Monday
25 Mar 2019

ആശ്രമത്തില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി

By: Web Desk | Tuesday 4 December 2018 10:42 PM IST


ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നാംതീയതി അര്‍ധരാത്രിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ സന്‍സ്‌കാര്‍ ആശ്രമത്തില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. ഈ കുട്ടികള്‍ എവിടെപ്പോയെന്നോ എന്ത് സംഭവിച്ചുവെന്നോ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ അധികൃതര്‍ക്ക് ഒരു വിവരവുമില്ല. രാജ്യതലസ്ഥാനത്തുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.
പിറ്റേന്ന് രാവിലെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം അധികൃതര്‍ അറിയുന്നത്.

സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കുട്ടികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ആശ്രമത്തിലെ അധികൃതരുടെ ഈ നിരുത്തരവാദിത്വത്തില്‍ കടുത്ത നടപടിയെടുക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോഡിയക്ക് ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ കത്ത് അയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് സെക്രട്ടറി വിജയകുമാറിന് സിസോഡിയ നിര്‍ദ്ദേശം നല്‍കി.

മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയ ഒമ്പത് പെണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസത്തിലാണ് ദില്‍ഷാദ് ഗാര്‍ഡനിലെ അഭയകേന്ദ്രത്തിലെത്തിച്ചത്. നേരത്തെ ദ്വാരകയിലെ അഭയ കേന്ദ്രത്തിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. അതിനിടെ, പെണ്‍കുട്ടികളെ കാണാതായ സംഭവത്തിനുപിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്നും സംശയമുണ്ട്.

Related News