നിന്‍ കാതില്‍ മൂളും മന്ത്രം

Web Desk
Posted on June 23, 2019, 1:12 am

ഡോ. എം ഡി മനോജ്

സംഗീതത്തിന്റെ ഭാഷയ്ക്ക് പ്രകൃതിയെയും പ്രണയത്തെയും ആഴത്തില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ഏറെ പ്രിയമുള്ള പാട്ടുകള്‍ നമ്മളില്‍ മധുരാനുഭവങ്ങള്‍ തീര്‍ക്കുന്നത് ഈ പ്രകൃതിപ്രണയബന്ധ തീവ്രതയിലാണ്. ചലച്ചിത്രഗാനങ്ങള്‍ അവയിലെ വരികളും അതിന്റെ അന്തരംഗമറിയുന്ന സംഗീതവും ചേര്‍ന്ന് ലയഭാവമുണര്‍ത്തുമ്പോള്‍ ആസ്വാദനത്തിന്റെ ഒരു ഉത്കൃഷ്ടതലമവിടെ അറിയാതെ രൂപപ്പെടുകയാവാം. കാലമൊരു പ്രഹേളികയായി കവിക്ക് മുമ്പില്‍ നില്‍ക്കുന്നത് കാണാം. ഈ കാലവിചാരത്തെ പാട്ടിന്റെ മൗലികഭാവമാക്കിത്തീര്‍ക്കുന്നതെങ്ങനെ എന്നതായിരുന്നു കാവാലത്തെ നയിച്ച കാവ്യാലോചനകള്‍. അത് ചിലപ്പോള്‍ കാലാതീതമായ കലാപരതയുടെ ഉന്‍മാദങ്ങളായിപോലും പരിണാമപ്പെടുമായിരുന്നു. കാലത്തെ പാട്ടിലൊരു കലാദര്‍ശനമാക്കി മാറ്റുകയായിരുന്നു കാവാലം. 1993ല്‍ നിര്‍മിക്കപ്പെട്ട ‘ആയിരപ്പറ’ എന്ന സിനിമയിലെ ‘യാത്രയായ് വെയിലൊളി നീളുമെന്‍ നിഴലിനെ’ എന്ന ഗീതം പങ്കിടുന്ന ചമത്കാരഭംഗികള്‍ വേറിട്ടതായിരുന്നു. കാവാലം-രവീന്ദ്രന്‍ സമാഗമത്തിന്റെ സാക്ഷാത്കാരത്തില്‍ ഉദാത്തമായ ഈ ഗാനം, കാലത്തിന്റെ തനിമയില്‍ നിറയുന്ന കലയാണ് നിലനില്‍ക്കുമെന്ന സാക്ഷ്യത്തെ അവതരിപ്പിക്കുന്നുണ്ട്. കാലത്തിന്റെ അനന്തമായ സഞ്ചാരം, അപാരതയിലേക്ക് നീളുന്നുണ്ട് ഈ പാട്ടില്‍. ‘നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്’, ‘നിഴലൊഴിയും വേളയായ്’, ‘നീളുന്ന നിഴലുകള്‍’… ഇങ്ങനെ കാലപ്രയാണം പാട്ടില്‍ സംഭവിക്കുമ്പോള്‍ അത് അനന്തവും അപ്രമേയവുമായ’ ഒരു ദൈവസ്വരൂപത്തിന്റെ പ്രകൃതി സാകല്യമായിത്തീരുന്നു. ഋതുക്കള്‍, രാത്രി, സായംകാലം, പ്രകാശം എന്നിങ്ങനെ കാലം ഈ പാട്ടില്‍ പലരീതിയില്‍ പ്രത്യക്ഷപ്പെടുകയാണ്.

യാത്രയായ് വെയിലൊളി, നീളുമെന്‍ നിഴലിനെ
കാത്തുനീ നില്‍ക്കുകയോ സന്ധ്യയായ് ഓമനേ’

പല്ലവിയില്‍ കവി തീര്‍ത്തുവച്ചിരിക്കുന്ന സീനിക് രീതികള്‍ അത്രയ്ക്കും ശ്രദ്ധേയമാണ്. കാത്തുനില്‍ക്കുന്ന സന്ധ്യ, യാത്രയാകുന്ന വെയിലൊളി, നീളുന്ന നിഴലുകള്‍.. ഇങ്ങനെ വിഷാദത്തിന്റെ ഇരുള്‍വെളിച്ചങ്ങളെ ആവിഷ്‌കരിച്ചിരിക്കുന്ന പാട്ടില്‍ ഛായാചിത്രരീതികള്‍ പോലുമുണ്ട്. പ്രണയത്തിന്റെ കാലവിചാരങ്ങളെ അത്രമാത്രം മനോജ്ഞമായാണ് ഈ പാട്ടില്‍ കവി ലയിപ്പിച്ചിട്ടുള്ളത്. കാലമെന്നത് ദൂരവും നേരവും വര്‍ണവുമൊക്കെയായി പാട്ടില്‍ സൂക്ഷ്മശ്രുതിയായി അടയാളപ്പെടുന്നു. അനുപല്ലവിയില്‍ പാട്ട് പ്രണയസംഗീതത്തിന്റെ പടികള്‍ കയറുന്നതിങ്ങനെയാണ്.

ഈ രാവില്‍ തേടും പൂവില്‍
തീരാത്തേനുണ്ടോ?
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി
ഉണരുമല്ലോ പുലരി

‘ഈ രാവില്‍ തേടും പൂവില്‍’ എന്ന വരിയില്‍ പ്രണയത്തിന്റെ തീരാനോവുമായി നില്‍ക്കുന്നൊരു രാപ്പൂവിന്റെ വിഷാദാത്മകത മുറ്റിനില്‍ക്കുന്നുണ്ട്. പാട്ടിലെവിടെയൊക്കെയോ ആയി കാമനയുടെ ഒരാദിലയ പൂര്‍ണിമ നാമനുഭവിക്കുന്നു. തീരാത്തേനുള്ള പൂവിനെ തേടുന്ന രാവ് ഇത്തരമൊരു ദൃശ്യാത്മകതയുടെ ഗോപുരമായി പാട്ടില്‍ വിളങ്ങിനില്‍ക്കുന്നു. മണ്ണും വിണ്ണും പുണര്‍ന്നുനില്‍ക്കുന്ന സംഗമവേദിയായി കാവാലത്തിന്റെ ഈ പാട്ട് മാറുന്നുണ്ട്. മണ്ണിന്റെ മണവും (കുടമുല്ലപ്പൂവിന്റെ സുഗന്ധം) വിണ്ണിന്റെ നിറവും (ഉണരുമല്ലോ പുലരി) തമ്മിലുള്ള സംഗമനിമിഷങ്ങള്‍ പാട്ടിലിഴചേരുകയാണ്. കാലത്തെപോലെ കാവാലത്തിന്റെ പാട്ടിനെ സ്വാധീനിക്കുന്ന മറ്റൊന്നാണ് നിറം. പ്രകൃതിയെ വര്‍ണിക്കുമ്പോള്‍ നിറമാണ് നിയാമകഘടകം. നിറങ്ങള്‍ നീന്തുന്നതും പാടുന്നതും വരകളില്‍ നിറയുന്ന വരമാകുന്നതുമെല്ലാം കാവാലത്തിന്റെ പല ഗാനങ്ങളിലും നാം കണ്ടതാണ്. അമൂര്‍ത്തങ്ങളില്‍ നിന്ന് മൂര്‍ത്തം നിര്‍മിക്കുന്ന പാട്ടുസന്ദര്‍ഭങ്ങളാണിവയെല്ലാം. വെയിലൊളി പോയ്മറഞ്ഞ് നീളുന്ന നിഴലും കാത്തുനില്‍ക്കുന്ന സന്ധ്യയും എല്ലാം ചേര്‍ന്നുണ്ടാകുന്ന നിറഭേദങ്ങള്‍ പാട്ടിന്റെ പല്ലവിയിലുണ്ട്. നിറങ്ങളില്‍ നിറയുന്ന മൂവന്തിനേരങ്ങള്‍ പാട്ടില്‍ ഉണ്ടാക്കുന്ന ഭാവമുഹൂര്‍ത്തങ്ങള്‍ വലുതായിരുന്നു. പ്രകൃതിവര്‍ണ നിര്‍ഭരമാകുന്ന (ആകാശമിരുളുമ്പോള്‍ ചമത പൂത്തുലഞ്ഞാടും എന്നൊരു പാട്ടില്‍ അദ്ദേഹം എഴുതി) ലയവേളകള്‍ (പുരുഷനുമായി പ്രകൃതി ലയിക്കും വരമുഹൂര്‍ത്തം) പലപ്പോഴും ധൂമമായും കളമെഴുത്തുപാട്ടിന്റെ ധൂളിയായും എല്ലാം കാവാലത്തിന്റെ വിവിധ പാട്ടുകളില്‍ പ്രത്യക്ഷമായിട്ടുണ്ട്. മൂവന്തിപ്പൊന്നമ്പലവും മൂവന്തിപ്പറമ്പുമെല്ലാം കാവാലഗീതങ്ങളില്‍ നിരന്തരപ്രത്യക്ഷങ്ങളാണ്.

‘നിന്‍കാതില്‍ മൂളും മന്ത്രം
നെഞ്ചിന്‍ നേരല്ലോ
തളരാതെ കാതോര്‍ത്തു പുളകം ചൂടി
ദളങ്ങളായ് ഞാന്‍ വിടര്‍ന്നു’

കാതില്‍ മൂളുന്ന പ്രണയത്തിന്റെ നിശബ്ദ മന്ത്രമാകുകയാണ് പാട്ടിന്റെ ചരണം. അത് നെഞ്ചിലെ നേരുംകൂടിയാകുന്നു. പാട്ടിന്റെ ചരണത്തിലെത്തുമ്പോള്‍ നാം കാണുന്നത് ‘ശ്രവ്യത്തിന് ദൃശ്യം വെപ്പിക്കല്‍’ എന്ന ആവിഷ്‌കാരവിദ്യയുടെ രഹസ്യ സംയോഗമാണെന്ന് പറയാതിരിക്കാനാവില്ല. സ്ഥലകാലമന്വയം എന്നോ സ്ഥലകാലത്തുടര്‍ച്ചയെന്നോ വിളിക്കാവുന്ന ഈ ദ്വിമാനതയില്‍ ശ്രവ്യാംശം സമയബന്ധിതവും ദൃശ്യം സ്ഥലനിഷ്ഠവുമാണ്. സമയത്തെ സ്ഥലപ്പെടുത്തുവാനും സ്ഥലത്തെ സമയപ്പെടുത്തുവാനും കഴിയുന്ന അനേ്യാന്യത പലപ്പോഴും രംഗകലയുടെ അവതരണത്തില്‍ നാമനുഭവിക്കാറുണ്ട്. സിനിമയിലെ ദൃശ്യാംശപ്പൊരുത്തത്തിനും ഇത് ഒഴിവാക്കാനാകാത്ത ആവശ്യകതയാണ്. ഈ പ്രയുക്തശക്തിയുടെ കാതലറിഞ്ഞവരാണ് കാവാലവും രവീന്ദ്രനും. പാട്ടിന് ദൃശ്യവുമായുള്ള കൊടുക്കല്‍ വാങ്ങലിന്റെ ഭാഷയില്‍ സംഗീതത്തിന്റെ മര്‍മപ്രധാനമായ പങ്ക് വിളംബരം ചെയ്യുന്ന ഗാനമാണിത്. ഈ ഗാനത്തിലെ മൗനവും ഏകാന്തതയും ഒരു സന്ധ്യയുടെ പ്രണയധ്യാനങ്ങളാല്‍ ആവിഷ്‌കരിക്കുകയായിരുന്നു കവി. പ്രണയം അപാരതയുടെ ഒരാകാശത്തെ ചുംബിക്കുന്നു. മൊഴിവടിവിന്റെ ആഴത്തെ, രാഗങ്ങളുടെ ആത്മാവുമായി ബന്ധിപ്പിക്കുകയായിരുന്നു രവീന്ദ്രന്‍. കേള്‍വിക്കാരന്റെ അനുഭൂതിഘടനയെ നിര്‍ണയിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സംഗീതത്തിന്റെ മാറ്റാണ് ഈ പാട്ടിനെ ഉയര്‍ത്തുന്നത്. ആവിഷ്‌കരിക്കാനാഗ്രഹിക്കുന്ന ഭാവത്തിനനുസൃതമായ രാഗസ്വരൂപമുണ്ടാക്കിയാണ് രവീന്ദ്രഗീതികള്‍ വന്നതെന്നതിന് ശ്രദ്ധേയമായ തെളിവ് കൂടിയാണീ ഗാനം. ‘നിന്‍കാതില്‍ മൂളും മന്ത്രം (ശ്രവ്യാംശം) എന്ന വരിയും ‘ദളങ്ങളായ് ഞാന്‍ വിടര്‍ന്നു’ എന്ന വരിയുമെടുത്തു നോക്കിയാല്‍ നേരത്തെപറഞ്ഞ ‘ശ്രവ്യത്തിന് ദൃശ്യം വെപ്പിക്കല്‍’ മനസിലാക്കാനാകും. ‘നിറങ്ങളേ പാടൂ’ എന്നെഴുതുമ്പോള്‍ ദൃശ്യത്തിന് ശ്രവ്യംവെപ്പിക്കല്‍ എന്ന തിരിച്ചടിയും കാവാലം പ്രയുക്തമാക്കിയിട്ടുണ്ട്.
ഭൂജന്‍മിമാര്‍ക്കെതിരെ സാധാരണ കൃഷിക്കാര്‍ നടത്തുന്ന പ്രക്ഷോഭമാണ് ‘ആയിരപ്പറ’യുടെ ആത്മാവ്. പാപ്പിമാപ്പിളയുടെ മകനായ ശൗരി (മമ്മൂട്ടി)യാണ് പ്രക്ഷോഭ നായകന്‍. അയാളും മേടയിലെ കൈമളുടെ പുത്രിയായ പാര്‍വതിക്കുഞ്ഞും (ഉര്‍വശി) തമ്മിലുള്ള പ്രണയമാണ് ചിത്രത്തിലെ അന്തര്‍ഭാവങ്ങളിലൊന്ന്. ‘പാപ്പിമാപ്പിളയുടെ മകനായ തനിക്ക് പാര്‍വതിക്കുഞ്ഞിനെ സ്‌നേഹിക്കാന്‍ അധികാരമുണ്ടോ?’ എന്ന് ശൗരി സംശയിക്കുമ്പോള്‍ ‘സാഹിത്യമൊന്നും വേണ്ട എന്നെയങ്ങിഷ്ടപ്പെട്ടാ മതി’ എന്നാണവളുടെ മൊഴി. മേടയിലെ പൂമുഖത്ത് തിളങ്ങിക്കത്തുന്ന നിലവിളക്കാണ് പാര്‍വതിക്കുഞ്ഞെന്ന ശൗരിയുടെ വാക്കുകള്‍ക്ക് ‘ശൗരിയോടൊപ്പം കഴിയാനുള്ള ആഗ്രഹംകൊണ്ടാണ്, നിലവറയ്ക്കുള്ളിലെ ഇരുട്ടിലാണ് ഈ ഓട്ടുവിളക്ക് ക്ലാവ് പിടിച്ചിരിക്കുന്നതെന്ന് അവള്‍ വീണ്ടും അയാളെ അറിയിക്കുന്നു. ‘എനിക്കൊരാഗ്രഹമുണ്ട്, ഒന്ന് കത്തിത്തെളിയണമെന്ന്’ എന്ന പാര്‍വതിയുടെ മറുപടിയില്‍ നിന്ന് ഒരു പാട്ട് ജനിക്കുകയായിരുന്നു. ഏതോ അഗാധതയില്‍ നിന്നൊഴുകിവരുമ്പോഴത്തെ ഒരു സ്ഥായിയില്‍. സംഗീതാത്മകമായ വിഷാദം ജനിപ്പിക്കുവാന്‍ ചാരുകേശിയുടെ ചാരുതകള്‍ മുഴുവനും ഗാനത്തില്‍ ലയിപ്പിക്കുകയായിരുന്നു രവീന്ദ്രന്‍ മാഷ്. കരുണരസത്തിനപ്പുറം വിഷാദത്തിലേക്ക് നിറയുകയായിരുന്നു ചാരുകേശി. പുലരിത്തൂമഞ്ഞുതുള്ളിയും (ദേവരാജന്‍മാഷ്) അകലെ അകലെ നീലാകാശവും (ബാബുരാജ്) തന്ന ചാരുകേശിസ്മൃതികള്‍ എല്ലാവരുടേയും മനസിലുണ്ടാകുമല്ലോ. യേശുദാസിന്റെയും അരുന്ധതിയുടെയും ശബ്ദസൗഖ്യത്തിന്റെ ഓവര്‍ലാപ്പുകള്‍ ഒന്നൊന്നായി കയറിയിറങ്ങുന്ന ഹമ്മിംഗുമായാണ് (പ്രണയത്തിന്റെ പടര്‍ച്ചകള്‍) പാട്ടിന്റെ പല്ലവി തുടങ്ങുന്നത്. ചാരുകേശിയുടെ നിറം മുഴുവനും ചാലിച്ചെടുത്താണ് ഹമ്മിംഗിന്റെ കയറ്റിറക്കങ്ങള്‍. അരുന്ധതി എന്ന ഗായികയുടെ പാട്ടുജീവിതത്തിലെ ഭാവാര്‍ദ്രനിമിഷങ്ങളിലൊന്നാകാമിത്. ഫ്‌ളൂട്ടിന്റെ നാദവീചികളായിരുന്നു പാട്ടിലെ വിഷാദത്തിന് കൂട്ട്. വയലിനുകള്‍ ഫ്‌ളൂട്ടിനകമ്പടിയായി യാത്രയാകുന്നു. അങ്ങനെ പാട്ടൊരു പ്രണയവിഷാദസ്ഥലിയായി മാറുന്നു. പല്ലവിയുടെ അവസാന പദങ്ങളില്‍ തുളുമ്പുകയാണ് ഫ്‌ളൂട്ടിന്റെ വിഷാദവീചികള്‍. അനുപല്ലവി തുടങ്ങുന്നതിന് മുമ്പുള്ള ഫ്‌ളൂട്ടിന്റെ ത്രിസ്ഥായി വിടര്‍ച്ചകള്‍ സമ്മാനിക്കുന്നതോ കദനത്തിന്റെ ശൃംഗകാന്തികള്‍. അനുപല്ലവിക്ക് അവസാനമാകുന്നത് ഗായികയുടെ ഹമ്മിംഗിലാണെങ്കില്‍ ചരണത്തില്‍ ഈ മൂളലിന്റെ ലയസൗഖ്യം ഗായകന്റെ ശാബ്ദിക സൗന്ദര്യത്തില്‍.
ഒരു കുട്ടനാടന്‍ സ്വപ്നസ്മൃതി പോലെയൊഴുകുകയാണ് ഈ പാട്ട് നമ്മുടെ മനസില്‍. കുട്ടനാടന്‍ പ്രകൃതി മുഴുവനും ഈ പാട്ടിന്റെ ചിത്രീകരണത്തില്‍ സംവിധായകന്‍ വേണുനാഗവള്ളി കൃത്യമായി വരച്ചിട്ടു. റാന്തല്‍വിളക്കിന്റെ വെളിച്ചവും കടത്തുതോണിയും പടിപ്പുരയും കായലും കല്‍വിളക്കും കുളിക്കടവും നേര്‍ത്ത മഴപ്പെയ്ത്തും ചെളിമണവും വിവാഹവും ശവമടക്കും മൗനവും ഇരുളലും പോയ്മറയലും (ശൗരി ഇരുട്ടിലേക്ക് നടന്നുമറയുന്ന ഫ്രെയിമിലാണ് ഈ പാട്ടവസാനിക്കുന്നത്)… ഇങ്ങനെ ഗൃഹാതുരതയുടെ ദൃശ്യബിംബങ്ങള്‍ മുഴുവനും ഛായാഗ്രാഹകന്‍ കെ പി നമ്പ്യാതിരിക്ക്യാമറയുടെ ശ്യാമവിശാലതയില്‍. പ്രണയവിഷാദത്തിന്റെ പ്രകാശനം അത്രത്തോളമുണ്ട് ഈ പാട്ടില്‍. ‘കാവാലം നാടോടിശീലുകളെ പിന്നെയും പിന്നെയും മുറുക്കി മുറുക്കി മണ്ണില്‍ കെട്ടിയിട്ടു’ എന്ന എന്‍ എല്‍ ബാലകൃഷ്ണന്റെ നിരീക്ഷണം ഈ പാട്ടിലെ കുട്ടനാടന്‍ മണ്ണിന്റെ ഘടനയിലും സ്വരൂപത്തിലും അര്‍ഥവത്താകുകയാണ്. കുട്ടനാടിന്റെ പശ്ചാത്തല പ്രകൃതിയില്‍ നിരവധി പാട്ടുകള്‍ മലയാളത്തിലുണ്ടെങ്കിലും പ്രണയത്തിന്റെ പ്രപഞ്ചമാനങ്ങള്‍ തെളിഞ്ഞുവരുന്ന മറ്റൊന്ന് കണ്ടുപിടിക്കാന്‍ വിഷമമാണ്. അനുപല്ലവിയിലും ചരണത്തിലും കാവാലമാവിഷ്‌കരിച്ച ഉചിതപദധ്യാനങ്ങള്‍ പാട്ടിന് നല്‍കിയ താങ്ങും തണലും അത്രമാത്രമായിരുന്നു. കാലവിചാരത്തിന്റെയും ദൃശ്യാവിഷ്‌കാരത്തിന്റെയും കാതരമായ ആവിഷ്‌കാരമായി മാറുകയാണീ പാട്ട്. കാവാലം-രവീന്ദ്രന്‍ സമാഗമ ധന്യതകളെ കാലമോര്‍ക്കുമ്പോള്‍ അതില്‍ ഏറ്റവും മുന്‍നിരയിലായിരിക്കും ഈ പാട്ടിന്റെ സ്ഥാനം.