നിപ; ഉറവിടം തേടി തൊടുപുഴയില്‍ പരിശോധന; വവ്വാലുകളെ പിടിച്ച് സാംപിളെടുക്കും

Web Desk
Posted on June 09, 2019, 9:15 am

തൊടുപുഴ: സംസ്ഥാനത്തെ നിപ ബാധയുടെ ഉറവിടം തേടി പരിശോധന തുടങ്ങി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് വവ്വാലുകളെ പിടികൂടി സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നത്.   ഇത് കൂടാതെ മുട്ടത്തും നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ നാടായ വടക്കന്‍ പറവൂരിലെ രണ്ടിടത്തും സംഘം  പരിശോധന നടത്തും. ഈസാമ്പിളുകൾ  പൂനൈയിലെത്തിച്ച് പരിശോധന നടത്തിയാല്‍ ഉറവിടം കണ്ടെത്താനാകുമെന്നാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ പ്രതീക്ഷ.

നിപ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ കോളജിലും , താമസ സ്ഥലത്തിനും സമീപത്തെ വവ്വാല്‍ ആവസകേന്ദ്രങ്ങളിലാണ് നിപയുടെ ഉറവിടം തേടിയുള്ള സാംപിള്‍ ശേഖരണം. വവ്വാലിന്റെ ശരീര ശ്രവങ്ങളും, അവയുടെ കാഷ്ഠവും രോഗത്തിന്റെ ഉറവിടമാണോയെന്ന് മനസിലാക്കാനാണ് പരിശോധന. നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. കൂടുതല്‍ പരിശോധനയ്ക്കായ് പുണെയിലെ വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച ശരീര സ്രവത്തിന്റെ ഫലം ഇന്ന് പുറത്തുവന്നേക്കും. നിപ ഭീതി അകലുന്നുവെങ്കിലും ഉറവിടം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിനെ തുടര്‍ന്ന് ജാഗ്രത തുടരുന്നുണ്ട്.