20 April 2024, Saturday

Related news

April 20, 2024
April 17, 2024
April 2, 2024
March 31, 2024
March 28, 2024
March 26, 2024
March 11, 2024
March 10, 2024
February 12, 2024
February 9, 2024

വേനൽ മഴയില്‍ കുട്ടനാട്ടിൽ ഒമ്പതുകോടിയുടെ കൃഷിനാശം

ആർ ബാലചന്ദ്രൻ
ആലപ്പുഴ
April 9, 2022 8:54 pm

വേനൽ മഴയെ തുടർന്ന് കുട്ടനാട്ടിൽ നെൽകൃഷി മേഖലക്ക് കനത്ത നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം ഒമ്പതുകോടിയുടെ നഷ്ടമാണ് ഉണ്ടായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് കനത്ത മഴ എത്തിയത്. വിളവെടുത്ത നെല്ല് മൂടാൻ പോലും പല കർഷകർക്കും സാവകാശം ലഭിച്ചില്ല. വിളവെടുക്കുന്ന പാടത്ത് നെല്ല് വെള്ളത്തിൽ മുങ്ങിയതോടെ യന്ത്ര കൊയ്ത്തും അവസാനിപ്പിച്ചു. കുട്ടനാട്ടിലെ ഏതാനും കർഷകരുടെ നെല്ല് സംഭരണം മാത്രമാണ് പൂർത്തിയാക്കിയത്. മഴ നനഞ്ഞ നെല്ല് ഉണക്കി നൽകേണ്ടിവരും. 

തുടരുന്ന കനത്ത മഴയിൽ നെല്ലിന് മുകളിൽ വരെ വെള്ളം എത്തിയിട്ടുണ്ട്. ശക്തമായ കാറ്റിൽ വൈദ്യുതി ബന്ധവും നിലച്ചതോടെ മോട്ടോര്‍ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. കാറ്റിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനിലേയ്ക്കും ട്രാൻസ്ഫോർമറിലേയ്ക്കും മരം ഒടിഞ്ഞ് വീണാണ് വൈദ്യുതി ബന്ധം നിലച്ചത്. ഒട്ടുമിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

അതേസമയം, ഓരോ കൃഷിഭവന്റെയും പരിധിയിൽ കർഷകർ രജിസ്റ്റർ ചെയ്ത നാശനഷ്ടത്തിന്റെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. അടുത്ത നാല് ദിവസം കൂടി വേനൽമഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് കർഷകരെ കൂടുതൽ ആശങ്കയിലാക്കുന്നു. 

648 പാടശേഖരങ്ങളിലായി 27,493 ഹെക്ടർ നിലത്താണ് ഇത്തവണ പുഞ്ചകൃഷി ഇറക്കിയത്. ഇതിൽ 7,500 ഹെക്ടറിൽ താഴെ മാത്രമാണ് വിളവെടുപ്പ് പൂർത്തീകരിച്ചത്. പല പാടശേഖരങ്ങളിലും നൂറുമേനി വിളവുള്ള നെൽച്ചെടികളാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നിലം പൊത്തിയത്. രണ്ടാംകൃഷിക്കുള്ള ജോലികൾ പൂർത്തീകരിച്ച 400 ഏക്കർ വിസ്തൃതിയുള്ള പെരുമാനിക്കര വടക്കേ തൊള്ളായിരം പാടശേഖരത്തിൽ മടവീഴ്ചയും സംഭവിച്ചു. 50 ഓളം പാടശേഖരങ്ങൾ മടവീഴ്ച ഭീഷണി നേരിടുന്നുണ്ട്. 

Eng­lish Summary:Nine crore crop dam­age in Kut­tanad due to sum­mer rains
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.