Web Desk

December 18, 2019, 10:14 pm

നികുതിപിരിവ് ഊർജ്ജിതപ്പെടുത്താൻ റവന്യൂ വകുപ്പിനെ ശക്തിപ്പെടുത്തണം

Janayugom Online

 

എസ് ഷാജി

സംസ്ഥാന ഖജനാവിലേയ്ക്ക് നിയമാനുസൃതം ലഭിക്കേണ്ട വിവിധ ഇനം നികുതികളും, നികുതി കുടിശ്ശികയും ഫലപ്രദമായി പിരിച്ചെടുത്തു വരുമാനം വർദ്ധിപ്പിക്കുന്നതിന് റവന്യൂ വകുപ്പിനെ ശക്തിപ്പെടുത്താൻ സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതാണ്. വിവിധ വകുപ്പുകളിൽനിന്നും നികുതി കുടിശ്ശികയായി 4500 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. റവന്യൂ റിക്കവറി നടപടികളിലൂടെ, ഇതിന്റെ 75 ശതമാനവും, റവന്യൂ വകുപ്പിന് പിരിച്ചെടുക്കാൻ കഴിയും. ധനവകുപ്പ് പിരിക്കാവുന്ന തുക കൃത്യമായി തിട്ടപ്പെടുത്തി നൽകിയാൻ ഈ സാമ്പത്തിക വർഷംതന്നെ കുടിശ്ശിക പിരിച്ചെടുക്കാൻ റവന്യൂ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

നടപ്പ് സാമ്പത്തികവർഷം നവംബർ 30 വരെ റവന്യൂ വകുപ്പ് ലാന്റ് റവന്യൂ ഇനത്തിൽമാത്രം 242.70 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. മുൻവർഷം ഇതേ സമയത്തെക്കാൾ 23.48 കോടിരൂപയുടെ അധികവരുമാനം കൈവരിക്കാൻ കഴിഞ്ഞിരിക്കുന്നു. തുടർന്നുവരുന്ന മാസങ്ങളിൽ പിരിവ് ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ റിക്കവറി ഇനത്തിൽ മുൻവർഷത്തെ അപേക്ഷിച്ചു നടപ്പ് സാമ്പത്തിക വർഷത്തിൽ 34.82 കോടി രൂപയുടെ കുറവ് വന്നിട്ടുണ്ട്. 2018ഓഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയം കണക്കിലെടുത്ത് കർഷകർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വിവിധ വായ്പകളിൻമേലുള്ള ജപ്തിനടപടികൾക്ക് ഒരു വർഷത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു, 12.10. 2018 ലെ സ. ഉ. (എം. എസ്. )നം. 367/2018/റവ. , സ. ഉ. (കൈ)നമ്പർ 146/2019/റവ. എന്നിവ പ്രകാരം ഉത്തരവായിരുന്നു. ഇതുമൂലം കർഷകർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും എടുത്തിട്ടുള്ള കാർഷിക വായ്പകളിൽ റവന്യൂ റിക്കവറി നടപടികൾ നിർത്തി വച്ചിട്ടുള്ളത് ആർ ആർ പിരിവിനെ ബാധിച്ചിട്ടുണ്ട്.

2019–20 സാമ്പത്തിക വർഷത്തെ റവന്യൂ റിക്കവറി ടാർജറ്റ് 1000. 92 കോടി രൂപയാണ്. കർഷകരുടേയും, ഇടത്തരക്കാരുടേയും വായ്പകളിന്മേൽ മൊറട്ടോറിയം നിലനിൽക്കവേതന്നെ ഈ വര്‍ഷം നവംബർ 30 വരെ 400 കോടി രൂപ പിരിച്ചെടുത്തുകഴിഞ്ഞു. ശേഷിക്കുന്ന തുക സമാഹരിക്കാൻ റവന്യൂവകുപ്പ് ഊർജ്ജിത നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ലാന്റ് റവന്യൂ ഇനങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നവയാണ് കെട്ടിട നികുതി, ആഡംബര നികുതി എന്നിവ. എന്നാൽ റവന്യൂ വകുപ്പിനെ പുനഃസംഘടിപ്പിക്കാത്തതുമൂലം പ്രതിവർഷം ഏകദേശം 112 കോടി രൂപയുടെ നികുതിനഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നികുതി ചുമത്തേണ്ട കെട്ടിടങ്ങളുടെ ലിസ്റ്റ് ശേഖരിക്കുന്നതിനുള്ള കാലതാമസം, വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ യഥാസമയം നികുതി നിർണ്ണയം നടത്തി ഉത്തരവ് നൽകാൻ കഴിയാതിരിക്കുക, ഉത്തരവ് നൽകിയ കേസുകളിൽ നികുതി യഥാസമയം പിരിച്ചെടുക്കാതിരിക്കുക, നികുതി നിർണ്ണയശേഷവും കെട്ടിടങ്ങളിൽ തുടർന്നുണ്ടാകുന്ന കൂട്ടിച്ചേർക്കലുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ജീവനക്കാരുടെ അഭാവംമൂലവും, സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കാത്തതുമൂലവും വകുപ്പിന് ഇപ്പോഴും കെട്ടിട നികുതി പിരിക്കാൽ യഥാവിധി നടത്താൻ കഴിയുന്നില്ല. കെട്ടിടനികുതിയിനത്തിൽ 43.67 കോടി രൂപയ്ക്കും, ആഡംബര നികുതി ഇനത്തിൽ 2.16 കോടി രൂപയ്ക്കും സ്റ്റേ നിലവിലുണ്ട്.

കെട്ടിട നികുതി, ആഡ‍ംബരനികുതി ഇനങ്ങളിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ വളരെ കൂടുതൽ സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഈ സ്റ്റേ നീക്കിയാൽതന്നെ 46 കോടി രൂപ ഖജനാവിലേക്ക് ലഭ്യമാകും. 2019 ലെ ധനകാര്യബിൽ മുഖേന വരുത്തിയ ഭേദഗതിപ്രകാരം 1975 ലെ കേരള കെട്ടിടനികുതി നിയമം വകുപ്പ് 5എ ഷെഡ്യൂളിൽ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ 01.04.99 നോ, അതിന് ശേഷമോ പണിപൂർത്തിയാക്കിയിട്ടുള്ള 278.7 ച. മീ. കൂടുതൽ വിസ്തീർണ്ണമുള്ള, താമസ ആവശ്യത്തിനുള്ള എല്ലാ കെട്ടിടങ്ങൾക്കും ആഡംബര നികുതി ചുമത്തണമെന്ന് നിർദ്ദേശിക്കുന്നു. ഈ സാമ്പത്തികവർഷം 155.54 കോടി രൂപ കെട്ടിട നികുതി ഇനത്തിലും 32.09 കോടി രൂപ ആഡംബരനികുതി ഇനത്തിലും പിരിക്കാനാണ് വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ ഈ വര്‍ഷം ഒക്ടോബർവരെ 86.47 കോടി രൂപ, 6.25 കോടി രൂപ യഥാക്രമം കെട്ടിടനികുതി, ആഡംബര നികുതി ഇനത്തിൽ പിരിച്ചെടുക്കാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. നികുതി പിരിവ് ഊർജ്ജിതപ്പെടുത്താനും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിനും റവന്യൂവകുപ്പിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് നിരവധി വർഷങ്ങളുടെ പഴക്കം ഉണ്ട്. യുഡിഎഫ് സർക്കാരിന്റെ നയങ്ങളും നിഷേധാത്മക നിലപാടുംമൂലം ജീവനക്കാർ ഒന്നടങ്കം ആ ഭരണകാലയളവ് മുതൽ അസംതൃപ്തരാണ്. മാറി വന്ന എല്‍ഡിഎഫ് സർക്കാരിന്റെ ധനവകുപ്പും റവന്യൂ ജീവനക്കാരുടെ ന്യായമായ സ്ഥാനക്കയറ്റങ്ങളും, ആവശ്യങ്ങളും ശ്രദ്ധിക്കാൻ തയ്യാറായിട്ടില്ല.

എട്ടും, ഒൻപതും ശമ്പളകമ്മിഷനുകൾ ജീവനക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട സർക്കാരുകൾ അവ നടപ്പിലാക്കിയിട്ടില്ല. 10ാം ശമ്പളകമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ, ജോലിഭാരത്തിനനുസൃതമായ വേതനവർദ്ധനവ് അനുവദിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് ജീവനക്കാർക്ക് ലഭ്യമാകാതിരിക്കാൻ ധനവകുപ്പിലെ ചില ഉന്നതർ തടസ്സം നൽക്കുകയാണ്.

ഇന്ത്യയിൽ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ‘ജില്ലാ റവന്യൂ ഓഫീസർ’ തസ്തിക നിലവിലുണ്ടെങ്കിലും കേരളത്തിൽ ഈ തസ്തിക സൃഷ്ടിച്ചിട്ടില്ല. സംസ്ഥാനത്തെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, പരാതികൾ, പട്ടയ വിതരണം, മിച്ചഭൂമിവിതരണം, സർക്കാർ ഭൂമി സംരക്ഷണം, സർവ്വേ സംബന്ധമായ പരാതി തീർപ്പാക്കൽ, പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനം, തെരഞ്ഞെടുപ്പ് ജോലികളുടെ നിർവ്വഹണം, സെൻസസ് ജോലികൾ, വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായവിതരണം, ക്യാൻസർ, ടിബി പെൻഷൻ വിതരണം, ദേശീയ കുടുംബക്ഷേമ പദ്ധതി സഹായം, ആശ്രിതനിയമന പദ്ധതി, അപേക്ഷകളുടെ തീർപ്പാക്കൽ, 2007 ലെ സീനിയർ സിറ്റിസൺസ് ആന്റ് മെയിന്റനൻസ് ആക്ട് പ്രകാരമുള്ള പരാതികൾ തീർപ്പാക്കൽ, 2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് വകുപ്പ് 51 മുതൽ 67 വരെ പ്രതിപാദിക്കുന്ന ഫൈൻ ഈടാക്കൽ, 2007 ലെ കേരള നെൽവയൽ തണ്ണീർത്തടനിയമം അനുശാസിക്കുന്ന അപേക്ഷകളിന്മേലുള്ള തീർപ്പ് കൽപിക്കൽ, 1973ലെ ക്രിമിനൽ പ്രൊസീജ്യർ കോനികുതി കുടിശ്ശികഡിലെ (സിആര്‍പിസി) യും, 1860 ലെ ഇന്ത്യൻ പീനൽ കോഡിലെയും എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ പ്രവർത്തനങ്ങൾ, സർക്കാർ ഏൽപിക്കുന്ന പദ്ധതികൾ തുടങ്ങിയ ദൈനംദിന പ്രവ‍ൃത്തികൾ കൂടാതെയാണ് മേൽ പ്രസ്താവിച്ച നികുതികളും, നികുതി കുടിശ്ശികയും വകുപ്പ് പിരിച്ചെടുക്കുന്നതെന്ന കാര്യം പ്രത്യേകം രേഖപ്പെടുത്തുന്നു.

നികുതിയും, നികുതികുടിശ്ശികയും യഥാസമയം പിരിച്ചെടുക്കുന്നതും, പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതും വകുപ്പിലെ ഏറ്റവും അടിത്തട്ടിലുള്ള വില്ലേജ് ജീവനക്കാരാണ്. എന്നാൽ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ഇപ്പോഴും 1972 ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ബാധിച്ചിട്ടുള്ള സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് റവന്യൂ വകുപ്പിനെ ശക്തിപ്പെടുത്തി നികുതി കുടിശ്ശിക സമയബന്ധിതമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ കാലവിളംബമില്ലാതെ നടപ്പിലാക്കേണ്ടതാണ്.