February 8, 2023 Wednesday

ആത്മീയതയുടെ നിമന്ത്രണങ്ങൾ

കെ ശ്രീകുമാര്‍
April 12, 2020 8:35 am

മേശിന്റെ മിനിക്കഥകൾ നീളം കുറഞ്ഞ ചെറുകഥകൾ അല്ല. Flash Fic­tion എന്ന് ഇപ്പോൾ പേരെടുത്ത സാഹിത്യ തറവാട്ടിലെ ഏറ്റവും ഇളയ സന്തതിക്ക് ഉത്തമ ഉദാഹരണങ്ങളാണ്. അതുകൊണ്ടു ചെറുകഥയുടെ ലോകത്തുനിന്നും വ്യത്യസ്തനായ ഒരു എഴുത്തുകാരനെയാണ് ‘ജനിതകവിധി‘യിലും ‘നിമന്ത്രണ’ത്തിലും നമ്മൾ കാണുന്നത്. ചെറുകഥകളിൽ മൂർത്തമായ ഒരു ലോകത്ത് ചരിക്കുന്ന കഥാകാരൻ ഫ്ളാഷ് ഫിക്ഷനിൽ അമൂർത്തമായ ഭൂമികയാണ് തന്റെ കളിയാട്ടത്തിനായി തിരഞ്ഞെടുക്കുന്നത്. മാംസനിബദ്ധമല്ല രാഗം എന്ന് മിനിക്കഥയിലും മാംസനിബദ്ധമാണ് രാഗം എന്ന് ചെറുകഥയിലും പറഞ്ഞു കളയും. മനുഷ്യരെപ്പോലെ തന്നെ കഥകളും ജൈവരൂപങ്ങളാണ്, നമ്മുടെ ഭാവനയിലെങ്കിലും. അതുകൊണ്ടാണല്ലോ കഥയുടെ ആത്മാവ് ഉടൽ എന്നൊക്കെ പറയുന്നത്. ഈ ആത്മാവും ഉടലും രമേശിന്റെ കഥാപ്രപഞ്ചത്തിൽ മിനിക്കഥയും ചെറുകഥയുടെ വേർതിരിഞ്ഞിരിക്കുന്നു.

സ്വന്തം ചെറുകഥകളുടെ ആത്മാവാണ് രമേശിന്റെ മിനിക്കഥകൾ. ചെറുകഥയിൽ സ്ഥൂലമായ ലോകവും മിനിക്കഥയിൽ സൂക്ഷ്മവുമായ ഒരു ലോകവുമാണ് കാണാൻ കഴിയുക. പരമമായ സത്യത്തെ പുറത്ത് തിരയുമ്പോൾ അത് ചെറുകഥയും അകത്ത് തിരയുമ്പോൾ അത് മിനിക്കഥയും ആയി രൂപാന്തരപ്പെടുന്നു. ഗുരുവിന്റെ ചിന്തകളിൽ ആകൃഷ്ടനായ രമേശിനെ മിനിക്കഥകളിൽ കാണാം. ഗുരുവിനോട് ചേർന്ന് നിന്ന് പലതിനെയും ഗുരുവിന്റെ സ്വതസിദ്ധമായ ഹാസ്യബോധത്തോടെ തള്ളിക്കളയുന്നത് വ്യക്തമാണ്. ‘നേതി നേതി’ എന്നത് ഒരു കഥയുടെ തലക്കെട്ടാണെങ്കിലും അങ്ങനെ തന്നെ നിമന്ത്രണത്തിലെ പലകഥകളും ഉരുവിടുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളിൽ ചെറുകഥകളിൽ അങ്ങേയറ്റം നിഷ്കർഷ പാലിക്കുന്ന കഥാകാരൻ നിമന്ത്രണത്തിലെ മിക്ക കഥാപാത്രങ്ങൾക്കും പേരിട്ടിട്ടില്ല. നാമാവശേഷമായി ജീവിതങ്ങളുടെ കഥകൾ ചെറുകഥയാക്കിയപ്പോൾ അതിനുമപ്പുറം പോയവർക്ക് നാമം പോലുമില്ല. അയാൾ അവൾ അവർ എന്നൊക്ക പറയുന്നത് സൗകര്യത്തിനാണ്. ലിംഗം പോലും രൂപലക്ഷണമല്ലാത്ത കഥാപാത്രങ്ങൾ. അതുകൊണ്ടു അവർക്ക് ദൈവവുമായി ഗ്രീക്ക് പുരാണങ്ങളിൽ കാണുന്ന പോലെ സംവേദിക്കാൻ കഴിയുന്നു. കുറച്ചു നേരത്തെ വായനയും ഏറെ കാലത്തെ ചിന്തയും ആവശ്യപ്പെടുന്നവയാണ് ഈ മിനിക്കഥകൾ. ഒരു വാക്കുപോലും വിട്ടു വായിക്കാൻ കഴിയാത്തതുകൊണ്ട് ശ്രദ്ധയോടെ വായിക്കേണ്ടി വന്നു.

ഓരോ കഥയ്ക്കും ഇടയിൽ ചിന്തകളിലേക്ക് ഊളിയിട്ടു പോകും. സാകല്യമായ ഈ കഥാപ്രപഞ്ചത്തിൽ വൈവിധ്യത്തിനു ഒരു കുറവും ഇല്ല. എല്ലാ കഥകൾക്കും പ്രശസ്ത കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ ചിത്രങ്ങൾ ചമച്ചിട്ടുണ്ട്. കഥയുടെ വ്യാഖ്യാനവും ഉദാഹരണവും സഹസൃതിയുമാണ് അവ ഓരോന്നും. വെറും ചിത്രീകരണം ഒന്നുപോലുമില്ല. മിനിമലിസ്റ്റ് എന്ന സങ്കേതത്തിലാണ് ചിത്രരചന എന്നതും പ്രശംസ അർഹിക്കുന്നു. രമേശിന്റെ മിനിക്കഥകൾ മിനിക്കഥ എന്ന രചനാരീതിയെ തന്നെ നിർവചിക്കുന്നു. വാക്കുകളുടെ അതിസൂക്ഷ്മമായ ഉപയോഗം, ഒരു കാഴ്ച പകരുന്നതിനു പകരം കാണാൻ കണ്ണ് തന്നെ കൊടുക്കുക, ആഖ്യാനം എന്നതിലുപരി പരാമർശം എന്നതിൽ ചുരുങ്ങുക, ഒരു ക്ലൈമാക്സിൽ തുടങ്ങി മറ്റൊരു ക്ളൈമാക്സിൽ അവസാനിക്കുക, ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾ ഉയർത്തുക എന്നിവയൊക്കെ ലോകത്തിലെ എല്ലാ ഫ്ലാഷ് ഫിക്ഷൻ എഴുത്തുകാരും പിന്തുടരുന്ന മാമൂലുകളാണ്. ഗൃഹാതുരത്വം, സമകാലീനം, ആത്മീയത എന്നിങ്ങനെ നിമന്ത്രണത്തിലെ മുപ്പത്തിനാലു കഥകളെയും മൂന്നായി തിരിക്കാം. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ വരച്ചിട്ടു വ്യംഗ്യമായി നാളത്തെ ലോകത്തെ കുറിച്ച് നമുക്ക് ഒരു ഭയം ഉള്ളിലുണ്ടാക്കുന്ന കഥകൾ പലതുമുണ്ട്. ആദ്യത്തെ കഥ ‘ശൂന്യതയിൽ നിറയുന്നത്’ പ്രത്യക്ഷ ഉദാഹരണം.

ഒടുവിലത്തെ കഥ ‘വീട്ടിൽ പെങ്ങൾ തനിച്ചാണ്’ സമകാലീന ലോകത്തെ കുറിച്ചുള്ള വിമർശനം തന്നെ. കാലദുഖം എന്ന കഥ വെറും നാല് വരിയിൽ ശുദ്ധമായ ആത്മീയ ചിന്ത വെളിവാക്കുന്നു. തലക്കെട്ടുകൾ നോക്കി ഇങ്ങനെ വേർതിരിക്കാനാവില്ല. കാരണം, അവ പലപ്പോഴും ന്യൂനോക്തിയോ പരിഹാസമോ ആകാം. ഗുരു, നിർമ്മമൻ എന്നീ കഥകളിൽ സാമൂഹ്യവിമർശനം മാത്രമേയുള്ളൂ. മിനിക്കഥകളെ തമാശയായിട്ടോ, ഹാസ്യകഥാകഥനമായിട്ടോ തെറ്റിദ്ധരിക്കാറുണ്ട്. പക്ഷെ അവയ്ക്കൊന്നും മിനിക്കഥകളുടെ ആഴമോ നിത്യതയോ കാണാനില്ല. അവയൊന്നും നിശ്ചല തടാകത്തിൽ അറിയപ്പെട്ട വെള്ളാരം കല്ലുകൾ ആകുന്നില്ല. നിമന്ത്രണത്തിലെ കഥകൾ ഇതെല്ലാമാണ്. അവ നമ്മുടെ ചിന്തകളിൽ ഒരു അരിമ്പാറ പോലെ പറ്റിപ്പിടിച്ചിരിക്കുകയും ഒഴിവു നേരങ്ങളിൽ നമ്മുടെ മനസ്സിൽ വീണ്ടും ഉയർന്നു വരികയും ചെയ്യും. ഇംഗ്ലീഷ് മഹാകവി വില്യം വേർഡ്സ്വർത്തിന്റെ ചെറുകവിതകൾ ഇക്കാലത്താണെങ്കിൽ ഇതുപോലെ ഫ്ലാഷ് ഫിക്ഷൻ ആയിരുന്നേനെ. ഈ സമാഹാരത്തിലെ കവിതകളും ഡാഫൊഡിൽ പുഷ്പങ്ങൾ പോലെ

‘എത്ര ഭാഗ്യവാനേകാന്തനെങ്കിലും

എങ്ങിനെ ഹൃത്തു മേലോട്ടുയർന്നു പോയ്

നൃത്തമാടുന്നു പൂക്കളോടൊപ്പമങ്ങെ -

ന്തൊരാനന്ദമെന്നുള്ളിലിങ്ങനെ’

എന്ന ഒരു വികാരം വായനയ്ക്ക് ശേഷം പകരും.

(നിമന്ത്രണം പ്രഭാത്ബുക്ക് ഹൗസ് വില: 6o രൂപ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.