ചരിത്രം തിരുത്തിയ നാടകത്തിന് മസ്കറ്റിൽ അരങ്ങൊരുങ്ങുന്നു.…

Web Desk
Posted on December 06, 2019, 9:48 pm

നവോത്ഥാന കേരളത്തിലെ നാടക അനുഭവങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ തോപ്പിൽ ഭാസി എഴുതി കെപിഎസി അവതരിപ്പിച്ച ‘എന്റെ മകൻ ആണ് ശരി ’ ക്ക് മസ്കറ്റിൽ അരങ് ഒരുങ്ങുന്നു. ഡിസംബർ 13 നു മസ്‌കറ്റിലെ അൽ ഫലാജ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന നാടകത്തിന്റെ റിഹേഴ്‌സൽ മസ്കറ്റിൽ പുരോഗമിക്കുകയാണ്. തിയേറ്റർ ഗ്രൂപ്പ് മസ്കറ്റിനു വേണ്ടി കെപിഎസി അൻസാർ ആണ് നാടകം സംവിധാനം ചെയ്യുന്നത്.
2015 മുതൽ തിയേറ്റർ ഗ്രൂപ്പ് എല്ലാ വർഷവും കെപിഎസി അൻസാറിന്റെ സംവിധാനത്തിൽ നാടകങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അശ്വമേധം, മുടിയനായ പുത്രൻ, അസ്തമിക്കാത്ത സൂര്യൻ, കടലാസ് തോണി എന്നീ നാടകങ്ങൾ ആണ് ഇത് വരെ തിയേറ്റർ ഗ്രൂപ്പ് മസ്കറ്റ് അരങ്ങിൽ എത്തിച്ചത്.
കെപിഎസിയിലൂടെ നിരവധി നാടകങ്ങളുടെ അനുഭവ സമ്പത്ത് ഉള്ള അൻസാർ മാഷിലൂടെ കെപിഎസി അവതരിപ്പിച്ച, ഒരു കാലത്ത് കേരളത്തിന്റെ ചിന്താ ശേഷിയെ സ്വാധീനിക്കുകയും, കേരളത്തിന്റെ സാംസ്‌കാരിക പരിസരത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ അരങ്ങ് തീർക്കുകയും ചെയ്ത നാടകങ്ങൾ ആസ്വദിക്കാൻ മസ്കറ്റ് മലയാളികൾക്കും സാധിക്കുകയാണ്.
1950 കളിൽ കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ കെപിഎസി അരങ്ങിൽ എത്തിച്ച ‘എന്റെ മകനാണ് ശരി ’ സാമൂഹ്യ മാറ്റത്തിന്റെ നാടകം എന്ന നിലയിൽ ആയിരുന്നു ശ്രദ്ധേയം ആയിരുന്നത്. ആ കാലത്ത് നിലവിൽ ഉണ്ടായിരുന്ന ജന്മിത്തവും ഉച്ച നീചത്വങ്ങളും മറ്റൊരു രീതിയിൽ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നും അത് കൊണ്ട് തന്നെ പുതിയ കാലത്തും നാടകത്തിനു ഏറെ പ്രസക്തി ഉണ്ടെന്നും സംവിധായകൻ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തെ നാടക ക്യാമ്പുകളിലൂടെയും, നാടക അവതരണങ്ങളിലൂടെയും പുതിയ ഒരു നാടക സംസ്കാരം മസ്കറ്റ് മലയാളികൾക്ക് ഇടയിൽ വളർത്താൻ തിയേറ്റർ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. ജോലി കഴിഞ്ഞുള്ള സമയം ആണ് അഭിനയിക്കാൻ വേണ്ടി അഭിനേതാക്കൾ എത്തുന്നത് എങ്കിലും അർപ്പണ ബോധത്തോടെയും, സൂക്ഷ്മതയോടെയും ആണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഉള്ള അഭിനേതാക്കൾ നാടകത്തെ സമീപിക്കുന്നത്.
ഒഎൻവിയും, ദേവരാജൻ മാസ്റ്ററും ചേർന്നൊരുക്കിയ ഗാനങ്ങൾ ‘എന്റെ മകനാണ് ശരി ’ എന്ന നാടകത്തിന്റെ ഹൈലറ്റ് ആയിരുന്നു. ആ ഗാനങ്ങൾ പ്രവാസി മലയാളികൾ ഇപ്പോഴും ഗൃഹാതുര സ്മരണകൾ ആയി കൊണ്ട് നടക്കുന്നവർ ആണ്. അത് കൊണ്ട് തന്നെ നാടകം കാണാൻ നിരവധി പേര് എത്തിച്ചേരും എന്ന പ്രതീക്ഷയിൽ ആണ് തിയേറ്റർ ഗ്രൂപ്പ് പ്രവർത്തകർ.
നാടക അരങ്ങുകളിൽ വിസ്മയം തീർക്കുന്ന ചിത്രകാരൻ ആർട്ടിസ്റ്റ് സുജാതൻ ഒരുക്കുന്ന രംഗ പടവും കാണികളെ ആകർഷിക്കും. എന്റെ മകനാണ് ശരിയിലെ അനശ്വര കഥാപാത്രങ്ങൾ ആയ പരമു പിള്ളയെ വിനോദ് അമ്മവീടും, മാത്യുവിനെ കേരളൻ കെപിഎസി യും മാലയെ ശ്രീവിദ്യ രവീന്ദ്രനും അവതരിപ്പിക്കും. ബാബു തോമസ് എരുമേലി, അനിൽ കടക്കാവൂർ, ജെയ്‌സൺ പി മത്തായി, തോമസ് കുന്നപ്പള്ളി, കിരൺ ഹരി പ്രസാദ്, മനോഹരൻ ഗുരുവായൂർ, സുധ രഘുനാഥ്‌, ഇന്ദു ബാബു രാജ്, കുമാരി കിരൺ ലക്ഷ്മി എന്നിവർ ആണ് മറ്റു അഭിനേതാക്കൾ.
അനീഷ് ചന്ദ്രൻ വെളിച്ച നിയന്ത്രണവും, ജിനു വർഗീസ്, അനുരാജ് ചെങ്ങന്നൂർ എന്നിവർ സഹ സംവിധാനവും നിർവഹിക്കുന്നു
മുൻ വർഷങ്ങളിൽ തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച നാടകങ്ങൾ കാണുവാൻ അതിഥികൾ ആയി തോപ്പിൽ സോമൻ, ആർട്ടിസ്റ്റ് സുജാതൻ, ഫ്രാൻസിസ് ടി മാവേലിക്കര, കെപിഎസി സെക്രെട്ടറി അഡ്വ.ഷാജഹാൻ എന്നിവർ അതിഥികൾ ആയി വന്നിരുന്നു
മസ്കറ്റ് മലയാളികൾക്ക് ഇടയിൽ പുതിയ നാടക അവബോധം വളർത്തിയതിന് കെപിഎസി അൻസാറിന് മൈത്രി മസ്കറ്റ് പുരസ്‌കാരം ലഭിച്ചിരുന്നു.
ഏറെ പ്രതീക്ഷയോടെ ആണ് മസ്കറ്റ് മലയാളികൾ നാടക അവതരണത്തിനായ് കാത്തിരിക്കുന്നത്