ ജൂഡോ ചാമ്പ്യന്‍ ഷിപ്പിലാണ് മറ്റ് ജില്ലക്കാരെ മലര്‍ത്തിയടിച്ച് മികച്ച കായികതാരം പട്ടം ഈ കൊച്ചുമിടുക്കന് കരസ്ഥമാക്കിയത്.
നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഖില്‍. 12 വയസ്സിന് കീഴെ 35 കിലോയ്ക്ക് താഴെ വിഭാഗത്തിലാണ് നിഖില്‍ മല്‍സരിച്ചത്. ആറ് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഹിപ്പോണ് പോയിന്റ് (ഉയര്‍ന്ന പോയിന്റ്) നേടിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശിയ ജൂഡോ മത്സരത്തില്‍ നിഖില്‍ പങ്കെടുത്തിരുന്നു. നെടുങ്കണ്ടം ജൂഡോ അക്കാദമിയില്‍ സൈജു ചെറിയാന്റെ ശിക്ഷണത്തിലാണ് ജൂഡോ പരിശീലനം നടത്തിവരുന്നത്. ചോറ്റുപാറ രാമമംഗലത്ത് വീട്ടില്‍ അനില്‍കുമാര്‍-പ്രിയ ദമ്പതികളുടെ മകനാണ് നിഖില്‍ അനില്‍കുമാര്‍.
സംസ്ഥാന സബ് ജൂണിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നീ മെഡലുകള്‍ കരസ്ഥമാക്കി ഇടുക്കി ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ മാസം ഏഴ് മൂതല്‍ 11 വരെ ഹിമാല്ചല്പ്രദേശിലെ പുരിയില്‍ നടക്കുന്ന അഖിലേന്ത്യ സബ് ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയവര്‍ സംസ്ഥാനത്തെ പ്രതിനിധികരിച്ച് മത്സരിക്കും.