ഒമ്പത് ഗോള്‍ ത്രില്ലറില്‍ ബെന്‍ഫിക്കയെ വീഴ്ത്തി ബാഴ്സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബാഴ്സലോണ തിരിച്ചടിച്ചത്. ബെന്‍ഫിക്കയ്ക്ക് വേണ്ടി വാന്‍ഗലിസ് പാവ്‌ലിഡിസ് ഹാട്രിക് നേടി തിളങ്ങിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ബാഴ്‌സയ്ക്കുവേണ്ടി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും റാഫീഞ്ഞയും ഇരട്ടഗോളുകള്‍ നേടി.
ആദ്യ പകുതിയില്‍ 3–1 എന്ന സ്‌കോറില്‍ ബാഴ്സ പിന്നിലായിരുന്നു. അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ മടക്കിയാണ് ബാഴ്സ നാടകീയ വിജയം സ്വന്തമാക്കിയത്. രണ്ട്, 22, 30 മിനിറ്റുകളിലായിരുന്നു ബെന്‍ഫിക്കയുടെ പാവ്‌ലിദിസിന്റെ ഗോളുകൾ. 13-ാം മിനിറ്റില്‍ ബാള്‍ഡയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്സയെ ഒപ്പമെത്തിച്ചു. 30-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പാവ്‌ലിഡിസ് തന്റെ ഹാട്രിക്കും ബെന്‍ഫിക്കയുടെ മൂന്നാം ഗോളും കണ്ടെത്തി. രണ്ടാം പകുതിയില്‍ ബാഴ്സ തിരിച്ചടിച്ചു. 64-ാം മിനിറ്റില്‍ റാഫീഞ്ഞയാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ 68-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത് ബാഴ്സയെ ഞെട്ടിച്ചു. റൊണാള്‍ഡ് അറൗജോയാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. 86-ാം മിനിറ്റില്‍ എറിക് ഗാര്‍ഷ്യയും ഇഞ്ചുറി സമയത്ത് റാഫീഞ്ഞയും ഗോള്‍ നേടി ബാഴ്സയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. ഏഴ് കളിയില്‍ ആറ് ജയവും ഒരു തോല്‍വിയുമുള്‍പ്പെടെ 18 പോയിന്റോടെ ബാഴ്സലോണ രണ്ടാമതാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളും പ്രീക്വാര്‍ട്ടറിലേക്ക് ചുവടുവച്ചു. ഫ്രഞ്ച് ക്ലബ്ബ് ലോസ്‌ക് ലില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ആൻഫീൽഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ലിവർപൂൾ 1–0ന് മുന്നിലായിരുന്നു. മുഹമ്മദ് സലാ (34), ഹാർവെ എലിയട്ട് (67) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. 62–ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡ് ലില്ലെയുടെ ആശ്വാസ ഗോൾനേടി. ഏഴും വിജയിച്ച ലിവര്‍പൂള്‍ 21 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ജര്‍മ്മന്‍ ക്ലബ്ബ് ബയര്‍ ലെവര്‍കൂസനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് പ്രീക്വാര്‍ട്ടറിലെത്തി. ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളുകളാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് ജയമൊരുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് പിയറോ ഹിന്‍കാപി ലെവര്‍കൂസനെ മുന്നിലെത്തിച്ചു. എന്നാല്‍ 52, 90 മിനിറ്റുകളില്‍ അത്‌ലറ്റിക്കോയ്ക്കായി അല്‍വാരസ് വല ചലിപ്പിച്ചു. ജയത്തോടെ അത്‍ലറ്റിക്കോ മഡ്രിഡ് ഏഴു മത്സരങ്ങളില്‍ അഞ്ച് ജയമുള്‍പ്പെടെ 15 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ജയിച്ചാൽ മൂന്നാം സ്ഥാനത്തെത്തുമായിരുന്ന ലെവർകൂസൻ, ഏഴു കളികളിൽനിന്ന് നാലു ജയം സഹിതം 13 പോയിന്റുമായി ആറാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റലാന്റ ഓസ്ട്രിയന്‍ ടീം എസ്‌കെ സ്റ്റം ഗ്രാസിനെ തോല്പിച്ചു. ഏകപക്ഷീയമായ അഞ്ച് ഗോള്‍ ജയത്തോടെ അറ്റലാന്റ പ്രീക്വാര്‍ട്ടറും ഉറപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.