കെ കെ ജയേഷ്

June 14, 2020, 4:30 am

ജീവിതം നാടകം, തീക്കാറ്റൂതിയ യാത്രാപഥങ്ങളെക്കുറിച്ച് നിലമ്പൂര്‍ ആയിഷ…

Janayugom Online

നാടക രംഗത്തേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ചൊരു കാലം. മുസ്ലീം പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും അവകാശമില്ലാതിരുന്ന ആ കാലത്താണ് ഇ കെ അയമു എഴുതിയ ‘ജ്ജ് നല്ല മന്സനാകാൻ നോക്ക്’ എന്ന നാടകത്തിലൂടെ നിലമ്പൂർ ആയിഷ നാടകവേദിയിലെത്തിയത്. പിന്നീടങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. സമുദായ പ്രമാണിമാരുടെ എതിർപ്പുകളെ നേരിട്ട് ആയിഷ വേദികളിൽ നിറഞ്ഞു നിന്നു. ജനഹൃദയങ്ങൾ കീഴടക്കി. കല്ലേറും കയ്യടികളും മാറി മാറി ലഭിച്ചു. വേഷം കെട്ടിയാടുമ്പോൾ ഒരിക്കൽ ആരോ വേദിയിലേക്ക് നിറയൊഴിച്ചു. അപവാദപ്രചരണങ്ങളും കുറ്റപ്പെടുത്തലുകളും ആവോളം ഉണ്ടായി. സധൈര്യം എല്ലാറ്റിനെയും നേരിട്ട ആയിഷ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ. .

ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നോട്ട് പോവുകയാണ്. യുവകലാസാഹിതി നാടക ഗ്രാമം എഫ് ബി പേജിൽ നടത്തി വരുന്ന നാടക വർത്തമാനങ്ങൾ സംവാദ പരിപാടിയിൽ പങ്കെടുത്ത് നിലമ്പൂർ ആയിഷ തന്റെ ജീവിതം പറയുന്നു. ലൈംഗികതൊഴിലാളിയോ മറ്റോ ആയിപ്പോകുമായിരുന്ന തന്റെ ജീവിതത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയത് നാടകവും കലാപ്രവർത്തനവുമാണ്. ഇനി ഏത് കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് തനിക്ക് താനായി അഭിനയിക്കാനാണ് ഇഷ്ടമെന്നും ഇവർ വ്യക്തമാക്കുന്നു.

കണ്ണീരിൽ കുതിർന്ന ഒരു കാലം 

സമ്പന്നമായ ഒരു കുടുംബത്തിൽ നിലമ്പൂരിലായിരുന്നു എന്റെ ജനനം. ബാപ്പയ്ക്ക് കുറേ ബിസിനസ്സുകളുണ്ടായിരുന്നു. സമ്പത്തും തറവാട്ടു മഹിമയും ആവശ്യത്തിലേറെ. എന്നാൽ കുറേക്കാലം കഴിഞ്ഞപ്പോൾ ബിസിനസ്സുകളെല്ലാം തകർച്ചയിലായി. ബാപ്പ സാമ്പത്തികമായി തകർന്നതോടെ ജീവിതം പ്രയാസത്തിലേക്ക് നീങ്ങി. ബാപ്പ മരിക്കുമ്പോൾ ഏഴു മക്കളിൽ ഒരാളുടെ വിവാഹം മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. വിശപ്പ് സഹിക്കാനാവാതെ സഹോദരൻ എന്റെ മുന്നിലിരുന്ന് കരയും. ഇത് കണ്ടിരിക്കാനാവാതെ ഉമ്മ അരിമില്ലിൽ പണിക്ക് പോയിത്തുടങ്ങി. മറ്റ് മാർഗങ്ങളില്ലാതെ ഞാനും സഹോദരങ്ങളും കശുഅണ്ടി പെറുക്കാനും മറ്റും പോവും. പണിക്ക് പോയിത്തുടങ്ങിയതോടെ അഞ്ചാം ക്ലാസില്‍ എന്റെ പഠനം അവസാനിച്ചു. ഈ സമയത്താണ് വിവാഹാലോചന വരുന്നത്.

പതിമൂന്ന് വയസ്സു മാത്രമായിരുന്നു എനിക്കന്ന് പ്രായം. വരന് 47.വിവാഹം വേണ്ടെന്ന് വാശിപിടിച്ചു നോക്കിയെങ്കിലും അന്നത്തെ സാഹചര്യങ്ങൾ എന്നെ അതിന് അനുവദിച്ചില്ല. കുറച്ചു ദിവസമേ ഭർത്താവിനൊപ്പം ജീവിച്ചുള്ളു. വിവാഹ ബന്ധം വേർപെടുത്തി സ്വന്തം വീട്ടിലേക്ക് പോന്നു. വീട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞത്. അതോടെ തകർന്നുപോയി. ഇനി എങ്ങനെ മുന്നോട്ട് പോകും എന്നറിയില്ല. ജീവിക്കേണ്ടെന്ന് തീർച്ചപ്പെടുത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും സഹോദരൻ കണ്ടതുകൊണ്ട് രക്ഷപ്പെടുത്തി. മരിക്കുകയല്ല, ജീവിച്ച് കാണിക്കുകയാണ് വേണ്ടതെന്നായിരുന്നു സഹോദരൻ അന്ന് എന്നോട് പറഞ്ഞത്. ആ വാക്കുകൾ തന്നെയാണ് മുന്നോട്ട് പോകാൻ എനിക്ക് ധൈര്യം നൽകിയത്.

ചരിത്രപരമായ തുടക്കം

1953 ൽ നിലമ്പൂർ കലാസമിതിക്ക് വേണ്ടി ഇ കെ അയമു എഴുതിയ ‘ജ്ജ് നല്ല മന്സനാകാൻ നോക്ക്’ എന്ന നാടകത്തിലൂടെയാണ് ഞാൻ അഭിനയം രംഗത്തെത്തിയത്. ജമീല എന്ന കഥാപാത്രമായി അരങ്ങിലെത്തിയപ്പോൾ അത് ചരിത്രപരമായൊരു തുടക്കമായിരുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. മുസ്ലീം പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും അവകാശമില്ലാതിരുന്നൊരു കാലത്ത് നാടകവേദിയിലേക്ക് ചുവടുവെക്കുക. പലരും ശത്രുപക്ഷത്ത് നിന്ന് വേട്ടയാടുക. . എതിർപ്പുകളെ നേരിട്ട് സധൈര്യം മുന്നോട്ടുപോവുക. സാമൂഹ്യ മാറ്റത്തിന് വഴിവെച്ച, കേരള ചരിത്രത്തിൽ ഇടംപിടിച്ച ശ്രദ്ധേയമായ കുറേ നാടകങ്ങളിൽ വേഷമിടാൻ കഴിയുക. ആ കാലത്തെക്കുറിച്ച് അഭിമാനത്തോടെയാണ് ഞാനിന്ന് ഓർമ്മിക്കുന്നത്. നിലമ്പൂരിനെ സംബന്ധിച്ച് കർഷക കുടുംബങ്ങളായിരുന്നു ഇവിടെ കൂടുതലുമുണ്ടായിരുന്നത്.

നാടകങ്ങളോ സിനിമയോ ഒന്നുമില്ല. അക്കാലത്താണ് ഇ കെ അയമു എഴുതിയ ‘ജ്ജ് നല്ല മന്സനാകാൻ നോക്ക്’ എന്ന നാടകം അവതരിപ്പിക്കപ്പെടുന്നത്. നാടകത്തിൽ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും പുരുഷൻമാരായിരുന്നു സ്ത്രീ വേഷം കെട്ടി അഭിനയിച്ചിരുന്നത്. നല്ല അഭിപ്രായം നേടിയ നാടകം കുറേ വേദികളിൽ കളിച്ചു. പക്ഷെ സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീകൾ തന്നെ അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാവും എന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം. ഒരിക്കൽ തൃശ്ശൂരിൽ നാടകം കളിച്ചപ്പോൾ ഇ എം എസും ഒളപ്പമണ്ണയും കെ പി ആർ ഗോപാലനുമെല്ലാം കാണാനെത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ ഗ്രീൻ റൂമിലെത്തിയ ഇ എം എസ് നാടകത്തെ അഭിനന്ദിച്ചു.

കർഷകത്തൊഴിലാളികളടെ ജീവിതം പറയുന്ന സാമൂഹ്യ പ്രസക്തിയുള്ള നാടകമാണ് ഇതെന്നും നാടകത്തിൽ രണ്ട് സ്ത്രീകൾ കൂടി ഉണ്ടെങ്കിൽ കൂടുതൽ മികവോടെ അവതരിപ്പിക്കാൻ കഴിയുമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതോടെ നാടകപ്രവർത്തകർ നടികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. അങ്ങനെ അങ്ങിനെ നിലമ്പൂർ ബാലൻ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സഹോദരി ജാനകിയെ ഒരു കഥാപാത്രത്തിന് വേണ്ടി നിശ്ചയിച്ചു. മറ്റേ കഥാപാത്രത്തിന് വേണ്ടിയുള്ള അന്വേഷണം അവർ തുടർന്നു.

അന്വേഷണം യാദൃച്ഛികമായി എന്നിലേക്ക് 

തീർത്തും യാദൃച്ഛികമായാണ് ഞാൻ നാടകത്തിലെത്തിയത്. ‘ജ്ജ് നല്ല മന്സനാകാൻ നോക്ക്’ എന്ന നാടകം നാട്ടിൽ കളിക്കുമ്പോഴൊന്നും ഞാനത് കണ്ടിരുന്നില്ല. നാട്ടിലെ അലക്കുകാരനായ വീരമുത്തു നാടകത്തിൽ അഭിനയിക്കുന്ന ആളായിരുന്നു. ഇടയ്ക്ക് അദ്ദേഹം ഞങ്ങളുടെ വീട്ടുമുറ്റത്ത് നാടകം കളിക്കും. അത് കണ്ട് എനിക്കും നാടകത്തോട് താത്പര്യമുണ്ടായിരുന്നു. ഉമ്മയ്ക്ക് ഒരു ഗ്രാമഫോണുണ്ട്. ഞാനതിൽ പാട്ടുകേട്ടിരിക്കും. ഒരു ദിവസം എനിക്ക് കാല് വയ്യാണ്ടിരിക്കുകയാണ്. ഗ്രാമഫോണിൽ കേട്ട ഒരു ഹിന്ദി പാട്ട് ഞാൻ അഭിനയിച്ച് പാടിക്കൊണ്ട് വരാന്തയിലിരിക്കുകയാണ്. അപ്പോഴാണ് കഥാപാത്രമാകാൻ യോജിച്ച നടിയെയും അന്വേഷിച്ചുകൊണ്ട് പലയിടത്തും കറങ്ങി ഇ കെ അയമുവും എന്റെ ജ്യേഷ്ഠൻ മാനു മുഹമ്മദും വീട്ടിലേക്ക് കയറിവരുന്നത്. എന്റെ പാടിക്കൊണ്ടുള്ള അഭിനയം കണ്ടപ്പോൾ എന്തുകൊണ്ട് ഇവളെ നാടകത്തിൽ അഭിനയിപ്പിച്ചുകൂടാ എന്നായി അയമുവിന്റെ ചോദ്യം.

അപ്പോൾ ഉമ്മ വന്ന് അയ്യോ അതൊന്നും വേണ്ട സമുദായം ഭ്രഷ്ട് കൽപ്പിക്കുമെന്ന് പേടിയോടെ പറഞ്ഞു. ഇതുകേട്ടുകൊണ്ടിരുന്ന ഞാൻ ഒരു ധൈര്യത്തിന് അഭിനയിക്കാൻ തയ്യാറാണന്ന് പറയുകയായിരുന്നു. രക്ഷിക്കാൻ കഴിയാത്ത മതക്കാർ ശിക്ഷിക്കാനും മെനക്കെടേണ്ട. ഞാൻ അഭിനയിക്കും എന്ന് പറഞ്ഞപ്പോൾ ഉമ്മയ്ക്കും സമ്മതിക്കേണ്ടിവന്നു. അഭിനയിക്കാനുള്ള താത്പര്യത്തിന് പിന്നിൽ എന്റെ ഗതികേടും ഉണ്ടായിരുന്നു. കുഞ്ഞിനെ നല്ല നിലയിൽ വളർത്തണം. അതിന് നാടകം എന്നെ സഹായിക്കുമെന്ന് തോന്നി. അങ്ങനെ ഇ കെ അയമുവും എന്റെ ജ്യേഷ്ഠൻ മാനു മുഹമ്മദും കൂടി എന്നെ സ്റ്റേജിലേക്ക് കൈപിടിച്ചു കയറ്റി.

ലക്ഷ്മി കൊട്ടകയിലെ ആദ്യനാടകാവതരണം

നാടകത്തിന്റെ റിഹേഴ്സൽ പത്ത് ദിവസം കൊണ്ട് പൂർത്തിയായി. നാടകം കളിക്കാൻ പോകുന്നതിന്റെ തലേ ദിവസം ഏറനാടിന്റെ വിരിമാറിൽ നിന്നും ഒരു അനാഘൃത പുഷ്പം, ആയിഷ എന്ന പെൺകുട്ടി നാടകത്തിലേക്ക് എന്നൊരു പത്രവാർത്ത വന്നു. ഇതോടെ ഏറനാട്ടിൽ നിന്നുള്ള പെൺകുട്ടി ആരാണന്നറിയാനുള്ള ആകാംക്ഷയിലായി എല്ലാവരും. ഫറോക്കിലെ ലക്ഷ്മി കൊട്ടകയിൽ ആയിരുന്നു നാടകം അരങ്ങേറിയത്. ഞങ്ങൾ നാടകം കളിക്കാൻ അവിടെ എത്തുമ്പോൾ നാട്ടുകാരും അവിടുത്തുകാരുമെല്ലാം ചേർന്ന് വലിയൊരു ജനക്കൂട്ടം. ചുവപ്പ് വളണ്ടിയർമാൻ കൈകോർത്ത് പിടിച്ചാണ് എന്നെ സ്റ്റേജിലേക്ക് കയറ്റിയത്.

അക്രമിക്കാൻ വന്നവരെല്ലാം അവിടെ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചാണ് പിരിഞ്ഞുപോയത്. ഒരു കർഷക കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുകയായിരുന്നു നാടകം. ആദ്യമായി സ്റ്റേജിൽ കയറിയതായിരുന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞുവെന്ന് ആളുകളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായി. പിറ്റേ ദിവസം കോട്ടക്കലിൽ നാടകത്തിന് ബുക്കിംഗ് കിട്ടി. പിന്നെ തലശ്ശേരി. തുടർന്ന് 2500 ഓളം വേദികളിൽ ആ നാടകം ജൈത്ര യാത്ര നടത്തി.

വേദിയിലേക്ക് വെടിയുതിർത്തു

നാടകവുമായി മുന്നോട്ട് പോകുമ്പോൾ ഏറെ പ്രയാസങ്ങൾ സഹിച്ചിട്ടുണ്ട്. പലയിടത്തു നിന്നും കല്ലേറ് കിട്ടി. നെറ്റി പൊട്ടി ചോരവന്നപ്പോഴും ഞാൻ പതറാതെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മഞ്ചേരിയിൽ നാടകം അവതരിപ്പിക്കുമ്പോഴാണ് ആരോ വേദിയിലേക്ക് വെടിവെച്ചത്. എന്തോ ഒരു ശബ്ദം കേട്ടിരുന്നെങ്കിലും ഞാൻ എന്റെ ഡയലോഗ് പറഞ്ഞു തീർത്തു. കർട്ടന്‍ വീണ ശേഷം നോക്കുമ്പോൾ എയർ ഗണ്ണിന്റെ ചില്ല് വേദിയിൽ. പിന്നെ പുറത്തേക്കിറങ്ങാൻ ഭയമായി. പലവഴികളിലൂടെ ചുറ്റിവളഞ്ഞാണ് അന്ന് നാട്ടിലേക്ക് തിരിച്ചുപോയത്. നാടകം അവതരിപ്പിക്കാൻ ചില സ്ഥലങ്ങളിൽ പോകുമ്പോൾ കേരളാ നൂർജഹാൻ അഭിനയിക്കുന്നുവെന്നെല്ലാം അനൗൺസ്മെന്റ് ഉണ്ടാവും.

മറ്റ് ചിലയിടങ്ങളിൽ മുസ്ലീം വനിത നാടകത്തിലേക്കല്ല, നരകത്തിലേക്കാണ് എന്നെല്ലാം പറഞ്ഞ് വാഹനത്തിൽ എതിരാളികൾ അനൗൺസ്മെന്റ് നടത്തും. എല്ലാം സഹിച്ചുകൊണ്ടാണ് നാടകങ്ങളിൽ അഭിനയിക്കാൻ പോയിക്കൊണ്ടിരുന്നത്. പലയിടത്തു നിന്നും ഭക്ഷണം കിട്ടില്ല. വെള്ളം പോലും കിട്ടാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. എന്നാലും നാടകം കളിക്കും. ഒരിക്കൽ ഏഴോം എന്ന സ്ഥലത്ത് പോകുമ്പോൾ മുട്ടത്തെത്തിയപ്പോൾ ഒരു പുഴ കടക്കണം. അതിനായി വള്ളത്തിൽ കയറിയപ്പോഴാണ് അതിലെ ഒരു ജാഥ വന്നത്.

നാടകത്തിൽ അഭിനയിക്കാൻ വന്ന മുസ്ലീം വനിതയെ കൊല്ലണം എന്നെല്ലാം പറഞ്ഞ് ആയുധങ്ങളുമേന്തി വന്നവർ ഞങ്ങളെ അക്രമിക്കാൻ വന്നു. അതിനെയെല്ലാം നേരിട്ട് ഞങ്ങൾ നാടകം കളിച്ചപ്പോൾ ജനങ്ങൾ ആവേശത്തോടെ ഞങ്ങളെ വളഞ്ഞു. വലിയ സ്വീകരണമാണ് അവിടെ പിന്നീട് ലഭിച്ചത്. ദിവസം നിരവധി വേദികളിൽ നാടകം കളിച്ച അനുഭവമുണ്ട്. അന്നൊക്കെ ഉറങ്ങാൻ പോലും പറ്റില്ല. എങ്കിലും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഞങ്ങൾ സ്റ്റേജിലേക്ക് കയറും. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാൻ ഞങ്ങളുടെ നാടകങ്ങളും പങ്കുവഹിച്ചു എന്നറിയുന്നതിൽ വലിയ സന്തോഷം.

ഇ കെ അയമുവിന്റെ മതിലുകൾ

എന്നെ ഏറ്റവും സ്വാധീനിച്ച നാടകം ഇ കെ അയമുവിന്റെ മതിലുകളാണ്. ഏറെ പ്രസക്തിയുള്ള, ഇക്കാലത്തും കളിക്കാവുന്ന നാടകമാണത്. മതിലുകൾ വേർതിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണത്. ഇ കെ അയമു കാൻസർ ബാധിതനായി കിടക്കുമ്പോഴാണ് ഈ നാടകം എഴുതിയത്. ഇത് പുസ്തകമാക്കിയപ്പോൾ ഞാനും നിലമ്പൂർ ബാലനും കൂടിയാണ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് പുസ്തകം നൽകിയത്. ഇത് അരങ്ങിൽ അവതരിപ്പിക്കുമ്പോൾ താനുണ്ടാവുമോ എന്നായിരുന്നു ഡോക്ടറോടുള്ള അദ്ദേഹത്തിന്റെ ദയനീയമായ ചോദ്യം. മതിലുകളിലെ ലക്ഷ്മിയമ്മ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും.

കെ ടി മുഹമ്മദിന്റെ അഭിനയ കളരി 

കെ ടിയെപ്പറ്റി പറയാതെ എന്റെ നാടകലോകം പൂർണ്ണമാകില്ല. ഞങ്ങൾ നാടകം കളിക്കുന്ന കാലത്താണ് കെ ടി മുഹമ്മദ് ഒരു ചെറുകഥ എഴുതിയത്. കണ്ണുകൾ എന്ന ആ കഥയ്ക്ക് അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചു. അവാർഡ് വാങ്ങാനായി ഡൽഹിയിൽ പോയ കെ ടി പനി പിടിച്ച് അവിടെ ചികിത്സയിലായി. അപ്പോഴാണ് നാടകത്തിൽ ഒരു മുസ്ലീം പെൺകുട്ടി അഭിനയിക്കുന്നു എന്ന വിവരം അദ്ദേഹം അറിയുന്നത്. അത് കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി. പനി പൂർണ്ണമായി മാറാതെ ഡൽഹിയിൽ നിന്നും വന്ന കെ ടി ഉസ്മാൻ ഡോക്ടറുടെ ക്ലിനിക്കിൽ അഡ്മിറ്റായി. അവിടെ വെച്ച് അദ്ദേഹം ഡോക്ടറോട് എന്നെപ്പറ്റി അന്വേഷിച്ചു. അദ്ദേഹത്തിന്റെ നാടകത്തിൽ എന്നെ അഭിനയിപ്പിക്കണം എന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. ഉസ്മാൻ ഡോക്ടർ ഒ കെ പറഞ്ഞപ്പോൾ കെ ടി എന്നെ വിളിച്ചു. മനുഷ്യമനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു കലാരൂപമാണ് നാടകമെന്നായിരുന്നു അദ്ദേഹം കണ്ടപ്പോൾ തന്നെ എന്നോട് പറഞ്ഞത്.

ഓരോ സന്ദർഭത്തിനും കഥാപാത്രങ്ങളുടെ വികാരങ്ങൾക്കും അനുസരിച്ച് അഭിനേതാവിന്റെ ചലനങ്ങൾ എങ്ങിനെയായിരിക്കണമെന്നെല്ലാം എന്നെ പഠിപ്പിച്ചത് കെ ടി യാണ്. ‘ഇത് ഭൂമിയാണ്’, ‘ഈ ദുനിയാവിൽ ഞാനൊറ്റയ്ക്കാണ്’, ‘ജ്ജ് നല്ല മന്സനാകാൻ നോക്ക്’, ‘മതിലുകൾ’, ‘ഉള്ളതുപറഞ്ഞാൽ’, ‘കരിങ്കുരങ്ങ്’, ‘കാഫിർ’, ‘തീക്കനൽ’, ‘സൃഷ്ടി’ തുടങ്ങി നിരവധി നാടകങ്ങളിൽ ഇതിനകം ഞാൻ വേഷമിട്ടുകഴിഞ്ഞു. സിനിമ നമ്മളെ കൂടുതൽ പ്രശസ്തരാക്കും. പക്ഷെ നാടകം ജനങ്ങളോട് അവരുടെ മുന്നിൽ നിന്ന് സംവദിക്കുകയാണ്.

അതുകൊണ്ട് തന്നെ നാടകം ജീവിതം തന്നെ 1983 ൽ നാടകവും സിനിമയുമെല്ലാം ഉപേക്ഷിച്ച് സൗദിയിലേക്ക് പോയ ഞാൻ പതിനെട്ട് വർഷത്തോളം അവിടെ വീട്ടുജോലി ചെയ്തു. പിന്നീട് തിരിച്ചെത്തിയ ശേഷം ‘ഉള്ളതു പറഞ്ഞാൽ’ എന്ന നാടകത്തിലൂടെ വീണ്ടും അരങ്ങിലെത്തി. എസ് എൽ പുരം സദാനന്ദൻ പുരസ്ക്കാരം, മികച്ച നടിയ്ക്കുള്ള സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്ക്കാരം, മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം, കായലാട്ട് രവീന്ദ്രൻ പുരസ്ക്കാരം, എൻ സി ശേഖർ പുരസ്ക്കാരം എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. ആത്മകഥ ‘ജീവിതത്തിന്റെ അരങ്ങ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

സിനിമയുടെ ലോകം

1961 ൽ പുറത്തിറങ്ങിയ ‘കണ്ടം ബച്ച കോട്ടി‘ലൂടെയാണ് ‍ഞാൻ സിനിമാ ലോകത്തെത്തിയത്. കുട്ടിക്കുപ്പായത്തിലെ അൽപ്പം കോമഡി കലർന്ന കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. ബഹദൂറിന്റെ ഭാര്യയായിട്ടായിരുന്നു ആ സിനിമയിൽ വേഷമിട്ടത്. ഓരോയിടത്തും പോയി കുറേ നുണകളും ഏഷണികളും പറഞ്ഞ് നടക്കുന്ന ഒരു കഥാപാത്രം. സത്യൻ, പ്രേം നസീർ, മധു, അടൂർ ഭാസി തുടങ്ങിയ പ്രശസ്തരായ നടൻമാർക്കൊപ്പമെല്ലാം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.

ലൈലാ മജ്നു, കുപ്പിവള, കാത്തിരുന്ന നിക്കാഹ്, കാട്ടുപൂക്കൾ, തൊമ്മന്റെ മക്കൾ, കാവ്യമേള, തങ്കക്കുടം, പാതിരാവും പകൽവെളിച്ചവും, കാത്തിരുന്ന നിമിഷം, ചുവന്ന വിത്തുകൾ, തേൻതുള്ളി, നാലുമണി പൂക്കൾ, അന്യരുടെ ഭൂമി, മൈലാഞ്ചി, സുബൈദ, അമ്മക്കിളിക്കൂട്, ചന്ദ്രോത്സവം, മകൾക്ക്, ദൈവനാമത്തിൽ, പരദേശി, കൈയ്യൊപ്പ്, ഷേക്സ്പിയർ എം എ മലയാളം, വിലാപങ്ങൾക്കപ്പുറം, പാസഞ്ചർ, ബാല്യകാലസഖി, പേടിത്തൊണ്ടൻ, ആലിപ്, കമ്പാർട്ട്മെന്റ്, നിക്കാഹ്, കാ ബോഡിസ്കേപ്പ്, ഹലോ ദുബായ്ക്കാരൻ, മട്ടാഞ്ചേരി, ഖലീഫ, കൂടെ, പന്ത്, വൈറസ്, കക്ഷി അമ്മിണിപ്പിള്ള, മാമാങ്കം, ഉടലാഴം, ഊമക്കുയിൽ പാടുമ്പോൾ, ഓളവും തീരവും, പാലേരി മാണിക്യം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു.

അഭിനയ ജീവിതത്തിലെ തിക്താനുഭവങ്ങൾ

ശാന്താദേവി, വിജയലക്ഷ്മി, വിലാസിനി, ജാനകി തുടങ്ങി നിരവധി പേർ എനിക്കൊപ്പം അരങ്ങിലുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും കഴിഞ്ഞ നാളുകൾ. കാലം കഴിഞ്ഞപ്പോൾ പുതിയ കാലത്ത് ചില തിക്താനുഭവങ്ങൾ എനിക്കുണ്ടായി. പുതിയ ആളുകൾക്ക് പലപ്പോഴും എന്നോട് അസഹിഷ്ണുത തോന്നാൻ തുടങ്ങി. ഞാൻ കടന്നുവന്ന വഴികളെക്കുറിച്ച് അറിയാവുന്നവർ നൽകുന്ന അംഗീകാരവും കെ ടി മുഹമ്മദിന്റെ ശിഷ്യയെന്ന പരിഗണന ലഭിക്കുന്നതും പലർക്കും എന്നോടുള്ള വിരോധത്തിന് കാരണമായി. നാടകങ്ങൾ കളിക്കുന്ന സ്ഥലങ്ങളിൽ ചിലപ്പോൾ എനിക്ക് സ്വീകരണവും നൽകാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങളും അഭിനയിക്കുന്നവരല്ലേ. .

എന്നിട്ട് ഇവരെ മാത്രമെന്താ ആദരിക്കുന്നത് എന്നൊക്കെ പലരും പറഞ്ഞു തുടങ്ങി. അവർ എന്നെ അവഗണിക്കാനും കുറ്റപ്പെടുത്താനും തുടങ്ങിയതോടെ മനസ്സു മടുത്തു. ഞാൻ കടന്നുവന്ന വഴികളെയാണ് ആദരിക്കുന്നത് എന്ന് തിരിച്ചറിയാൻ അവർക്കാർക്കും കഴിഞ്ഞില്ല. അതോടെ കുറേക്കാലം നാടകവേദിയിൽ നിന്നും ഞാൻ മാറി നിൽക്കുകയും ചെയ്തു.

കലാകാരിയെന്ന നിലയിൽ സംതൃപ്ത

കലാകാരിയെന്ന നിലയിൽ ഞാൻ പൂർണ്ണ സംതൃപ്തയാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോയതും മകളെ വളർത്തിയതും നാടകത്തിലൂടെയായിരുന്നു. നല്ലൊരു കലാകാരിയായി അറിയപ്പെടാനും കഴിഞ്ഞു. അഞ്ചാം ക്ലാസുവരെ മാത്രം പഠിച്ച ഞാൻ ലോകത്തെ അറിഞ്ഞതും നാടകത്തിലൂടെയാണ്.

അതിനെല്ലാം കെ ടി മുഹമ്മദിനോടും ഇ കെ അയമുവിനോടും നിലമ്പൂർ ബാലനോടും കെ ജി ഉണ്ണിയോടും ജ്യേഷ്ഠൻ മാനു മുഹമ്മദിനോടും പിന്നെ എന്നെ സ്നേഹിക്കുന്ന നാട്ടുകാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

നാടകത്തിന് വേണ്ടി സഹിച്ച ബുദ്ധിമുട്ടുകളിൽ എനിക്ക് വേദനയില്ല. എവിടെയൊക്കെയോ എനിക്ക് വിജയിക്കാൻ കഴിഞ്ഞു എന്ന സന്തോഷം മാത്രമേയുള്ളു. നല്ല കഥാപാത്രങ്ങളെ കിട്ടിയാൽ നാടകത്തിലും സിനിമയിലും തുടർന്നും