Thursday
21 Feb 2019

നിളയുടെ കാമുകന്‍

By: Web Desk | Sunday 8 July 2018 7:32 AM IST

കല്ലട ശ്രീകുമാര്‍
നിളയുടെ തീരമാണ് കേരളത്തിലെ എഴുത്തുകാരുടെ പരമ്പരക്ക് ജന്മം കൊടുത്തതെന്ന് വിശ്വസിക്കുന്ന ഒരു എഴുത്തുകാരന്‍. വെറുമൊരു എഴുത്തുകാരനല്ല, പോരാളിയായൊരു എഴുത്തുകാരനാണ് ആലങ്കോട് ലീലാകൃഷ്ണന്‍. കോമേഴ്‌സില്‍ ബിരുദമെടുത്ത് കേരള ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥനായി ജീവിക്കുമ്പോഴും കേരളം ആങ്കോടിനെ അറിഞ്ഞത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന നിലപാടുകളിലൂടെയും എഴുത്തുകളിലൂടെയും ഇടപെടലുകളിലൂടെയുമായിരുന്നു. പഠിച്ചതും തൊഴിലെടുത്തതും വാണിജ്യ മേഖലയിലായിരുന്നെങ്കിലും പ്രകൃതിയെയും കലയെയും സാഹിത്യത്തെയും വില്‍പ്പനച്ചരക്കായി കാണാന്‍ കഴിയാത്ത ആങ്കോട് ലീലാകൃഷ്ണന്‍ ഇപ്പോള്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റാണ്.

നിള പരുവപ്പെടുത്തിയ എഴുത്തുകാരന്‍
എന്ത് കൊണ്ട് താനൊരു എഴുത്തുകാരനായി എന്ന് ചോദിച്ചാല്‍ അത് നിളയുടെ തീരത്ത് ജനിച്ചത് കൊണ്ടാണ് എന്ന് പറയാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സാക്ഷാല്‍ എഴുത്തച്ഛന്‍ മുതല്‍ ഇങ്ങോട്ട് നിള ജന്മം കൊടുത്ത എഴുത്തുകാരുടെ എണ്ണം അനവധിയാണ്. ഗുസ്തിക്കാരുടെ നാട്ടിലാണ് ജനിച്ചിരുന്നതെങ്കില്‍ ഞാനൊരു ഗുസ്തിക്കാരനാകുമായിരുന്നു എന്ന് നിഷ്‌കളങ്കമായി പറയാന്‍ അദ്ദേഹത്തിന് മടിയേതുമില്ല. രാത്രി നിലാവിലെ തൂവെളിച്ചം സ്വാംശീകരിച്ച സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന മണല്‍തിട്ടയും അതിന്റെ പകുതിയിലൂടെ നീലവര്‍ണ്ണമാര്‍ന്ന നിളയെയുമാണ് മലബാറുകാരെ എഴുത്തുകാരാക്കി മാറ്റിയതത്രെ. എന്റെ ചിന്തയുടെയുടെയും സംസ്‌കാരത്തിന്റെയും സര്‍ഗാത്മകതയുടെയും പശ്ചാത്തലം മലബാറാണ് എന്ന് പറയുന്ന ആലങ്കോട് ലീലാകൃഷ്ണന്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേദാരമായിരുന്നു ഇവിടമെന്ന് ചൂണ്ടിക്കാട്ടുന്നു.
””ഞാന്‍ കാണാന്‍ തുടങ്ങുമ്പോഴേക്കും നിള മരിച്ചു തുടങ്ങിയിരുന്നു. ആലംകോട് തന്റെ ഓര്‍മ്മകളിലേക്ക് ഓടിയിറങ്ങുകയാണ്. അന്ന് തന്നെ കേരളത്തില്‍ മാത്രം എട്ടോളം അണക്കെട്ടുകള്‍ നിളയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നു. നിളാ നദി ഉത്ഭവിക്കുന്ന അമരാവതിപുഴയില്‍ അമരാവതി ഡാം എന്ന പേരില്‍ തമിഴ്‌നാട് ഒരു അണക്കെട്ട് പണിതിരുന്നു. എന്നിട്ടും നിള സമ്പന്നമായിരുന്നു എന്ന് അദ്ദേഹം ഓര്‍മിക്കുന്നു. നീല നദിയായ നൈലിലെ ഓര്‍മ്മപ്പെടുത്തുവാനാകണം നിളയെന്ന പേരു വന്നതത്രെ.സ്വര്‍ണ്ണാഭമാര്‍ന്ന മണല്‍തിട്ടും നീലാഭയാര്‍ന്ന നദിയുമൊത്ത് ചേര്‍ന്നൊരു ലാവണ്യപ്രദേശമായിരുന്നു അന്ന് നിളയും തീരവും.ആത്മീയ പ്രചോദനമുണ്ടാക്കുന്ന ഒരു ലാവണ്യമായിരുന്നു അത്.
അനേക സഹസ്രാബ്ദങ്ങള്‍ ഒരു ജനതക്ക് അന്നവും വെള്ളവും സംസ്‌കാരവും നല്‍കിയൊഴുകിയ നിള മരിച്ചത് എന്റെ മുന്നിലാണ് എന്ന് അദ്ദേഹം പറയുന്നു.

നിളയുടെ തീരങ്ങളിലൂടെ
നിളയെ ഇത്രയധികം സ്‌നേഹിച്ച ഒരു എഴുത്തുകാരനുണ്ടാകില്ല എന്ന് പറയാം. സ്‌കൂള്‍ പഠന കാലത്ത് തന്നെ കഥകളും കവിതകളും എഴുതുകയും കഥാപ്രസംഗവേദികളില്‍ തിളങ്ങുകയും ചെയ്ത ആലങ്കോട് ലീലാകൃഷ്ണന്‍ തന്റെ 22 വയസ്സ് മുതല്‍ 30 വയസ്സ് വരെ നിളയുടെ ഉത്ഭവസ്ഥാനമായ ത്രിമൂര്‍ത്തി മല തൊട്ട് നദി അവസാനിക്കുന്ന പൊന്നാനി അഴിമുഖം വരെയുള്ള ഭാഗങ്ങളിലെ ഇരു കരകളിലുമുള്ള ഗ്രാമങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ചു. നദിയെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും ഗ്രാമവൃദ്ധന്‍മാരില്‍ നിന്നും നദിയുടെ സമൃദ്ധമായ ചരിത്രമറിഞ്ഞും കിട്ടാവുന്നത്ര അറിവുകള്‍ സമ്പാദിച്ചു. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ അറിവുകള്‍ വച്ച് തയ്യാറാക്കിയ പുസ്തകം കേവലമൊരു നദിയുടെ കഥയല്ല. ഒരു ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും സാധ്യമായത്ര അറിവുകളുടെ ശേഖരം കൂടിയാണത്.
ലോക ചരിത്രത്തില്‍ തന്നെ ഒരു നദിയെകുറിച്ച് ഒറ്റയ്‌ക്കൊരാള്‍ വിവരശേഖരണം നടത്തി പുസ്തകമെഴുതിയതായി അറിവില്ല. തന്റെ യൗവന കാലത്തെ ഒരു പ്രധാന പങ്കും നിളാ നദിയുടെ വിവരശേഖരണത്തിനായി മാറ്റിവെച്ച ആങ്കോട് ലീലാകൃഷ്ണന്റെ ആദ്യപുസ്തകവും പ്രധാനപുസ്തകവും നിളയുടെ തീരങ്ങളിലൂടെയാണ് എന്ന് അദ്ദേഹം തന്നെ പറയുന്നു. 1993 ല്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ എട്ടോളം പതിപ്പുകള്‍ ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. കേരള സമൂഹത്തില്‍ വളരെയേറെ സ്വീകാര്യത ലഭിച്ച പുസ്തകങ്ങളില്‍ ഒന്നാണ് നിളയുടെ തീരങ്ങളില്‍.
പോരാട്ട ഭൂമിയിലേക്ക്
എഴുത്തുകാരന്റെ ആനുകൂല്യങ്ങളില്‍ സമൂഹത്തിലെ ഏറ്റവും സ്വസ്ഥമായ ഇടങ്ങളിലൂടെ ജീവിച്ചുപോകാമായിരുന്ന ആളാണ് ആലങ്കോട് ലീലാകൃഷ്ണന്‍. എന്നാല്‍ എഴുത്തുകളിലെ ആലങ്കാരികതക്കും അപ്പുറമാണ് പൊതുസമൂഹത്തിനോടും തലമുറകളോടും തനിക്കുള്ള ആത്മാര്‍ഥത എന്ന പ്രഖ്യാപനമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ ആരംഭപ്രവര്‍ത്തനങ്ങളുമായി അദ്ദേഹം ബന്ധപ്പെടുന്നത്. സൈലന്റ് വാലി സമരം വിജയം കണ്ട ശേഷമുള്ള കാലമായിരുന്നു അത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഇത്രകണ്ട് ഗൗരവമല്ലാതിരുന്ന സമയം. സിപിഐ നേതാവ് ആശാന്‍ (കെ വിസുരേന്ദ്രനാഥ് ) ആയിരുന്നു പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പ്രചോദനം എന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. സിപിഐ പ്രവര്‍ത്തകരായിരുന്ന ഇന്ത്യന്നൂര്‍ ഗോപി കാര്യദര്‍ശിയും ഇ പി ഗോപാലന്‍ രക്ഷാധികാരിയുമായുള്ള ഭാരതപ്പുഴ സംരക്ഷണ സമിതി ബുദ്ധിജീവികള്‍ ഉള്‍പ്പെയുന്നതായിരുന്നില്ല മറിച്ച് ഗ്രാമീണ കര്‍ഷകര്‍ ഉള്‍പ്പെടുന്നതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
നദിയെ കുറിച്ച് പ്രസംഗിക്കാം കഥയെഴുതാം കവിതയെഴുതാം നാടകമെഴുതാം. എന്നാല്‍ ഒരു കുട്ട മണല്‍ വാരുന്നത് തടയാന്‍ പോയാല്‍ മാഫിയ കൈയ്യും കാലും തല്ലിയൊടിക്കും എന്ന് മനസ്സിലായ കാലമായിരുന്നു അത്. അത്ര ശക്തമായ മാഫിയക്കെതിരെയാണ് ഞങ്ങള്‍ക്കന്ന് നിലപാടെടുക്കേണ്ടി വന്നത്. 84 വയസ്സുള്ള ഇ പി ഗോപാലന്‍ എന്ന കമ്മ്യുണിസ്റ്റിനെ ലോറിയിടിപ്പിച്ച് കൊല്ലാനുള്ള ശ്രമവുമുണ്ടായി എന്ന് ആലങ്കോാട് ഓര്‍മ്മിക്കുന്നു.

കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം

രാഷ്ട്രീയ പ്രവര്‍ത്തകനായല്ല താന്‍ പാര്‍ട്ടിയിലേക്കെത്തിയത് എന്ന് പറയാന്‍ ആലങ്കോടിന് മടിയില്ല. സാഹിത്യ-പരിസ്ഥിതി പ്രവര്‍ത്തകരെല്ലാം സിപിഐക്കാരായിരുന്നു. ആ ബന്ധം തന്നെ പാര്‍ട്ടിയിലേക്ക് എത്തിക്കുകയും പിന്നീട് യുവകലാസാഹിതിയുടെ നേതൃത്വത്തിലേക്ക് വരുകയുമായിരുന്നു. കേരളത്തിലെ മറ്റ് രാഷ്ട്രീയക്കാരെക്കാള്‍ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സ്‌നേഹവും നിലപാടുകളും ഉള്ളവരാണ് സിപിഐക്കാര്‍ എന്നും അദ്ദേഹം തുറന്ന് പറയുന്നു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പല എഴുത്തുകാരും നിഷ്പക്ഷ മേലങ്കിയണിയുമ്പോള്‍ തനിക്ക് പക്ഷമുണ്ടെന്നും അത് ശരിയുടെ പക്ഷമാണെന്നും അത് തുറന്ന് പറയുന്നതിലൂടെ കിട്ടാതെ പോകുന്ന സ്ഥാനങ്ങളെയോര്‍ത്ത് തനിക്ക് നഷ്ടബോധമില്ലെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ തുറന്നടിക്കുന്നു.

പുനരുജ്ജീവനം സാധ്യമാകും

വരട്ടാര്‍ ഉള്‍പ്പെടെ പല നദികളും ജനകീയ ഇടപെടലുകളിലൂടെ പുനര്‍ജീവിക്കുന്ന വര്‍ത്തമാനകാലത്ത് ഭാരതപ്പുഴയും തലമുറകള്‍ക്ക് സംസ്‌കാരവും സമൃദ്ധിയും കുടിവെള്ളവും നല്‍കി ഒഴുകുമെന്ന പ്രതീക്ഷയിലാണ് ആലങ്കോട് ലീലാകൃഷ്ണനും. പുഴകള്‍ കൈയ്യേറി പലരും പറമ്പുകളാക്കി മാറ്റുകയും വൃഷ്ടിപ്രദേശത്തെ വനങ്ങള്‍ ഇല്ലാതാകുകയും പുഴയുടെ ,സ്വാഭാവിക ഒഴുക്കിനെ തടയുകയും ചെയ്തതാണ് ഭാരതപ്പുഴയുടെ മരണത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനകീയ പിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടെങ്കില്‍ പുഴ പുനര്‍ജനിക്കുമെന്നൊരു വിദൂര പ്രതീക്ഷ അദ്ദേഹം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. അതിനായി പുഴയുടെ തീരങ്ങളിലെ എംഎല്‍എ മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ഇടപെടലുകളെ പ്രതീക്ഷയോടെയാണദ്ദേഹം നോക്കിക്കാണുന്നത്. കുറഞ്ഞകാലം കൊണ്ട് നശിപ്പിക്കപ്പെട്ട നദിയെ ക്ഷമാപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജീവന്‍ നല്‍കാമെന്ന് അദ്ദേഹം പറയുന്നു. പരിസ്ഥിതി വാദികളെ തീവ്രവാദികളെന്ന് പറയുന്ന ഭരണാധികാരികളാണ് വര്‍ത്തമാനകാല അപകടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വര്‍ഗ്ഗീയതക്കെതിരായ ജാഗ്രത

രാജ്യം നേരിടുന്ന വലിയൊരു വിപത്താണ് വര്‍ഗ്ഗീയതെന്ന കാര്യത്തില്‍ ആലങ്കോടിന് തര്‍ക്കമില്ല. ഇന്ന് രാജ്യത്തെ ഭരണകൂടം ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്നതാണ്. യൂറോപ്യന്‍ ഫാസിസവും ഇന്ത്യന്‍ ഫാസിസവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കിടയില്‍ വന്നുപോയൊരു പ്രതിഭാസമായിരുന്നു യൂറോപ്യന്‍ ഫാസിസമെങ്കില്‍ നൂറ്റാണ്ടുകളായി ജനമനസ്സുകളില്‍ ആണ്ടുകിടക്കുന്ന ചിന്തകളാണ് ഇന്ത്യന്‍ ഫാസിസമെന്ന് അദ്ദേഹം പറയുന്നു. ഫാസിസത്തെ തോല്‍പ്പിക്കുക എന്നതാണ് ഇന്ത്യയിലെ പുരോഗമന ചിന്തകരുടെ പ്രധാന ലക്ഷ്യം. അതിന് മുന്നില്‍ നില്‍ക്കേണ്ടത് കമ്മ്യൂണിസ്റ്റുകളാണ്. പല സാധ്യതകളും ഉണ്ടായിരുന്നിട്ടും പല കാര്യങ്ങളിലും നിശബ്ദത പാലിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇനിയും പ്രതീക്ഷക്ക് വകയുണ്ട്. ഇനിയുമൊരു തവണ കൂടി രാജ്യം ഭരിക്കാന്‍ ബിജെപിക്ക് അവസരം ലഭിച്ചാല്‍ ഭരണഘടന തന്നെ ഇല്ലാതാകാം എന്ന് ആലങ്കോട് വിശ്വസിക്കുന്നു.
ന്യൂനപക്ഷ പ്രീണനം എന്ന നിലയില്‍ നടക്കുന്ന ചില നടപടികള്‍ വഴി നിരാശ ബാധിക്കുന്ന ഹിന്ദുക്കളായ മനുഷ്യരുടെ പ്രശ്‌നങ്ങള്‍കൂടി പരിഗണിക്കപ്പെടണം. അത് എത്തരത്തിലാകണം എന്ന് പറയുവാന്‍ ഒരു എഴുത്തുകാരന് പറഞ്ഞുതരാനാകില്ല. മതരഹിത സമൂഹം കേരളത്തില്‍ വളര്‍ന്നുവരുന്നുണ്ട്. കേരളത്തിലെ കുട്ടികള്‍ മതത്തിന്റെ കെട്ടുപാടുകളില്‍ നിന്നും കുറേയേറെ മോചിതമാകുന്നുണ്ട്.

കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് കൃത്യമായ നിലപാടുകളുമായി ഇടപെടുന്ന യുവകലാസാഹിതിയുടെ അമരക്കാരന് അന്‍പതുകളുടെ അവസാനവും യൗവനം തന്നെയാണ്. ചിന്തകളിലും ഇടപെടലുകളിലും നിലപാടുകളിലും പണ്ട് തന്റെ ഇരുപതുകളില്‍ നിളയുടെ തീരങ്ങളിലൂടെ അറിവുതേടി നടന്ന ചെറുപ്പക്കാരന്റെ അതെ ചുറുചുറുക്കുമായി ആലങ്കോട് ലീലാകൃഷ്ണന്‍ തന്റെ നിലപാടുകള്‍ എഴുതുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്നു.

”കൂമ്പിക്കിടക്കുന്ന മര്‍ത്ത്യ-
ഹൃത്തിനു കണികാണുവാന്‍
തുറന്നാലും പനിനീര്‍പ്പൂവിന്‍
മണത്താല്‍ത്തീര്‍ത്ത പാരിടം”
-പി കുഞ്ഞിരാമന്‍ നായര്‍