‘നിപാ കേരളാ മോഡല്‍’ ഉഗ്രന്‍, പക്ഷേ…

Web Desk
Posted on June 30, 2018, 9:06 am

 നന്ദന്‍ വി ബി കൊഞ്ചിറ

കേരളം ഒരിക്കല്‍കൂടി രാജ്യത്തിന് മാതൃകയായിരിക്കുന്നു. രാജ്യം മാതൃമല്ല ലോകംതന്നെ ഭീതിയോടെ ഉറ്റുനോക്കിയ ഗുരുതരാവസ്ഥയെയാണ് കേരളം പ്രതീക്ഷിക്കാനാകാത്തവേഗത്തില്‍ തരണം ചെയ്തത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍നിന്ന് തുടങ്ങി മലപ്പുറം വഴി കേരളമാകെ പടരുമായിരുന്ന ഒരു മഹാ വിപത്തിനെയാണ് കേരളം ഇപ്പോള്‍ തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. വളരെ അപകടകാരിയായ അപൂര്‍വ വൈറസിനെ ഇത്രവേഗം കണ്ടെത്തി ആരോഗ്യ മേഖലയുടെ പിടിയിലൊതുക്കാന്‍ ഇതുവരെ ലോകത്തൊരിടത്തും കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. ഇത് സാധിച്ചതോടെ കേരളം എല്ലാ വികസിത രാഷ്ട്രങ്ങള്‍ക്കും മാതൃകയായിരിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം. മെഡിക്കല്‍ സയന്‍സിന് നാം പുതിയൊരു വാക്കും പ്രവൃത്തിയും സംഭാവന ചെയ്തിരിക്കുന്നു- ‘നിപാ കേരളാ മോഡല്‍’.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടവും പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരും ഒത്തുചേര്‍ന്ന് മരണത്തിന്റെ തേരോട്ടം സൃഷ്ടിക്കുമായിരുന്ന മാരക വൈറസിനെ പിടിച്ച് കെട്ടി. പോരാട്ടത്തില്‍ വിജയിച്ചു. മരണസംഖ്യ നൂറിലേറെ ആയപ്പോഴാണ് മറ്റു പല രാജ്യങ്ങളിലും നിപായെ തിരിച്ചറിഞ്ഞതെങ്കില്‍, കേരളം രണ്ടാമത്തെ മരണത്തില്‍ രോഗഭീകരനെ കണ്ടെത്തിയെന്നത് നിസാര കാര്യമല്ല. നിപയെന്ന ഭീകരനെ തുരത്താന്‍ ഒരുതരം യുദ്ധം തന്നെയാണ് നമ്മള്‍ നടത്തിയത്. യുദ്ധം വിജയിക്കണമെങ്കില്‍ അതിന് ഉശിരും ശേഷിയുമുള്ള ഒരു പടനായകന്‍ വേണം. പടയാളികള്‍ക്ക് ധൈര്യവും ആവേശവും നല്‍കാന്‍ പടനായകന്‍ എപ്പോഴും യുദ്ധമുഖത്തുതന്നെ ഉണ്ടായിരിക്കുകയും വേണം. ഇവിടെ നമുക്കുണ്ടായിരുന്നത് ഒരു പടനായികയാണ്. ആദ്യ നിപാമരണം സ്ഥിരീകരിച്ച അന്നുതന്നെ കോഴിക്കോട്ടെത്തി, ഈ പടനായിക. നിപനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിനന്ദനം അര്‍ഹിക്കുന്നു. ഓരോ സൂക്ഷ്മാംശത്തിലും അവര്‍ ശ്രദ്ധചെലുത്തി പ്രവര്‍ത്തനങ്ങളെയാകെ കൂട്ടിയോജിപ്പിച്ചു. മന്ത്രിക്കുമാത്രമല്ല ഒപ്പം നിന്ന് മരണമുഖത്താണെന്നറിയാമായിരുന്നിട്ടും പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ഇതിനിടെ 17 വിലപ്പെട്ടജീവനുകള്‍ നമുക്കിടയില്‍ നിന്നും നിപ കൊത്തികൊണ്ടുപോയി. ഇതിലേറെ വേദനിപ്പിച്ചത്, ലിനി എന്ന നഴ്‌സ് സഹോദരിയുടെ മരണമാണ്. ചില പ്രത്യേക നിയോഗങ്ങളുമായി ഭൂമിയിലേക്കു പിറന്നു വീഴുന്ന ജന്മങ്ങളുണ്ട്. നിയോഗകര്‍മ്മംനിര്‍വഹിച്ച് അവര്‍ കര്‍മ്മമണ്ഡലത്തില്‍ തന്നെ പൊഴിഞ്ഞുവീഴും. അത്തരത്തില്‍ തന്റെ കര്‍മ്മ മണ്ഡലത്തില്‍ പൊഴിഞ്ഞുവീണ മാലാഖയാണ് ലിനി. മാരക പകര്‍ച്ചവ്യാധികള്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള വൈദഗ്ധ്യത്തില്‍ നാം പിന്നിലാണെന്ന് തിരിച്ചറിയാന്‍ നിപ വൈറസ് തന്നെ വരേണ്ടിവന്നു എന്ന ഒരു യാഥാര്‍ഥ്യം നമുക്കുമുന്നില്‍ പ്ലക്കാര്‍ഡുയര്‍ത്തികാണിച്ചിട്ടാണ് ലിനി പോയത്. ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട, അല്ല പുനര്‍ചിന്തിക്കേണ്ട നിരവധി കാര്യങ്ങളാണ് മുന്നില്‍ നിരക്കുന്നത്.

മുന്‍നേട്ടങ്ങള്‍ക്ക് മുകളില്‍ തപസിരിപ്പ് മുന്‍ഗാമികള്‍ ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ക്ക് മേല്‍ കയറിയിരുന്ന് വീരവാദം ഉയര്‍ത്തുകമാത്രമാണ് പിന്‍ഗാമികള്‍ ചെയ്തത്. കേരളം ഇന്ത്യയിലെ മറ്റുമിക്ക പ്രദേശങ്ങളേക്കാളും ദീര്‍ഘദൂരം മുന്നിലാണെന്നതില്‍ നാം അഭിമാനിക്കാറുണ്ട്. ലോകത്തിന് തന്നെ മാതൃകയാകുന്ന ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, ഏതാണ്ട് വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി പൊതു-ശിശു-മാതൃമരണനിരക്കുകള്‍ കുറച്ചുകൊണ്ടുവരാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട് എന്നിങ്ങനെയുള്ള അഭിമാന വാദങ്ങളാണ് നമ്മള്‍ കുറേക്കാലമായി ഉയര്‍ത്തികൊണ്ടിരിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് 2004 ല്‍ നടത്തിയ കേരളപഠനം അനുസരിച്ച് ഇവിടെ നൂറില്‍ തൊണ്ണൂറുപേര്‍ക്കും സ്വന്ത്വം വീടുണ്ട്. 92% വീടുകളിലും കക്കൂസുണ്ട്. 85% ത്തോളം വീടുകളിലും വൈദ്യുതിയുണ്ട്. അഞ്ചുവയസായ ഏതാണ്ടെല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്നു. അവരില്‍ മിക്കവരും പത്തിലെത്തുന്നു. 90% ത്തിലേറെ പാസാകുന്നു. പ്രതീക്ഷിത ആയുസ് ഇന്ത്യയിലേറ്റവും ഉയര്‍ന്നത്, പല വികസിത രാജ്യങ്ങള്‍ക്കൊപ്പം. ശിശുമരണ നിരക്കിലും മാതൃമരണനിരക്കിലും ഏതാണ്ടതുപോലെ തന്നെ. പക്ഷെ, ഈ നേട്ടങ്ങള്‍ക്ക് കാരണമായ സംഗതികളെല്ലാം വളരെ മുന്‍പ് നടന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കംകുറിച്ച വിദ്യാഭ്യാസ ആരോഗ്യ നയങ്ങളും ഐക്യകേരളം രൂപപ്പെട്ട നാളുകളില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണവും സമ്പൂര്‍ണ പൊതുവിവരണ സമ്പ്രദായവും ആണ് ഈ നേട്ടങ്ങളിലേക്ക് നയിച്ചത്. അതിന് ശേഷം നമുക്ക് ഈ ദിശയില്‍ എത്രമാത്രം മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സ്വയം വിലയിരുത്തേണ്ടതല്ലേ. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കുമൊക്കെ സൗജന്യമായി നല്ല നിലവാരമുള്ള ചികിത്സ നല്‍കേണ്ട സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്നും പരിമിതികളിലൂടെയും പരാധീനതകളിലൂടെയുമാണ് നീങ്ങുന്നത്. ആരോഗ്യരംഗത്ത് ആസൂത്രിതമായും ഭാവനയോടെയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും വിഭവസമാഹരണവും കൂടി വേണം. സര്‍ക്കാരാശുപത്രികളുടെ നില മെച്ചപ്പെടുത്താന്‍ കൂടിയാലോചനകളിലൂടെ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍കൊണ്ടുവരണം. ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോകുന്നുണ്ടെന്നത് കാണാതെ പോകുന്നില്ല. സ്വകാര്യ മേഖലയുടെ സേവനം നിര്‍ദ്ധനര്‍ക്കുകൂടി ഉപയോഗപ്പെടുന്ന പുതിയ സംവിധാനങ്ങള്‍ക്കു കൂടി രൂപം നല്‍കണം.

ഇല്ലാഞ്ഞിട്ടല്ല, ചെയ്യാനാകാഞ്ഞിട്ടാണ് നിപ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മാറേണ്ടിയിരിക്കുന്നു. അപൂര്‍വ വൈറസ് ഇനങ്ങളെ കണ്ടെത്തുന്നതിനുള്ള ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യത്തെക്കുറിച്ച് ഇപ്പോള്‍ വാദമുയരുന്നുണ്ട്. ഈ സമയം നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നില്ല. 1999 വരെ പകര്‍ച്ചാവ്യാധികളെ തിരിച്ചറിയാന്‍ പൂനാ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബിനെയാണ് നമ്മള്‍ ആശ്രയിച്ചിരുന്നത്. 1999 ഏപ്രിലില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി വളപ്പില്‍ കേരളാ സ്റ്റേറ്റ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങി. വൈറസുകളെ കേരളത്തില്‍ വച്ചുതന്നെ അടിയന്തിരമായി തിരിച്ചറിഞ്ഞ് പകര്‍ച്ചവ്യാധികളെ വേഗത്തില്‍ ചെറുക്കുക എന്നതായിരുന്നു ലക്ഷ്യം. 5000 സാമ്പിളുകള്‍ വരെ ഇവിടെ ഒരു വര്‍ഷം പരിശോധിക്കുകയും ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്നത്തെ സ്ഥിതി ദയനീയമാണ്. ഡയറക്ടറും വൈറോളജിസ്റ്റും ഇല്ലാതായിട്ട് എട്ടുവര്‍ഷമായി. ആരോഗ്യവകുപ്പ് ഉപേക്ഷിച്ചതോടെ പരിശോധന നിലച്ചു. നാടാകെ പനിക്കാലത്തില്‍ മുങ്ങുമ്പോള്‍, ആലപ്പുഴ ജില്ലയിലെ കൊതുക് സാന്ദ്രതയെക്കുറിച്ചു പഠനം നടത്താനുള്ള ചുമതലയില്‍ നേരംകൊല്ലുകയാണ് ഇവിടെ അവശേഷിക്കുന്ന ജീവനക്കാര്‍.

ആവശ്യങ്ങള്‍ വരുമ്പോള്‍ വാദമുയര്‍ത്തുകയും പിന്നെ മിണ്ടാതിരിക്കുകയും ചെയ്യുക എന്നത് ശീലമാക്കിയവരാണ് നമ്മള്‍. ഒരു പക്ഷേ നിലവിലുള്ള നമ്മുടെ സംവിധാനങ്ങളുടെ തകരാറുകൊണ്ടാവാമിത്. നിപാ ഭീഷണി ഉയര്‍ന്നു നിന്നപ്പോള്‍ തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടെന്ന വാര്‍ത്തകേട്ടു. അത്യാധുനിക സംവിധാനങ്ങളുള്ള ലാബ്, ഗവേഷണ കേന്ദ്രം എന്നിവയാണ് ലക്ഷ്യം. ആലപ്പുഴയിലെ സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിക്കൊണ്ട് 1999 ഏപ്രില്‍ അഞ്ചിന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും ലക്ഷ്യമായി പറഞ്ഞതും ഇതൊക്കെത്തന്നെയല്ലേ. എന്നിട്ടിപ്പോഴെന്തായി. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് മുടക്കിയ കോടിക്കണക്കിന് ഖജനാവ് പണം വെള്ളത്തിലായി. ഇതുപോട്ടെ നിപ ബാധിതരെന്ന് സംശയിക്കുന്നവരുടെ രക്തസാമ്പിളുകള്‍ മണിപ്പാലിലാണ് പരിശോധനക്കായി കൊണ്ടുപോയത്. സമാന സൗകര്യമുള്ള ലാബ് ആലപ്പുഴയില്‍ തന്നെയുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് കാമ്പസിനകത്തെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിന്റെ പ്രയോജനം നമുക്ക് ഉപയോഗപ്പെടുത്താനായില്ല. കാരണം വിദഗ്ധപരിശീലനം നേടിയവര്‍ അവിടെ ഇല്ലായിരുന്നു. പിന്നെ പൂനെ എന്‍.ഐ.വിയില്‍ നിന്നും വിദഗ്ധരെകൊണ്ടുവന്ന് അവര്‍ക്കുവേണ്ട സൗകര്യമെല്ലാം ഒരുക്കിയപ്പോള്‍ ഒരാഴ്ച കഴിഞ്ഞിരുന്നു. നിപാ മരണനിരക്ക് കൂടുകയും ചെയ്തു.

പരിശീലനത്തിന്റെ കുറവ്വീമ്പു പറയുമെങ്കിലും തലക്കടി കിട്ടുമ്പോഴേ ഉണരൂ എന്നായിരിക്കുന്നു നമ്മുടെ ശീലം. ആരോഗ്യരംഗത്തു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കുള്‍പ്പടെ വിദഗ്ധ പരിശീലനം വേണമെന്ന് അറിയുന്നത് നിപ ആക്രമിച്ചുകഴിഞ്ഞപ്പോഴാണ്. നിപ ബാധിത മേഖലയിലെത്തിയ കേന്ദ്രസംഘത്തിലെ അംഗങ്ങള്‍ വിദഗ്ധ പരിശീലനത്തിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബന്ധപ്പെട്ടവര്‍ക്ക് ബോധമുണര്‍ന്നത്. പകര്‍ച്ചവ്യാധികളുള്‍പ്പെടെ അടിയന്തരസാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരെ പ്രാപ്തരാക്കുന്ന പരിശീലനകേന്ദ്രം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി എന്ന സ്ഥാപനം ചെന്നൈയിലുണ്ട്. 1999‑ല്‍ പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനാണ് നടത്തിപ്പ് മേല്‍നോട്ടം. ഇവിടെ പരിശീലനം നേടുന്ന ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും തമിഴ്നാടും. 20 വര്‍ഷമായിട്ടും ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്ന് കേരളം അറിഞ്ഞിട്ടില്ല. ഇതു മാറണം. ഏതൊരു അടിയന്തിര സാഹചര്യവും നേരിടാന്‍ പ്രാപ്തരായ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നമുക്കുണ്ടാകണം. പനിക്കാലത്തുമാത്രം സജ്ജരാകുന്ന ആരോഗ്യസേനയല്ല നമുക്കാവശ്യം.
കഴിവുണ്ട്, പക്ഷേ…

കഴിവുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തിന്റെ പ്രധാന സവിശേഷത. ലോകനിലവാരത്തിലുള്ള ഡോക്ടര്‍മാരും നഴ്സുമാരും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കു കീഴില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ആശാവര്‍ക്കര്‍മാരും ഉള്‍പ്പെടുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍. അവരെ വേണ്ടവിധത്തില്‍ ഉപയോഗിക്കാനാകാത്തതാണ് പ്രശ്‌നം. ഏതാണ്ട് വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി പൊതു-ശിശു-മാതൃമരണനിരക്കുകള്‍ കുറച്ചുകൊണ്ടുവരാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞീട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സാലഭ്യത ഉറപ്പുവരുത്താന്‍ സഹായിച്ചിരുന്നു. സര്‍ക്കാരും പൊതു സമൂഹവും ചെലവിടുന്ന മൊത്തം തുക കണക്കിലെടുത്താല്‍ വികസിത രാജ്യങ്ങളിലേതിനേക്കാള്‍ വളരെ തുശ്ചമായ തുകയാണ് ആരോഗ്യാവശ്യങ്ങള്‍ക്കായി നാം ചെലവിടുന്നതും. കേരളത്തില്‍ ഇപ്പോള്‍ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളില്‍ മാത്രമല്ല സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും നവീന ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണ്. ഇതേസമയം ചികിത്സാചെലവ് താങ്ങാനാവാതെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കയാണെന്നാണ് ആസൂത്രണ ബോര്‍ഡിന്റെയും മറ്റും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസത്തെ ഒരു കുടക്കീഴിലാക്കാന്‍ 2010ല്‍ തൃശ്ശൂരില്‍ കേരള ആരോഗ്യ സര്‍വകലാശാല തുടങ്ങി. 282 കോളജുകള്‍ ഇതില്‍ അഫിലിയേറ്റ് ചെയ്തിട്ടുമുണ്ട്. സര്‍വകലാശാല രൂപവത്കരിച്ചസമയത്ത് ഡോ. ബി ഇക്ബാല്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുവരെയായി അങ്ങനെയൊന്നു സംഭവിച്ചിട്ടില്ല. സര്‍വകലാശാല മുന്‍കൈയെടുത്ത്, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനും നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതും നടപ്പായില്ല.

വേണ്ടത് കേവലം ഡോക്ടര്‍, ആശുപത്രി, നഴ്‌സ് അഥവാ ജീവനക്കാര്‍, മരുന്ന് എന്ന സമവാക്യത്തിനപ്പുറം ആരോഗ്യമെന്നത് വളരണം. ശുദ്ധമായ കുടിവെള്ളം, ശുദ്ധവായു,വൃത്തിയുള്ള വീട്, വൃത്തിയുള്ള പരിസരം, വൃത്തിയുള്ളതൊഴില്‍ സ്ഥലം, വൃത്തിയുള്ളസമൂഹം എന്നിവ കൂടിയാണ് നല്ല ആരോഗ്യം. ഇന്ന് നിലനില്‍ക്കുന്ന ഭൂരിഭാഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം സാമൂഹ്യ ശുചിത്വം പാലിക്കാത്ത നമ്മുടെ പ്രവൃത്തികള്‍ തന്നെയാണെന്നും, നമ്മുടെ മാലിന്യ സംസ്‌കരണ സംസ്‌കാരം മാറിയില്ലെങ്കില്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവുമെന്നും നാം മനസിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഒരു മെച്ചപ്പെട്ട ആരോഗ്യ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ മാത്രമേ പകര്‍ച്ചവ്യാധികളുടെയും പകര്‍ച്ചേതര വ്യാധികളുടെയും ആധിക്യത്തില്‍ നിന്നും നമുക്ക് രക്ഷ നേടാന്‍ സാധിക്കുകയുള്ളൂ. ഒപ്പം നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള പ്രവര്‍ത്തന സംവിധാനം ഉടച്ചു വാര്‍ക്കുകയും വേണം. ആരോഗ്യമെന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്ന് ലോകാരോഗ്യസംഘടന വിവക്ഷിക്കുന്നു. നിപ വൈറസ് ബാധ പ്രതിരോധിക്കാനും രോഗികള്‍ക്ക് ചികിത്സ നല്‍കാനും ജീവന്‍വരെ പണയപ്പെടുത്തി നിരവധി നഴ്സുമാരും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും നിസ്വാര്‍ഥസേവനം നടത്തിയതിന്റെ ഫലമായാണ് രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞത്. ഇതിനിടെ ജീവത്യാഗം ചെയ്യേണ്ടിവന്ന സഹോദരി ലിനിക്ക് നമുക്ക് കണ്ണീരില്‍കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.