ഐഎസ് അനുചരന്മാര്‍ പദ്ധതിയിട്ടത് വെള്ളത്തിലും ഭക്ഷണത്തിലും വിഷംകലര്‍ത്തി കൂട്ടകൊലയ്ക്ക്

Web Desk
Posted on January 24, 2019, 3:38 pm

ഭീകരവിരുദ്ധസേന മഹാരാഷ്ട്രയില്‍ നിന്നും പിടികൂടിയ ഒന്‍പത് ഐഎസ് അനുചരന്മാര്‍  വെള്ളത്തിലും ഭക്ഷണത്തിലും വിഷംകലര്‍ത്തി കൂട്ടകൊലയ്ക്കാണ് പദ്ധതിയിട്ടതെന്ന് അന്വേഷക സംഘം. ഇവര്‍ക്ക്  ഇസ്ലാമിക സ്റ്റേറ്റ് ബന്ധമുണ്ടെന്ന്  വ്യക്തമായി കണ്ടെത്തി . രാജ്യത്ത് ഇവര്‍ വന്‍ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഇന്ത്യയ്ക്ക് പുറത്തുള്ള ഐ.എസ്.ഐ.എസിന്റെ ഒരാളുമായി ബന്ധപ്പെട്ടാണ് നീക്കം നടത്തിയിരുന്നത് .

കുംഭമേളയായിരുന്നോ ഇവരുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത് . ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിരവധി കെമിക്കല്‍ ബോട്ടിലുകളും ആസിഡ് കുപ്പികളും കണ്ടെത്തിയിരുന്നു. കൂടാതെ ആറു പെന്‍ഡ്രൈവ് , 24 ഫോണ്‍ , 6 ലാപ്ടോപ് , 24 ഡിവിഡി , 12 ഹാര്‍ഡ് ഡിസ്ക് , 6 മെമറികാര്‍ഡുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട് .

ഉന്നത വിദ്യാഭ്യാസം നേടിയവരാണ് അറസ്റ്റിലായ പലരും . രണ്ട് എന്‍ജിനിയര്‍മാര്‍ , ഒരു എന്ജിനിയറിംഗ് വിദ്യാര്‍ഥി , ഒരു ഫാര്മിസ്റ്റ് , പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് . ഇതില്‍ ഒരാള്‍ അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ റാഷിദ് മല്‍ബറിയുടെ മകനാണ് .

റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച സുരക്ഷാപരിശോധനയ്ക്കിടയിലാണ് ഇവരെകുറിച്ചുള്ള വിവരം ലഭിക്കുന്നത് . ഇതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു സംഘം . കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ചൊവ്വാഴ്ച ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു .