നിക്കാഹും മാര്‍ച്ചില്‍ മൊഴിചൊല്ലലും മാര്‍ച്ചില്‍

Web Desk
Posted on November 24, 2017, 10:18 pm

പ്രത്യേകലേഖകന്‍

അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ വിവാഹമോചനം താരതമ്യേന കുറവായ യുഎഇയില്‍ വിവാഹമോചനങ്ങള്‍ അഭുതപൂര്‍വമായി പെരുകുന്നതില്‍ ആശങ്ക. വിവാഹമോചനങ്ങളുടെ എണ്ണമേറുന്നതിനിടയില്‍ വിവാഹങ്ങളുടെ എണ്ണവും ഇവിടെ ഗണ്യമായി താഴുന്നുവെന്ന് സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് വ്യക്തം.
വിവാഹങ്ങള്‍ ഏറ്റവുമധികം നടക്കുന്ന മാര്‍ച്ചിലാണ് യുഎഇയില്‍ ഏറ്റവുമധികം മൊഴി ചൊല്ലലുകളും നടക്കുന്നതെന്നാണ് മറ്റൊരു കൗതുകം. 2014‑ല്‍ അബുദാബിയില്‍ നടന്നത് 6,488 വിവാഹങ്ങള്‍. കഴിഞ്ഞ വര്‍ഷം അത് 5,892 ആയത് ഈ വര്‍ഷം അയ്യായിരത്തിന് താഴെയാകുമെന്നാണ് സൂചന. 2014 ല്‍ ഇവിടെ 1872 വിവാഹമോചനങ്ങള്‍ നടന്നത് കഴിഞ്ഞവര്‍ഷം 1922 ആയി ഉയര്‍ന്നു. ഈ വര്‍ഷം അത് 2500 കവിയുമെന്നാണ് കണക്ക്. വിവാഹമോചനങ്ങള്‍ പെരുകുന്നതും വിവാഹബന്ധങ്ങള്‍ ഉലയുന്നതും സാമൂഹ്യശാപമായി ഗള്‍ഫില്‍ വളരുന്നതിനിടയില്‍ വിവാഹ പ്രായമെത്തിയിട്ടും പുരനിറഞ്ഞു നില്‍ക്കുന്നതാണ് ഭേദമെന്ന മനോഭാവവും അറബി യുവതികളില്‍ വളര്‍ന്നുവരുന്നുവെന്നാണ് മറ്റൊരു കണക്ക്. ഗള്‍ഫ് രാജ്യങ്ങളിലെ 78 ശതമാനം വിവാഹങ്ങളുടേയും ആയുസ് ശരാശരി 3 വര്‍ഷമാണ്. സൗദി അറേബ്യയിലാണങ്കില്‍ ഒരു മണിക്കൂറില്‍ ശരാശരി 7 വിവാഹമോചനങ്ങള്‍ നടക്കുന്നു.
മൊഴിചൊല്ലല്‍ വ്യാപകമായി പെരുകിയതോടെ സൗദി അറേബ്യയില്‍ വിവാഹമേ വേണ്ട എന്ന് ബലംപിടിച്ചുനില്‍ക്കുന്ന യുവതികള്‍ പതിനഞ്ച് ലക്ഷത്തിലേറെയാണ്. ആറ് വയസുകാരിയെ 75 വയസുകാരന്‍ നിക്കാഹ് കഴിക്കുന്ന സൗദിയിലെ കണക്ക് ഇതാണെങ്കില്‍ ഖത്തറിലെ വിവാഹപ്രായമെത്തിയവരില്‍ കാല്‍ഭാഗവും വിവാഹവിരക്തര്‍. നിക്കാഹും വേണ്ട മൊഴിചൊല്ലലിന്റെ പൊല്ലാപ്പും വേണ്ടെന്നു കരുതി വിവാഹജീവിതം തന്നെ വേണ്ടെന്നുവച്ചുകഴിയുന്ന ഒന്നേമുക്കാല്‍ ലക്ഷം യുവതികളാണ് യുഎഇയിലുള്ളത്. ഒമാനിലും കുവൈറ്റിലും വിവാഹിതരില്‍ 70 ശതമാനവും രണ്ട് വര്‍ഷത്തിനുള്ളില്‍ മൊഴി ചൊല്ലുന്നുവെന്ന കണക്ക് വേറെ.
കടുത്ത പാരമ്പര്യവാദത്തിലും യാഥാസ്ഥിതികമാമൂലുകളിലും വേരുറച്ചുനില്‍ക്കുന്ന സൗദി സമൂഹത്തെക്കാള്‍ പരിഷ്‌കൃതമായ യുഎഇ സമൂഹത്തിലെ 22.2 ശതമാനം വിവാഹങ്ങള്‍ക്കും ഒരു വര്‍ഷത്തെ ആയുസേ ഉള്ളു.