നിപയെ തുരത്തിയ കരുത്ത്

Web Desk
Posted on June 04, 2019, 8:01 am

വിനാശകാരിയായ വൈറസ് വീണ്ടുമെന്ന ഭീതി പടര്‍ത്താന്‍ ഒരുപറ്റം ശ്രമിക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ നിന്ന് അന്ന് നിപയെ തുരത്തിയ അതേ കരുത്തോടെ സംസ്ഥാന സര്‍ക്കാരും ആരോഗ്യരംഗവും സജ്ജരായിരിക്കുകയാണ്. നവമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് താങ്ങും തണലും നല്‍കി സാധാരണക്കാരെ പരിഭ്രാന്തരാക്കുകയല്ല ഈ ഘട്ടത്തില്‍ വേണ്ടത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം കൈകോര്‍ത്ത് മുന്‍കരുതലുകള്‍ക്ക് ഊര്‍ജം പകരാന്‍ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കാകണം. രോഗലക്ഷണത്തോടെയെത്തിയ ആളില്‍ സംശയം തോന്നിയ വിവിധ കേസുകളില്‍ സാമ്പിള്‍ അയച്ചിരുന്നു. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചിരുന്നുമില്ല. അതിനുമുമ്പേ വന്‍തോതില്‍ പ്രചാരണം ഉണ്ടായി. ഇത് ജനങ്ങളില്‍ ഭീതിയും പടര്‍ത്തി. നിപ സ്ഥിരീകരിച്ചാല്‍ തന്നെ ഭയപ്പെടേണ്ട അവസ്ഥ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലില്ലെന്നതാണ് വസ്തുത. ശക്തമായി അതിനെ നേരിടാന്‍ നമുക്ക് സാധിക്കും. ആളുകളെ പരിഭ്രാന്തരാക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് സമൂഹവും മാധ്യമങ്ങളും പിന്തിരിയണം. കോഴിക്കോട്ടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിപയെ ഭയക്കാതെ തന്നെ നേരിടാന്‍ ആരോഗ്യവകുപ്പിന് സാധിക്കും. നിപയെന്ന കൊലയാളിയെ കരളുറപ്പോടെ നേരിട്ട കേരളത്തിന് ഐക്യരാഷ്ട്രസഭയുടേതടക്കം പ്രശംസ നേടാനായതോര്‍ക്കണം.

മസ്തിഷ്‌കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് നിപാ വൈറസ് ബാധയെന്ന് വെബ് പോര്‍ട്ടലിലാണ് ആദ്യം വാര്‍ത്ത വന്നത്. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടിനെ അധികരിച്ചായിരുന്നു വാര്‍ത്ത. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കാട്ടുതീ പോലെ പ്രചരിപ്പിക്കുകയായിരുന്നു. അതേസമയം നിപ രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭ്യമായതിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. എങ്കിലും സംസ്ഥാന ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു തുടങ്ങി. രോഗാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ഥി ബന്ധം പുലര്‍ത്തിയ തൊടുപുഴ, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെല്ലാം മുന്‍കരുതല്‍ നടപടി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. പരിശോധനാ ഫലം ലഭ്യമാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് കൊച്ചിയിലെത്തി ആരോഗ്യവകുപ്പ് ഉന്നതരുമായും ഈ മേഖലയിലെ വിദഗ്ധരുമായും ചര്‍ച്ച നടത്തി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് അടിയന്തിര യോഗം വിളിക്കുകയും നടപടികള്‍ തയ്യാറാക്കുകയും ചെയ്തുകഴിഞ്ഞു. തൃശൂരില്‍ ഡിഎംഒ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുകയും മുന്‍കരുതല്‍ നടപടികള്‍ക്കൊരുങ്ങുകയും ചെയ്തിരിക്കുന്നു. തൊടുപുഴയിലും ആരോഗ്യവകുപ്പ് നിരീക്ഷണങ്ങളും മുന്നൊരുക്കങ്ങളും ആസൂത്രണം ചെയ്ത് വരുന്നു. ഇയാള്‍ പഠിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ കോളജും താമസിച്ചിരുന്ന വീടും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കോളജിന് സമീപത്ത് വീട് വാടകയ്ക്ക് എടുത്താണ് നിപ രോഗം സംശയിക്കുന്ന വിദ്യാര്‍ഥിയും കൂട്ടുകാരും കഴിഞ്ഞിരുന്നത്. മെയ് 16ന് കോളജ് അടച്ചു.

രോഗാവസ്ഥയിലുള്ള ആളുള്‍പ്പെടെ 16 പേര്‍ ഇന്റേണ്‍ഷിപ്പിനായി തൃശൂരിലെ സ്ഥാപനത്തിലേക്ക് 21 ന് മാറുകയായിരുന്നു. ആശങ്കപ്പെടാനുള്ളതൊന്നും ഇതുവരെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ആരോഗ്യവിഭാഗം തരുന്ന സൂചന. ഇടുക്കി ഡിഎംഒ കോളജിലെത്തി അധികൃതരുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി. നിപ വൈറസ് ആദ്യമായി കണ്ടെത്തിയ കോഴിക്കോട് നിന്നുള്ള വിദഗ്ധരായ സംഘത്തെ കൊച്ചിയില്‍ സജ്ജരാക്കിയിട്ടുണ്ട്. കോഴിക്കോട്ടെ രോഗവ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ച റിബാവരിന്‍ എന്ന പേരിലുള്ള മോണോക്ലോണല്‍ ആന്റിബോഡി മരുന്നുകള്‍ കേരളത്തില്‍ ആവശ്യാനുസരണം ഉണ്ട്. എങ്കിലും കരുതലും പ്രതിരോധവുമാണ് അനിവാര്യം.
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കോ പടരുന്നതാണ് നിപ വൈറസ്. കഠിനമായ ചുമയും എന്‍സിഫിലിറ്റീസ് ലക്ഷണവും ഉണ്ടെങ്കില്‍ ആരും മറച്ചുവയ്ക്കരുത്. വൈറസ് ബാധയുണ്ടായാല്‍, അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പിരീഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് ഇവയുടെ ലക്ഷണങ്ങള്‍. ചുമ, വയറുവേദന, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധം നഷ്ടപ്പെട്ട്, കോമ അവസ്ഥയുണ്ടാകാം. തലച്ചോറിനെ ബാധിക്കുന്ന എന്‍സിഫിലിറ്റീസ് ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഇത് മരണത്തിനുവരെ കാരണമായേക്കാം. ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്താതിരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഓരോരുത്തരും തയ്യാറാവണം. നിപ ബാധിച്ചുവെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഇനി വേണ്ടത് കോഴിക്കോടിന്റെ അനുഭവങ്ങളെ പാഠമാക്കി നിശ്ചയദാര്‍ഢ്യത്തോടെ ഒത്തൊരുമിച്ച് പൊരുതുകയാണ്.