നിപ: ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

Web Desk
Posted on June 09, 2019, 9:17 pm

കൊച്ചി: നിപ വൈറസ് ബാധയുടെ ആശങ്ക ഒഴിഞ്ഞെങ്കിലും ഇതിന്റ ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും സജീവം. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ കോളനികളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വന സംരക്ഷണ സമിതി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ സംശയാസ്പദമായ കേസുകളൊന്നും ഈ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയാറ്റൂര്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ എന്‍.ഐ.വിയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാരും ഫോറസ്റ്റ് വെറ്ററിനറി വിദഗ്ധരും ചേര്‍ന്ന് തൊടുപുഴ മുട്ടം പ്രദേശത്തെ വവ്വാലുകളുടെ കോളനി കണ്ടെത്തി. ഇവയെ പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ സമഗ്ര പരിശോധന നടത്തിവരികയാണെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കോര്‍ കമ്മിറ്റി യോഗം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ മേഖലകളിലും സമഗ്ര ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേര്‍ന്ന് വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ പരിശോധന നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ മൃഗാശുപത്രികളിലും ബോധവത്കരണ ക്ലാസുകള്‍ നടന്നു വരുന്നു. പന്നി വളര്‍ത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ആലുവ ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതം കര്‍ഷകര്‍ക്ക് ക്ലാസുകളെടുക്കും.

പഞ്ചായത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസുകള്‍ നടന്നുവരികയാണ്. നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് ബ്ലോക്ക് അടിസ്ഥാനത്തില്‍ നല്‍കിയ ട്രെയിനിങ് താഴെ തട്ടിലേക്കും വ്യാപിപ്പിക്കും. മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കാണ് പരിശീലനം വ്യാപിപ്പിക്കുന്നത്. കൂടാതെ അങ്കണവാടി, ആശാവര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരെയും ഉള്‍പ്പെടുത്തും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും.

തൊഴില്‍ വകുപ്പ് നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കാക്കനാട് മേഖലകളിലായി 12 അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന നടത്തി. പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം, തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ശൗചാലയങ്ങള്‍ ഇല്ലാതിരിക്കുക, സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കാതെ ഇരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടത്തി. ഇത് പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴില്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തട്ടില്ല. ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രതയുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മേഖലയില്‍ ആകെ 214 ഡോക്ടര്‍മാര്‍ക്കും 508 പാരാമെഡിക്കല്‍ സ്റ്റാഫിനും 488 നോണ്‍ പാരാമെഡിക്കല്‍ സ്റ്റാഫിനും പരിശീലനം നല്‍കി. സ്വകാര്യ മേഖലയില്‍ ആകെ 85 ഡോക്ടര്‍മാര്‍ക്കും 132 പാരാമെഡിക്കല്‍ സ്റ്റാഫിനും ഒന്‍പത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും 11 അറ്റന്‍ഡന്റ്മാര്‍ക്കും പരിശീലനം നല്‍കി. 271 ആശ പ്രവര്‍ത്തകര്‍, 51 അനുബന്ധ വകുപ്പ് ജീവനക്കാര്‍, 231 തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, 974 കുടുംബശ്രീ പ്രവര്‍ത്തകര്‍, 185 അങ്കണവാടി ടീച്ചര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും പരിശീലനവും ബോധവത്കരണവും നല്‍കി. ആകെ 4316 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു

ആലപ്പുഴയിലെ എട്ടുവയസുകാരന് നിപ ബാധയില്ല

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടുവയസുകാരന് നിപ വൈറസ് ബാധിച്ചില്ലെന്ന് സ്ഥിരീകരിച്ചു.പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനഫലം ലഭിച്ചതിന് ശേഷം ജനറല്‍ വാര്‍ഡിലേക്ക് മാറ്റി.

മാവേലിക്കര സ്വദേശിയായ ആണ്‍കുട്ടിയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സ തേടിയത്. കുടുംബസമേതം സൗദി അറേബ്യയിലായിരുന്ന കുട്ടി അമ്മയോടൊപ്പം കഴിഞ്ഞ 22നാണ് നാട്ടിലെത്തുന്നത്.ഇതിനു ശേഷം പനി ബാധിച്ച കുട്ടി മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.ഇതിനിടയില്‍ ഓര്‍മക്കുറവുണ്ടായതിനെ തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത് നിപ ലക്ഷണങ്ങള്‍ ഉള്ളതിനാലാണ് കുട്ടിയെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവങ്ങളും മറ്റും പരിശോധിച്ചപ്പോഴാണ് രോഗം ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

നിപ ഭീതി അകലുന്നു; നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു

നിപ വൈറസ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില കൂടുതല്‍ മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളെജിലെ താല്‍ക്കാലിക ലാബില്‍ നടത്തിയ രണ്ടാംഘട്ട സാമ്പിള്‍ പരിശോധനയുടെ ഫലം കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ചതിന്റെ ഫലം ലഭിച്ചു. മൂന്നു സാമ്പിളുകള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണം നെഗറ്റീവും ഒരെണ്ണം മാത്രമാണ് പോസിറ്റീവുള്ളത്.

നിപ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഒബ്‌സെര്‍വഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്ന നാല് രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു. ഏഴുപേരാണ് ഇപ്പോള്‍ ഇവിടെ ചികില്‍സയില്‍ കഴിയുന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവരുടെ നിരീക്ഷണം ആശുപത്രിയില്‍ തുടരുന്നു. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒരു രോഗിയെ പരിശോധനകള്‍ക്കും ചികില്‍സയ്ക്കുമായി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, രാജഗിരി ആശുപത്രി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എന്നീ ആശുപത്രികളില്‍ നിന്നും നിപ ലക്ഷണങ്ങള്‍ സംശയിച്ച മൂന്നു പേരുടെ സാമ്പിളുകള്‍ കളമശേരി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ലാബില്‍ പരിശോധിച്ചു. ഫലം നെഗറ്റീവാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വം ഡോ. രമേഷ് ചന്ദ്ര ഏറ്റെടുത്തു. സംഘം എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. താല്‍ക്കാലിക ലാബ് പരിശോധന സംവിധാനം, പിസിആര്‍, അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയും മേല്‍ നോട്ടം തുടരുന്നു. എന്‍ഐവി പുനെയില്‍ നിന്നുള്ള രണ്ടാമത്തെ സംഘം തൊടുപുഴ മേഖലയില്‍ വവ്വാലുകളെ പിടിക്കുന്നതിനും സാംപിളുകള്‍ ശേഖരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പന്നി ഫാമുകളില്‍ നിന്ന് പന്നികളുടെ രക്ത സാംപിളുകളും ശേഖരിച്ചു. എഐഎംഎസ്, നിംഹാന്‍സ്, എന്നിവിടങ്ങളില്‍ നിന്നും വന്ന സംഘം മെഡിക്കല്‍ കോളേജിലെ പുതിയ ഐസോലേഷന്‍ വാര്‍ഡിലെ സംവിധാനങ്ങള്‍ പരിശോധിച്ചു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നിപ ബാധിച്ച രോഗിയുടെ ആരോഗ്യസ്ഥിതിയും അവലോകനം ചെയ്തു.