നിലമേല്‍ പ്രഭാകരന്‍ : കാലത്തിനു മുന്‍പേ നടന്ന കമ്മ്യൂണിസ്റ്റ്

Web Desk
Posted on September 15, 2019, 9:15 am

ജി എല്‍ അജീഷ്
ഫോട്ടോ : റഫീക്ക് അലന്‍ നിലമേല്‍

കൊല്ലം നിലമേല്‍ എന്ന നാട്ടുപുറത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ആശാന്‍ എന്ന വിളിപ്പേരുള്ള നിലമേല്‍ വി പ്രഭാകരന്റെത്. 90 വയസ്സിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ആശാന്‍ അടിപതറാത്ത കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ ഭാഗം തന്നെയാണ്. കിളിമാനൂര്‍ ചെങ്കികുന്ന് കൊടിവിള വേലായുധന്‍ വൈദ്യന്റേയും കളത്തില്‍ വീട്ടില്‍ ജാനകിയുടേയും മകനായി കൊല്ലവര്‍ഷം 1105 ചിങ്ങമാസത്തിലാണ് വി പ്രഭാകരന്റെ ജനനം. ചിറയിന്‍കീഴ്, നിലമേല്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ എഴാം തരം വരെ പഠനം നടത്തി. ദിവസവും രാവിലെ 8 മണിയോടെ കടയ്ക്കല്‍ നിലമേല്‍ റോഡിന്റെ ഓരത്ത് കൂടി പഴയമോഡല്‍ വളഞ്ഞ കാലുള്ള കുടയുമായി ആശാന്‍ നടന്നു വരുന്നത് ഒരു പതിവ് കാഴ്ചയാണ്… വാര്‍ദ്ധക്യത്തിലെ ചില ബുദ്ധിമുട്ടുകള്‍ ആശാന്റെ ശരീരത്തില്‍ കടന്നു വന്നെങ്കിലും പഴയ ആ പോരാട്ട വീര്യത്തിന്റെ കരുത്തും മനസാന്നിദ്ധ്യവും ഇന്നും ആശാന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഒപ്പംമുണ്ട്. രാവിലെയുളള യാത്ര പാര്‍ട്ടി ആഫീസിലേക്ക് തന്നെ ആണ്… എല്ലാ ദിവസവും നിലമേല്‍ വി വി രാഘവന്‍ സ്മാരകത്തില്‍ എത്തി അവിടെ വരാന്തയുടെ അകത്തെ കസേരയിലിരുന്നു പത്രം വായിക്കുന്നതും പാര്‍ട്ടി ആഫീസില്‍ എത്തുന്നവരോട് കുശലം പറഞ്ഞും ഒപ്പം അവര്‍ക്കു പറയാനുള്ള വിവിധ കാര്യങ്ങള്‍ സശ്രദ്ധം കേട്ടും ‚പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടും, ഇന്നിന്റെ രാഷ്ട്രീയം ചര്‍ച്ച സമഗ്രമായി അവലോകനം ചെയ്തും കടന്നു പോകുകയാണ് ആശാന്റെ ദിനചര്യ. വൈകുന്നേരങ്ങളില്‍ അതെ വഴിയിലൂടെ വീട്ടിലേക്കൊരു മടക്കയാത്രയും.

1945 ആഗസ്റ്റ് 15 ന് ബോബൈയില്‍ എത്തിയ വി.പ്രഭാകരന്‍ തയ്യല്‍ തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു .അവിടെ എഐറ്റിയുസി യില്‍ അംഗമായി പ്രവര്‍ത്തിച്ചു. 1946ല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചു. മൂന്ന് വര്‍ഷത്തെ ബോബൈ വാസത്തില്‍ നിന്നും കിട്ടിയ അനുഭവങ്ങളുമായി 1948 ല്‍ നിലമേല്‍ തിരികെയെത്തി. ബീഡി തൊഴിലാളികളെയും, തയ്യല്‍ തൊഴിലാളികളെയും സംഘടിപ്പിച്ചു. അന്ന് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന പോരേടത്തുള്ള ടെയ്‌ലര്‍ വേലുവിനെയും അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ജോലിയും ചെറിയ വരുമാനവും നല്‍കുന്നതിനായി ജീവിത മാര്‍ഗ്ഗമെന്ന നിലയില്‍ 1948 ല്‍ സോഡാ ഫാക്ടറി നിലമേല്‍ ആരംഭിച്ചു. കര്‍ഷക തൊഴിലാളി മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലമേല്‍ ഉണ്ണിത്താനെ പോലുള്ള ഭൂഉടമകളുടെ പാടങ്ങളില്‍ പണി എടുത്തിരുന്ന തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. നിലമേല്‍ ഉണ്ണിത്താന്റെ ഭൂമിയില്‍ ധാരാളം കുടിക്കിടപ്പുകാര്‍ ഉണ്ടായിരുന്നു. അവരുടെ അവകാശ സമരങ്ങളും ആശാന്റെ നേതൃത്വത്തിലായിരുന്നു. അന്ന് കൂലിയായി കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത് നെല്ല് ആയിരുന്നു. അത് മാറ്റുന്നതിനുള്ള സമരവും സംഘടിപ്പിച്ചു. കൊല്ലം ജില്ലയിലെ ആദ്യത്തെ തോട്ടം തൊഴിലാളി യൂണിയന്റെ നേതാക്കളില്‍ ഒരാളും പ്രഭാകരന്‍ ആശാന്‍ ആയിരുന്നു. കൊട്ടാരക്കര താലൂക്കിലെ തോട്ടം തൊഴിലാളി യൂണിയന്റെ ദീര്‍ഘകാലത്തെ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളി സംഘാടനത്തിലും അദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ട്. പാവപ്പെട്ട ജനവിഭാഗങ്ങളെ സാമൂഹ്യമായി ഉയര്‍ത്തുന്നതിനും അദ്ദേഹം ശ്രമിച്ചു.

ബാര്‍ബര്‍ ഷോപ്പിന്റെ വാതില്‍ ഹരിജനങ്ങള്‍ക്കായി തുറന്നു നല്‍കാന്‍ മുന്നിട്ടു നിന്നു. ചായക്കടയില്‍ എല്ലാപേര്‍ക്കും തുല്യത ഉറപ്പാക്കുവാനായി. ആശാന്റെ സുഹൃത്തും കമ്മ്യൂണിസ്റ്റുമായിരുന്ന മുഹമ്മദ് സാലിയെ കൊണ്ട് ചായക്കട തുടങ്ങിച്ചു. ഈ പ്രവര്‍ത്തനത്തിന് എ അലിയാരു കുഞ്ഞ്, മുഹമ്മദ് സാലി എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിലമേല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ രൂപീകരണത്തില്‍ നിസ്തൂലമായ പങ്ക് വഹിച്ച ആശാന്‍ ബാങ്ക് ഭരണസമിതി അംഗവും ആയിരുന്നു. നിലമേല്‍ ലോക്കല്‍ കമ്മിറ്റി ആഫീസായ വിവി രാഘവന്‍ സ്മാരകത്തിന് 17 സെന്റ് സ്ഥലം കണ്ടെത്തുന്നതിനും ആശാന്റ പരിശ്രമം ഉണ്ടായിരുന്നു
1954ല്‍ നടന്ന ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് ക്രൂരമായ മര്‍ദ്ദനവും ജയില്‍വാസവും ഏറ്റുവാങ്ങി. വെളിയം ഭാര്‍ഗ്ഗവന്‍, ഇ ചന്ദ്രശേഖരന്‍ നായര്‍, സി എന്‍ രാഘവന്‍പിള്ള തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ജില്ലയിലെ പ്രധാന നേതാവായി ഉയര്‍ന്നു. എം എന്‍ ഗോവിന്ദന്‍ നായര്‍ വെട്ടിക്കവലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ പ്രഭാകരന്‍ ആശാനും ഉണ്ടായിരുന്നു. ആശാനെ പൊലീസ് കള്ളകേസില്‍ കുടുക്കി. അന്ന് ആശാനുവേണ്ടി കോടതിയില്‍ വാദിച്ചത് ഇ ചന്ദ്രശേഖരന്‍ നായരുടെ പിതാവ് ഈശ്വരപിള്ള വക്കീല്‍ ആയിരുന്നു. 92 രാഷ്ട്രീയ സമര കേസ്സുകള്‍ 90 വയസ്സിനിടയില്‍. നേരിടേണ്ടി വന്നു. കൊട്ടാരക്കര, പുനലൂര്‍, കൊല്ലം തുടങ്ങിയ കോടതികളിലാണ് കേസ്സുകള്‍ അധികവും ഉണ്ടായിരുന്നത്. പണ്ട് 5 കോടതികളില്‍ ഒരുമിച്ച് ഒരു ദിവസം കേസ്സിന് ഹാജരാകേണ്ടി വന്നതായും ഓര്‍ക്കുന്നു.

57 ലും 60 ലും ചടയമംഗലത്ത് മത്സരിച്ച വെളിയം ഭാര്‍ഗ്ഗവന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു. 1964ലെ പാര്‍ട്ടി ഭിന്നിപ്പിനു ശേഷം ആശാന്‍ സി പി ഐ ക്കൊപ്പം നിലയുറച്ചു. ആക്കാലത്തെ പ്രതിബന്ധങ്ങളേയും പ്രശ്‌നങ്ങളേയും സധൈര്യം നേരിട്ടു. പാര്‍ട്ടി ഭിന്നിപ്പിന്റെ കാലത്ത് തിരുവനന്തപുരത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആഫീസായ ഇപ്പോഴത്തെ എംഎന്‍ സ്മാരകം പിടിച്ചെടുക്കാന്‍ ചിലര്‍ എത്തിയപ്പോള്‍ അതിനെതിരെ പ്രതിരോധത്തിന്റെ കവചം തീര്‍ത്തത് ആശാന്റെ നേതൃത്വത്തിലുള്ള 18 വോളന്റിയര്‍മാര്‍ ആയിരുന്നു. 1965 ല്‍ കമ്പനി മല എസ്റ്റേറ്റ് സമരത്തില്‍ പങ്കെടുത്തപ്പോള്‍ ആശാന് കമ്പനി മുതലാളിയുടെ വെടിയേറ്റു. കമ്പനി മല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കെതിരെ കോഴഞ്ചേരി മുതലാളി മാര്‍വലിയ തൊഴില്‍ ചൂഷണം നടത്തിയപ്പോള്‍ ഇതിനെതിരെ തോട്ടം തൊഴിലാളികള്‍ സത്യഗ്രഹസമരം ആരംഭിച്ചു. ഈ സമയം കമ്പനി മുതലാളി പുനലൂര്‍ നിന്നും വേറെ കരിങ്കാലി പണിക്കാരെ ക്കൊണ്ടുവന്ന് പണിയെടുപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചപ്പോഴാണ് പ്രഭാകരന് നേരെ മുതലാളി നിറയൊഴിച്ചത്. വെടിയേറ്റ ആശാന്‍ അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 1967 ലും 70 ലും എംഎന്‍ നിയമസഭയില്‍ മത്സസരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചതും ആശാന്‍ തന്നെയായിരുന്നു. കണ്ണൂരിലെ മാടായി, നീലേശ്വരം ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ആശാന്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചു. നിലമേല്‍ എന്‍എസ്എസ് കോളേജിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. നിലമേല്‍ വേലായുധന്‍ ഉണ്ണിത്താന്‍ വിട്ടു നല്‍കിയ 10 ഏക്കര്‍ സ്ഥലവും, പിന്നെ അവിടെ കുടികിടപ്പായി കിടന്ന 25 ഏക്കര്‍ സ്ഥലവും ആശാന്റെ ഇടപെടലിലൂടെ ഏറ്റെടുത്തു. നിര്‍മ്മാണ കമ്മിറ്റിയുടെ കണ്‍വീനറും വി പ്രഭാകരനാശാന്‍ ആയിരുന്നു. കുടികിടപ്പുകാര്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ഉള്‍പ്പെടെ നിലമേലിലെ സര്‍ക്കാര്‍. വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ ആശാന്റെ പങ്ക് നിര്‍ണ്ണായകമായിരൂന്നു, നിലമേല്‍ ‘സൗഹാര്‍ദ്ദ സമിതി’ ഗ്രന്ഥശാലയുടേയും തുടക്കവും ആശാന്റെ ശ്രമഫലമായിരുന്നു. നിലമേല്‍ എന്‍ എസ് എസ് കോളേജില്‍ 1967ല്‍ മംഗളത്തെ ജീവിത സഖിയായി സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള ലളിതമായ വിവാഹം. ഒരു മകന്‍ ജോയി. പിന്നീട് ഭാര്യ വേര്‍പെട്ടു. 1967 ല്‍ ചിതറ പഞ്ചായത്തില്‍ മങ്കോട് ഒരു പ്രാഥമിക വിദ്യാലയവും ആശാന്റെ നേതൃത്വത്തില്‍ തുടങ്ങി. കടയ്ക്കല്‍ കുറ്റിക്കാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ട്രസ്റ്റ് മെമ്പറായി ആശാന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ദീര്‍ഘകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു.പിന്നീട് മണ്ഡലം കമ്മിറ്റിയായി മാറിയപ്പോള്‍ 1980 ല്‍ ചടയമംഗലം മണ്ഡലം സെക്രട്ടറിയായും ഏറെ കാലം പ്രവര്‍ത്തിച്ചു. 1977 ലും 80 ലും ഇ ചന്ദ്രശേഖരന്‍ നായരും 1982 ല്‍ കെ ആര്‍ ചന്ദ്രമോഹനനും മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് മുന്‍പന്തിയിലായിരുന്നു. ഒരിക്കല്‍ മാത്രം 1963ല്‍ അന്നത്തെ ചടയമംഗലം പഞ്ചായത്തിലെ നിലമേല്‍ വാര്‍ഡില്‍ മത്സരിച്ചു. പിന്നെ ആശാന്‍ തെരഞ്ഞെടുപ്പ് മത്സരത്തിന് തയ്യാറായിട്ടില്ല. 15 ഓളം പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ കാര്‍ക്കശ്യമുള്ള ഒരു കമ്മ്യൂണിസ്റ്റായി ഇന്നും ആശാന്‍ കളങ്കമില്ലാത്ത മനുഷ്യനായി ജീവിക്കുന്നു.